പിറവം പള്ളിക്കേസില്‍ ജഡ്ജിമാരുടെ പിന്മാറ്റം തുടരുന്നു ; കേസ് പരിഗണിക്കുന്നതില്‍ നിന്നും നാലാമത്തെ ബെഞ്ചും പിന്മാറി

ജസ്റ്റിസുമാരായ കെ. ഹരിലാല്‍, ആനിജോണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കാരണം വ്യക്തമാക്കാതെയാണ് ബെഞ്ചിന്റെ പിന്മാറ്റം
പിറവം പള്ളിക്കേസില്‍ ജഡ്ജിമാരുടെ പിന്മാറ്റം തുടരുന്നു ; കേസ് പരിഗണിക്കുന്നതില്‍ നിന്നും നാലാമത്തെ ബെഞ്ചും പിന്മാറി

കൊച്ചി : പിറവം പള്ളിക്കേസ് പരിഗണിക്കുന്നതില്‍ നിന്നും ഹൈക്കോടതിയിലെ നാലാമത്തെ ബെഞ്ചും പിന്മാറി. ജസ്റ്റിസുമാരായ കെ. ഹരിലാല്‍, ആനിജോണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് കേള്‍ക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ കേസ് കേള്‍ക്കുന്നതില്‍ നിന്നും പിന്മാറുകയാണെന്ന് ജസ്റ്റിസ് ആനി ജോണ്‍ അറിയിക്കുകയായിരുന്നു. കാരണം വ്യക്തമാക്കാതെയാണ് ബെഞ്ചിന്റെ പിന്മാറ്റം. 

പിറവം സെന്റ് മേരീസ് പള്ളിക്കേസിലെ സുപ്രീം കോടതിയുടെ വിധി നടപ്പാക്കണമെന്ന ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെയും പ്രശ്‌നങ്ങള്‍ സമാധാനപരമായി പരിഹരിക്കണമെന്ന യാക്കോബായ വിഭാഗത്തിന്റെയും ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിക്കുന്നത്.

ജസ്റ്റിസ് പി.ആര്‍. രാമചന്ദ്ര മേനോന്‍, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിലാണ് ഹര്‍ജികള്‍ ആദ്യമെത്തിയത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിഭാഷകനായിരിക്കെ പള്ളിക്കേസില്‍ ഹാജരായിട്ടുണ്ടെന്നു കേസില്‍ കക്ഷി ചേരാനെത്തിയ ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാണിച്ചതോടെ 2018 ഡിസംബര്‍ 11 ന് ഈ ബെഞ്ച് പിന്മാറി. തുടര്‍ന്നു ഹര്‍ജികള്‍ ജസ്റ്റിസ് വി. ചിദംബരേഷ്, ജസ്റ്റിസ് ആര്‍. നാരായണ പിഷാരടി എന്നിവരുള്‍പ്പെട്ട ബെഞ്ചില്‍ വന്നു. 

ജസ്റ്റിസ് ചിദംബരേഷ് അഭിഭാഷകനായിരിക്കെ പള്ളിക്കേസില്‍ ഹാജരായിട്ടുണ്ടെന്നു കക്ഷികള്‍ വ്യക്തമാക്കിയതോടെ ഡിസംബര്‍ 21 ന് ഈ ബെഞ്ചും പിന്മാറി.തുടര്‍ന്നാണു ജസ്റ്റിസ് സി.കെ. അബ്ദുല്‍ റഹീം, ജസ്റ്റിസ് ടി.വി. അനില്‍കുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെ പരിഗണനയ്ക്ക് ഹര്‍ജികള്‍ എത്തിയത്. എന്നാല്‍ ഈ ബെഞ്ചും കേസ് പരിഗണിക്കുന്നതില്‍ നിന്നും പിന്മാറുകയായിരുന്നു. 

ഇതോടെ കേസ് പരിഗണിക്കുന്നതില്‍ പുതിയ ബെഞ്ച് ചീഫ് ജസ്റ്റീസ് രൂപീകരിക്കേണ്ടി വരും.  അതേസമയം പിറവം കേസ് പരിഗണിക്കാന്‍ തയ്യാറുള്ള ജഡ്ജിമാരുണ്ടോ എന്ന് ഹൈക്കോടതി രജ്‌സ്ട്രി അന്വേഷിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. അഭിഭാഷകരായിരിക്കെ പിറവം പള്ളിക്കേസില്‍ ഇടപെടാത്ത ജഡ്ജിമാരെക്കൊണ്ട് കേസ് കേള്‍ക്കാന്‍ സാധ്യതയാകും രജിസ്ട്രി പരിഗണിക്കുക എന്നാണ് സൂചന. 


മലങ്കര സഭയിലെ പുരാതന പള്ളികളിലൊന്നാണ് പിറവം സെയ്ന്റ് മേരീസ് പള്ളി. സഭാസ്വത്തുക്കള്‍ സംബന്ധിച്ച് യാക്കോബായ - ഓര്‍ത്തഡോക്‌സ് തര്‍ക്കമാണ് പ്രശ്‌നങ്ങളുടെ തുടക്കം. 2018 ഏപ്രില്‍ 18ന് പിറവം പള്ളി അവകാശം സംബന്ധിച്ച് ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായി സുപ്രിംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ഇതുവരെയായും വിധി നടപ്പാക്കിയില്ല. കോടതിവിധിയെത്തുടര്‍ന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയില്‍ പ്രവേശിക്കുന്നതിനും ആരാധന നടത്തുന്നതിനും പലവട്ടം ശ്രമം നടത്തിയെങ്കിലും യാക്കോബായ വിഭാഗം ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് വിധി നടപ്പാക്കാന്‍ വൈകിയത്.

സുപ്രിംകോടതി വിധി നടപ്പാക്കാന്‍ ബാധ്യസ്ഥരാണെങ്കിലും ചില പ്രത്യേക സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഒന്നും ചെയ്യാതിരിക്കുന്നതെന്ന് അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. പൊലീസിന്റെ ഇടപെടല്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാകും. ആത്മാഹുതിക്കും ക്രമസമാധാനനില തകരാനും സാധ്യതയുണ്ട്. ഇതൊഴിവാക്കാന്‍ കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിന് സര്‍ക്കാര്‍ ശ്രമിക്കുന്നതായും അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. സുപ്രിംകോടതി വിധിയുണ്ടായിട്ടും ഒത്തുതീര്‍പ്പിന് ശ്രമിക്കുകയാണെന്ന് പറയുന്നത് എന്ത് നിയമാധികാരത്തിലാണെന്ന് കോടതി ചോദിച്ചു. സുപ്രിംകോടതി ഉത്തരവ് നിലനില്‍ക്കെ, എതിര്‍ചേരികളുടെ അനുമതിയോടെ ഉത്തരവ് നടപ്പാക്കാന്‍ സാവകാശം തേടാന്‍ എങ്ങനെ സാധിക്കുമെന്നും കോടതി ചോദിച്ചു. 

വന്‍തോതില്‍ പൊലീസിനെ വിന്യസിച്ച് മറ്റുചില കേസുകളില്‍ ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. നിരോധനാജ്ഞവരെ പ്രഖ്യാപിച്ചു. 200-400 പേര്‍ മാത്രം ഉള്‍പ്പെട്ട കാര്യത്തില്‍ കോടതി ഉത്തരവ് പാലിക്കുന്നതില്‍ നിന്ന് എന്തുകൊണ്ട് ഒഴിഞ്ഞുമാറുന്നുവെന്നും ശബരിമലയിലെ പൊലീസ് നടപടിയെ പരോക്ഷമായി പരാമര്‍ശിച്ച് കോടതി ആരാഞ്ഞു. കോടതി ഉത്തരവുകള്‍ നടപ്പാക്കാന്‍ ബാധ്യസ്ഥരാണെന്ന് അറിഞ്ഞിട്ടും അത് നടപ്പാക്കാനാകുന്നില്ലെന്ന നിസ്സഹായാവസ്ഥ പൊലീസിന് എങ്ങനെ സ്വീകരിക്കാനാകുമെന്നും ഹൈക്കോടതി ചോദിച്ചിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com