യഥാര്‍ത്ഥ സംഘി പിണറായി വിജയന്‍; കോടിയേരിക്ക് മറുപടിയുമായി എന്‍കെ പ്രേമചന്ദ്രന്‍

പ്രധാനമന്ത്രിക്ക് വേണ്ടി കൊച്ചി മെട്രോയുടെ ഉദ്ഘാടനം ആറ് മാസം വൈകിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനാണ് യഥാര്‍ത്ഥ സംഘി
യഥാര്‍ത്ഥ സംഘി പിണറായി വിജയന്‍; കോടിയേരിക്ക് മറുപടിയുമായി എന്‍കെ പ്രേമചന്ദ്രന്‍

കൊല്ലം: തനിക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണത്തിന് മറുപടിയുമായി എന്‍കെ പ്രേമചന്ദ്രന്‍ എംപി. താനല്ല സംഘിയെന്നും പ്രധാനമന്ത്രിക്ക് വേണ്ടി കൊച്ചി മെട്രോയുടെ ഉദ്ഘാടനം ആറ് മാസം വൈകിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനാണ് യഥാര്‍ത്ഥ സംഘിയെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

44 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഒരു പ്രോജക്ട്  പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതിന്റെ പേരില്‍ താന്‍ സംഘിയായെങ്കില്‍ പ്രധാനമന്ത്രിക്ക് വേണ്ടി കൊച്ചി മെട്രോയുടെ ഉദ്ഘാടന തീയതി മൂന്ന് തവണ മാറ്റിവെച്ച പിണറായി വിജയനാണ് യാഥാര്‍ത്ഥ സംഘി. മുഖ്യമന്ത്രിയാണോ സംഘി ഞാനാണോ സംഘിയെന്ന് കോടിയേരി പറയണമെന്നും അദ്ദേഹം പറഞ്ഞു.കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനത്തിനായി ഞാന്‍ പ്രധാനമന്ത്രിയെ ക്ഷണിച്ചിട്ടില്ല. ബിജെപി നേതാക്കളാണ് പ്രധാനമന്ത്രിയെ ഉദ്ഘാടനത്തിനെത്തിച്ചത്. കൊല്ലം ബൈപ്പാസിന്റെ പേരില്‍ സിപിഎം രാഷ്ട്രീയം കളിക്കുകയാണെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

ആലപ്പാട്ടെ കരിമണല്‍ ഖനനം പൂര്‍ണ്ണമായും നിര്‍ത്തണമെന്ന സംയുക്ത സമരസമിതിയുടെ ആവശ്യം അംഗീകരിക്കാനാവില്ല. ഇത് പൊതുമേഖലാ സ്ഥാപനങ്ങളുടെ തകര്‍ച്ചയ്ക്ക് വഴിവെക്കും. സമരസമിതിയുടെ ആവശ്യത്തോട് യോജിക്കാനാവില്ല. ഈ നിലപാട് മൂലം തിരഞ്ഞെടുപ്പിലുണ്ടാകുന്ന രാഷ്ട്രീയ നേട്ടവും കോട്ടവും സഹിക്കുകയേ നിവൃത്തിയുള്ളൂ  പ്രേമചന്ദ്രന്‍ പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com