ഹൗസ്‌ബോട്ട് ഇടിച്ച് വഞ്ചി മറിഞ്ഞു; മുങ്ങിപ്പോയ അമ്മൂമ്മയുടെ കൈപിടിച്ച് ആറാം ക്ലാസുകാരന്‍ നീന്തിയത് ജീവിതത്തിലേക്ക്

ഒരാഴ്ച മുന്‍പ് മരിച്ച ഭര്‍ത്താവിന്റെ കുഴിമാടത്തില്‍ പ്രാര്‍ത്ഥിക്കാന്‍ പോകുന്ന വഴിയാണ് അമ്മൂമ്മയും പേരക്കുട്ടിയും അപകടത്തില്‍പ്പെട്ടത്
ഹൗസ്‌ബോട്ട് ഇടിച്ച് വഞ്ചി മറിഞ്ഞു; മുങ്ങിപ്പോയ അമ്മൂമ്മയുടെ കൈപിടിച്ച് ആറാം ക്ലാസുകാരന്‍ നീന്തിയത് ജീവിതത്തിലേക്ക്


ആലപ്പുഴ; ഹൗസ്‌ബോട്ട് മുട്ടി വഞ്ചി മറിഞ്ഞ് ആറ്റില്‍ വീണ അമ്മൂമ്മയെ രക്ഷിച്ച് ആറാം ക്ലാസുകാരന്‍. ആലപ്പുഴ കരിച്ചിറ സ്വദേശിയായ അറുപതുകാരി മറിയാമ്മയെയാണ് പേരക്കുട്ടി റോജിന്‍ ജീവിതത്തിലേക്ക് പിടിച്ചു കയറ്റിയത്. കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. ഒരാഴ്ച മുന്‍പ് മരിച്ച ഭര്‍ത്താവിന്റെ കുഴിമാടത്തില്‍ പ്രാര്‍ത്ഥിക്കാന്‍ പോകുന്ന വഴിയാണ് അമ്മൂമ്മയും പേരക്കുട്ടിയും അപകടത്തില്‍പ്പെട്ടത്. എന്നാല്‍ പതിനൊന്നു കാരന്റെ നിശ്ചയദാര്‍ഢ്യം അമ്മൂമ്മയ്ക്ക് തുണയാവുകയായിരുന്നു. 

പൂക്കൈതയാറിന്റെ അക്കരെ ചെമ്പുംപുറം നര്‍ബോനപുരം പള്ളിയിലേക്കായിരുന്നു യാത്ര. സംസ്‌കാരം കഴിഞ്ഞതു മുതല്‍ എന്നും റോജിനൊപ്പമാണു മറിയാമ്മ കുഴിമാടത്തിലെ പ്രാര്‍ഥനയ്ക്കു പോയിരുന്നത്. വഞ്ചിയിലായിരുന്നു യാത്ര. പതിവുപോലെ ഇന്നലെ രാവിലെ 6.45 ഇരുവരും പള്ളിയിലേക്ക് പുറപ്പെട്ടു. അല്‍പദൂരം തുഴഞ്ഞപ്പോള്‍  അമിതവേഗത്തിലെത്തിയ ഒരു ഹൗസ്‌ബോട്ട് വഞ്ചിയില്‍ ഇടിക്കുകയായിരുന്നു. 

ഹൗസ്‌ബോട്ട് നിര്‍ത്താതെ പോയി. ഇരുവര്‍ക്കും നീന്തല്‍ അറിയാമായിരുന്നെങ്കിലും മറിയാമ്മയുടെ കാലുകളില്‍ സാരി കുരുങ്ങിയതോടെ വെള്ളത്തിലേക്ക് മുങ്ങിപ്പോകാന്‍ തുടങ്ങി. അതുകണ്ട റോജിന്‍ ഒരു കൈകൊണ്ട് അമ്മൂമ്മയുടെ കൈയില്‍ പിടിച്ച് കരയിലേക്കു നീന്തുകയായിരുന്നു. കരയിലെത്തിയ ശേഷം വീട്ടിലേക്കു മടങ്ങിയ ഇരുവരും വസ്ത്രം മാറി അതേ വള്ളത്തില്‍ വീണ്ടും പള്ളിയിലേക്കു പുറപ്പെട്ടു.

'എനിക്കു നീന്തി രക്ഷപ്പെടാം. അമ്മൂമ്മയെക്കൂടി കരയ്‌ക്കെത്തിക്കണമെന്നായിരുന്നു ആഗ്രഹം' റോജിന്‍ പറഞ്ഞു. പുന്നപ്ര തെക്ക് പുത്തന്‍പുരക്കല്‍ റോബര്‍ട്ടിന്റെ മകനാണു റോജിന്‍. റോജിന്റെ മാതാവ് ജിന്‍സിയുടെ അമ്മയാണു മറിയാമ്മ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com