പ്രളയത്തിൽ ഒന്നിച്ച കേരളത്തെ സിപിഎമ്മും ബിജെപിയും വിഭജിക്കുന്നു; രൂക്ഷ വിമർശനവുമായി രാഹുൽ

സ്വന്തം പാർട്ടിക്കാരുടെ ഉന്നമനം മാത്രമാണ് കേരളത്തിലെ പിണറായി സർക്കാരിന്റെ ലക്ഷ്യം. അവർക്ക് സഹായങ്ങൾ ഒരുക്കിക്കൊടുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്
പ്രളയത്തിൽ ഒന്നിച്ച കേരളത്തെ സിപിഎമ്മും ബിജെപിയും വിഭജിക്കുന്നു; രൂക്ഷ വിമർശനവുമായി രാഹുൽ

കൊച്ചി: പ്രളയമെന്ന വിപത്തിനെ ഒറ്റക്കെട്ടായി നേരിട്ട കേരളത്തെ സിപിഎമ്മും ബിജെപിയും ചേർന്ന് വിഭജിക്കുകയാണെന്ന് കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധി. കൊച്ചിയിൽ കോൺ​ഗ്രസ് പ്രവർത്തരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് രാഹുലിന്റെ വിമർശം. 

മനുഷ്യനിർമ്മിത പ്രളയമാണ് കേരളത്തിന് നേരിടേണ്ടി വന്നത്. ലോകം മുഴുവൻ കണ്ടതാണ് കേരളം ആ പ്രളയത്തെ എങ്ങനെയാണ് നേരിട്ടതെന്ന്. കേരളം മുഴുവൻ ഒരുമിച്ചു നിന്നു. ലോകത്തിലെമ്പാടുമുള്ള മലയാളികൾ ഇക്കാര്യത്തിൽ ഒരുമിച്ചു നിന്നു. പ്രവാസികളായ മലയാളികൾ കേരളത്തിന് സഹായമെത്തിച്ചതായും രാഹുൽ പറഞ്ഞു. 

സംസ്ഥാന സർക്കാർ കേരളത്തെ പുനർനിർമിക്കുമെന്നായിരുന്നു എല്ലാവരുടേയും പ്രതീക്ഷ. ജനതയുടെ വികാരം അവർ മനസിലാക്കും എന്നാണ് കരുതിയത്. നിങ്ങളുടെ ദുരിതങ്ങൾ മനസിലാക്കുമെന്നും നിങ്ങൾക്കൊപ്പം നിൽക്കുമെന്നും പ്രതീക്ഷിച്ചു. എന്നാൽ സർക്കാർ ഒന്നും ചെയ്തില്ല. സ്വന്തം പാർട്ടിക്കാരുടെ ഉന്നമനം മാത്രമാണ് കേരളത്തിലെ പിണറായി സർക്കാരിന്റെ ലക്ഷ്യം. അവർക്ക് സഹായങ്ങൾ ഒരുക്കിക്കൊടുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. 

കേരളത്തിന്റെ പുനർനിർമാണത്തിന് പുതിയ ദ​ർശനമാണ് വേണ്ടത്. സിപിഎമ്മും ബിജെപിയും കേരളത്തെ വിഭജിക്കാനാണ് ശ്രമിക്കുന്നത്.  നിരന്തരം അക്രമങ്ങൾ സൃഷ്ടിക്കുകയാണവർ. സ്ത്രീകളുടേയും കുട്ടികളുടേയും സംരക്ഷണമടക്കമുള്ളവയെ സർക്കാർ വിസ്മരിച്ചു. കോൺ​ഗ്രസ് പാർട്ടി സ്ത്രീകളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നു. ഒപ്പം തന്നെ കേരളത്തിന്റെ പാരമ്പര്യത്തേയും സംസ്കാരത്തേയും ബഹുമാനിക്കുന്നതായും രാഹുൽ കൂട്ടിച്ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com