രാഹുൽ​ഗാന്ധി കൊച്ചിയിലെത്തി ; യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച വൈകീട്ട്

വൈകിട്ട് മൂന്നിന് മറൈൻ ഡ്രൈവിൽ ചേരുന്ന സമ്മേളനം തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് നാന്ദി കുറിക്കുന്ന വേദിയായി മാറും
രാഹുൽ​ഗാന്ധി കൊച്ചിയിലെത്തി ; യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച വൈകീട്ട്

കൊച്ചി:  ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് മുന്നോടിയായി കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ​ഗാന്ധി കൊച്ചിയിലെത്തി. കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കമുള്ള നേതാക്കൾ രാഹുലിനെ സ്വീകരിച്ചു. വിമാനത്താവളത്തിൽ നിന്നും രാഹുൽ നേരെ  അന്തരിച്ച എം.ഐ. ഷാനവാസിന്റെ ബന്ധുക്കളെ സന്ദർശിക്കും. തുടർന്ന് എറണാകുളം മറൈൻഡ്രൈവിൽ നടക്കുന്ന കോൺ​ഗ്രസ് ബൂത്തുതല ഭാരവാഹികളുടെ യോ​ഗത്തിൽ പങ്കെടുക്കും. 

വൈകിട്ട് മൂന്നിന് മറൈൻ ഡ്രൈവിൽ ചേരുന്ന സമ്മേളനം തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് നാന്ദി കുറിക്കുന്ന വേദിയായി മാറും. ബൂത്ത് പ്രസിഡന്റുമാരും വനിതാ വൈസ് പ്രസിഡന്റുമാരും കെപിസിസി, ഡിസിസി ഭാരവാഹികളും പങ്കെടുക്കുന്ന സമ്മേളനത്തിൽ പ്രസംഗിക്കും. സമ്മേളനത്തിൽ 50,000 പ്രതിനിധികൾ പങ്കെടുക്കുമെന്നാണു വിലയിരുത്തൽ. 

4.30നു ​ഗസ്റ്റ് ഹൗസിൽ കോൺഗ്രസ്, യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടക്കും. ഒരു മണിക്കൂർ നീളുന്ന കൂടിക്കാഴ്ച മുന്നണിയിലെ കക്ഷികൾ തമ്മിലുള്ള ഇഴയടുപ്പവും സ്വന്തം കരുത്തിലുള്ള ആത്മവിശ്വാസവും വർധിപ്പിക്കാൻ ഉതകുമെന്നാണു കോൺഗ്രസ് നേതാക്കളുടെ പ്രതീക്ഷ.  

കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ അധ്യക്ഷത വഹിക്കും. കോൺഗ്രസ് പ്രവർത്തക സമിതി അംഗം എകെ ആൻറണി, എഐസിസി ജനറൽ സെക്രട്ടറിമാരായ മുകുൾ വാസ്നിക്, ഉമ്മൻ ചാണ്ടി, ‌കെസി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരും സംബന്ധിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com