മോഹന്‍ലാലും കുമ്മനവുമില്ല ; തിരുവനന്തപുരം പിടിക്കാന്‍ കരുത്തയായ ദേശീയ നേതാവ് ? ; നിര്‍മ്മല സീതാരാമന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായേക്കും

മോഹന്‍ലാല്‍, സുരേഷ്‌ഗോപി, കുമ്മനം രാജശേഖരന്‍ തുടങ്ങിയവരെ പരിഗണിക്കുന്നു എന്നായിരുന്നു നേരത്തെ ഉയര്‍ന്ന റിപ്പോര്‍ട്ടുകള്‍
മോഹന്‍ലാലും കുമ്മനവുമില്ല ; തിരുവനന്തപുരം പിടിക്കാന്‍ കരുത്തയായ ദേശീയ നേതാവ് ? ; നിര്‍മ്മല സീതാരാമന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായേക്കും

കൊച്ചി : തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം പിടിക്കാന്‍ ബിജെപി ശക്തയായ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കുന്നു. മോഹന്‍ലാല്‍, സുരേഷ്‌ഗോപി, കുമ്മനം രാജശേഖരന്‍ തുടങ്ങിയവരെ പരിഗണിക്കുന്നു എന്നായിരുന്നു നേരത്തെ ഉയര്‍ന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കോണ്‍ഗ്രസിന്റെ ശശി തരൂരിനെ നേരിടാന്‍, കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമനെ രംഗത്തിറക്കാനാണ് ബിജെപിയുടെ ആലോചന. ഈ നിര്‍ദേശം മുന്നോട്ടുവെച്ചുകൊണ്ട് ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്രനേതൃത്വത്തിന് കത്തയച്ചു. ഇക്കാര്യം ബിജെപി വൃത്തങ്ങള്‍ സമകാലികമലയാളത്തോട് സ്ഥിരീകരിച്ചു. ശബരിമല വിഷയം കത്തിനില്‍ക്കുമ്പോള്‍ കരുത്തയായ നേതാവ് തന്നെ മല്‍സരിക്കാന്‍ എത്തുന്നത്, കൂടുതല്‍ വോട്ടുകള്‍ സമാഹരിക്കാനും, വിജയസാധ്യത പതിന്മടങ്ങ് വര്‍ധിക്കാനും ഇടയാക്കുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. 

നിര്‍മ്മല സീതാരാമനെപ്പോലുള്ള ദേശീയ നേതാവ് മല്‍സരരംഗത്തിറങ്ങിയാല്‍, സംസ്ഥാനത്തെ മറ്റ് മണ്ഡലങ്ങളിലെ ബിജെപിയുടെ പ്രകടനം കൂടി കൂടുതല്‍ ശക്തിപ്പെടുമെന്നും ബിജെപി നേതൃത്വം കണക്കുകൂട്ടുന്നു. കൂടാതെ ദേശീയ നേതാക്കളുടെ സാന്നിധ്യവും, ശ്രദ്ധയും സംസ്ഥാനത്തെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ഉത്തേജിപ്പിക്കുമെന്നും നേതൃത്വം ചൂണ്ടിക്കാട്ടുന്നുണ്ട്. തമിഴ്‌നാട്ടിലെ മധുര സ്വദേശിനിയാണ് നിര്‍മ്മല. കേന്ദ്രപ്രതിരോധമന്ത്രിയായതോടെ, ഏറ്റവും സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിലെ സീനിയര്‍ മന്ത്രിതല സമിതിയിലെ അംഗവുമാണ് നിര്‍മ്മല സീതാരാമന്‍. 

തമിഴ്‌നാട് സ്വദേശിനിയായതിനാല്‍, തിരുവനന്തപുരത്തിന്റെ പ്രശ്‌നങ്ങള്‍ വ്യക്തമായി അറിയാവുന്ന ആളാണ് നിര്‍മ്മലയെന്നും നേതൃത്വം ചൂണ്ടിക്കാട്ടുന്നു. കൂടാതെ, ഓഖി ദുരന്ത വേളയില്‍ തിരുവനന്തപുരത്തെത്തിയ നിര്‍മ്മല സീതാരാമന്‍, ക്ഷുഭിതരായ ജനക്കൂട്ടത്തെ വളരെ നയപരമായി കൈകാര്യം ചെയ്തതും, ബിജെപി ഉയര്‍ത്തിക്കാട്ടുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം ജനക്കൂട്ടത്തിന്റെ രോക്ഷം ഏറ്റുവാങ്ങിയപ്പോഴായിരുന്നു നിര്‍മ്മലയുടെ നയപരമായ ഇടപെടല്‍. ഓഖി ദുരന്തവേളയില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ സാധ്യതകള്‍ മുഴുവന്‍ വിനിയോഗിക്കാനും നിര്‍മ്മല സീതാരാമന്‍ സേനാ മേധാവിമാരോട് ആവശ്യപ്പെട്ടിരുന്നു. 

സംസ്ഥാനത്ത് ബിജെപി വളരെ പ്രതീക്ഷ വെക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം. ബിജെപിക്ക് വേരോട്ടമുള്ള മണ്ഡലമാണ് തിരുവനന്തപുരം. കോര്‍പ്പറേഷനില്‍ രണ്ടാം സ്ഥാനത്തെത്തിയ ബിജെപി, നിയമസഭയിലേക്ക് നേമത്ത് നിന്നും അക്കൗണ്ട് തുറക്കുകയും ചെയ്തിരുന്നു. അസംബ്ലി തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ രണ്ടാംസ്ഥാനത്തെത്തിയ ബിജെപി, കഴക്കൂട്ടത്തും ശക്തി തെളിയിച്ചിരുന്നു. ഇപ്പോള്‍ ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരായ പ്രതിഷേധവും വോട്ടായി മാറുമെന്ന വിശ്വാസത്തിലാണ് ബിജെപി നേതൃത്വം. 

നടന്മാരായ മോഹന്‍ലാല്‍, സുരേഷ് ഗോപി, ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍, ബിജെപി നേതാക്കളായ കെ സുരേന്ദ്രന്‍, അഡ്വ. പിഎസ് ശ്രീധരന്‍പിള്ള, ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും മിസോറാം ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍ തുടങ്ങിയവരുടെ പേരുകളാണ് ആദ്യം പറഞ്ഞുകേട്ടിരുന്നത്. കോണ്‍ഗ്രസിന്റെ ശശി തരൂരാണ് നിലവിലെ എംപി. തരൂര്‍ തന്നെ വീണ്ടും യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന. ഇടതുപക്ഷത്ത് സിപിഐയുടെ മണ്ഡലമാണ് തിരുവനന്തപുരം. ഇവിടേക്ക് പന്ന്യന്‍ രവീന്ദ്രന്‍ അടക്കമുള്ള പാര്‍ട്ടി നേതാക്കള്‍ക്ക് പുറമെ, പൊതുസമ്മതരെയും എല്‍ഡിഎഫ് പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com