നിര്‍മ്മല സീതാരാമനെ എതിരിടാന്‍ സിപിഐ ആനി രാജയെ ഇറക്കുന്നു?; തിരുവനന്തപുരത്ത് മത്സരിച്ചേക്കും

നിര്‍മ്മല സീതാരാമനെ എതിരിടാന്‍ സിപിഐ ആനി രാജയെ ഇറക്കുന്നു?; തിരുവനന്തപുരത്ത് മത്സരിച്ചേക്കും

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്ന് സിപിഐയുടെ ദേശീയ നേതാവ് ആനി രാജ മത്സരിക്കുമെന്ന് സൂചനകള്‍

തിരുവനന്തപുരം: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്ന് സിപിഐയുടെ ദേശീയ നേതാവ് ആനി രാജ മത്സരിക്കുമെന്ന് സൂചനകള്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ശശി തരൂര്‍ തന്നെ മത്സരിക്കുമെന്നിരിക്കെ,  സംസ്ഥാന നേതാക്കളെ മാറ്റി നിര്‍ത്തി ദേശീയ നേതാവിനെ തന്നെ രംഗത്തിറക്കി സീറ്റ് തിരിച്ചു പിടിക്കാനാണ് സിപിഐയുടെ ശ്രമമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍  സൂചിപ്പിച്ചു. 

തിരുവനന്തപുരത്ത് നിന്ന് മത്സരിക്കാന്‍ പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനെ രംഗത്തിറക്കാന്‍ ബിജെപി ഉദ്ദേശിക്കുന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് സിപിഐ ക്യാമ്പുകളില്‍ നിന്ന് ആനി രാജയുടെ സ്ഥാനാര്‍ത്ഥിത്വ വിവരങ്ങളും പുറത്തുവരുന്നത്. നിര്‍മ്മല സീതാരാമന്‍ മത്സരിക്കുകയാണെങ്കില്‍ എതിരിടാന്‍ എന്തുകൊണ്ടും ഉത്തമം ആനി രാജയാണ് എന്നാണ് പാര്‍ട്ടി നേതൃത്വം കണക്കുകൂട്ടുന്നത്.  

സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, ജില്ലാ സെക്രട്ടറി ജിആര്‍ അനില്‍ എന്നിവരുടെ പേരുകളും ഉയര്‍ന്നുവന്നെങ്കിലും ആനി രാജയെ രംഗത്തിറക്കാനാണ് പാര്‍ട്ടി നേതൃത്വത്തിന് കൂടുതല്‍ ആഗ്രഹം എന്നറിയുന്നു. സംസ്ഥാന കൗണ്‍സില്‍ അംഗം വിപി ഉണ്ണികൃഷ്ണനെ മത്സരിപ്പിക്കാന്‍ ഒരുവിഭാഗം ശ്രമിക്കുന്നുണ്ടെങ്കിലും അദ്ദേഹം മത്സരിക്കാന്‍ തയ്യാറായിട്ടില്ല. ഇത് നടന്നില്ലെങ്കില്‍ ജനതാദള്‍ എസിന് സീറ്റ് നല്‍കി പകരം കോട്ടയത്തേക്ക് മാറാനും സിപിഐ ആലോചിക്കുന്നുണ്ട്. ജനതാള്‍ എസ് ദേശീയ വൈസ് പ്രസിഡന്റ് നീലലോഹിത ദാസന്‍ നാടാരെ മത്സരിപ്പിക്കാനും എല്‍ഡിഎഫില്‍ ആലോചനകളുണ്ട്. 

നിര്‍മ്മല സീതാരാമനെ രംഗത്തിറക്കണം എന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്രനേതൃത്വത്തിന് കത്തയച്ചു. ഇക്കാര്യം ബിജെപി വൃത്തങ്ങള്‍ സ്ഥിരീകരിച്ചിരുന്നു. നിര്‍മ്മല സീതാരാമനെപ്പോലുള്ള ദേശീയ നേതാവ് മല്‍സരരംഗത്തിറങ്ങിയാല്‍, സംസ്ഥാനത്തെ മറ്റ് മണ്ഡലങ്ങളിലെ ബിജെപിയുടെ പ്രകടനം കൂടി കൂടുതല്‍ ശക്തിപ്പെടുമെന്നും ബിജെപി നേതൃത്വം കണക്കുകൂട്ടുന്നു. ഈ സാഹചര്യത്തിലാണ് ശക്തമായ ത്രികോണ മത്സരം കാഴ്ചവയ്ക്കാന്‍ ആനി രാജയെ രംഗത്തിറക്കാന്‍ സിപിഐ ആലോചിക്കുന്നത്. പെയ്‌ന്റെ് സീറ്റ് വിവാദത്തില്‍ നഷ്ടപ്പെട്ട പ്രതിച്ഛായ ആനി രാജയിലൂടെ തിരികെപ്പിടിക്കാമെന്നാണ് പാര്‍ട്ടി നേതൃത്വം കണക്കുകൂട്ടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com