സിപിഎമ്മില്‍ ലയിക്കുന്നതിനെതിരെ എം വി രാഘവന്റെ മകന്‍ ; സിഎംപി വീണ്ടും പിളര്‍ന്നു

സിപിഎമ്മില്‍ ലയിക്കാനുള്ള അരവിന്ദാക്ഷന്‍ വിഭാഗത്തിന്റെ നീക്കത്തെ എതിര്‍ത്ത് എംവിആറിന്റെ മകന്‍ എംവി രാജേഷ് രംഗത്തെത്തുകയായിരുന്നു 
സിപിഎമ്മില്‍ ലയിക്കുന്നതിനെതിരെ എം വി രാഘവന്റെ മകന്‍ ; സിഎംപി വീണ്ടും പിളര്‍ന്നു

കണ്ണൂര്‍ : സിപിഎം വിട്ട് എംവി രാഘവന്‍ രൂപം നല്‍കിയ രാഷ്ട്രീയപാര്‍ട്ടിയായ സിഎംപി വീണ്ടും പിളര്‍ന്നു. സിഎംപി അരവിന്ദാക്ഷന്‍ വിഭാഗമാണ് പിളര്‍ന്നത്. സിപിഎമ്മില്‍ ലയിക്കണോ, ഇടതുപക്ഷവുമായി സഹകരിച്ച് പ്രവര്‍ത്തിക്കണോ എന്ന തര്‍ക്കമാണ് പിളര്‍പ്പില്‍ കലാശിച്ചത്. 

സിപിഎമ്മില്‍ ലയിക്കാനുള്ള അരവിന്ദാക്ഷന്‍ വിഭാഗത്തിന്റെ നീക്കത്തെ എതിര്‍ത്ത് എംവിആറിന്റെ മകന്‍ എംവി രാജേഷ് രംഗത്തെത്തുകയായിരുന്നു.
ഇടതുപക്ഷവുമായി സഹകരിച്ചാല്‍ മതി. അത് രാഷ്ട്രീയ ലൈനാണ്. എന്നാല്‍ സിപിഎമ്മില്‍ ലയിക്കുക എന്നത് കീഴടങ്ങലാണെന്ന് എംവി രാജേഷ് പറഞ്ഞു. 

ലയനനീക്കത്തെ എതിര്‍ത്ത് രാജേഷിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പുതിയ കമ്മിറ്റി രൂപീകരിച്ചു. 45 അംഗ സെന്‍ട്രല്‍ കൗണ്‍സിലിനെയും, 25 അംഗ സെന്‍ട്രല്‍ എക്‌സിക്യൂട്ടീവിനെയും തെരഞ്ഞെടുത്തു. എംവി രാജേഷാണ് പുതിയ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി. 

ഫെബ്രുവരി മൂന്നിന് സിപിഎമ്മില്‍ ലയിക്കുന്നത് ചില വ്യക്തികള്‍ മാത്രമാണ്. പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്യാതെ ലയനം നിയമപരമായി നടപ്പില്ലെന്നും എംവി രാജേഷ് പറഞ്ഞു. എംവി രാജേഷ് വിഭാഗം പ്രത്യേക കമ്മിറ്റി രൂപീകരിച്ചതോടെ, സിഎംപി ഫലത്തില്‍ മൂന്നായി. 

2014 ലാണ് സിഎംപി ആദ്യമായി പിളരുന്നത്. സിപി ജോണ്‍ വിഭാഗവും അരവിന്ദാക്ഷന്‍ വിഭാഗവുമായി മാറി. എംവി രാഘവന് രോഗം മൂര്‍ച്ഛിച്ചതോടെ, ആര് സെക്രട്ടറിയാകുമെന്ന തര്‍ക്കമാണ് പിളര്‍പ്പിലേക്ക് എത്തിച്ചത്. സിപി ജോണ്‍ വിഭാഗം ഇപ്പോഴും യുഡിഎഫിലാണ്. അതേസമയം അരവിന്ദാക്ഷന്‍ മരിച്ചതോടെ, എംകെ കണ്ണനാണ് ഈ വിഭാഗത്തിന്റെ ജനറല്‍ സെക്രട്ടറി. 

അതേസമയം പാര്‍ട്ടി പിളര്‍ന്നെന്ന റിപ്പോര്‍ട്ട് എംകെ കണ്ണന്‍ നിഷേധിച്ചു. മൂന്നുനാലുപേര്‍ ചേര്‍ന്ന് ഒപ്പിട്ടാല്‍ പാര്‍ട്ടിയാവില്ല. എംവി രാജേഷിനെ നേരത്തെ തന്നെ പാര്‍ട്ടി പുറത്താക്കിയതാണ്. ആരാണ് അയാളെ ജനറല്‍ സെക്രട്ടറിയാക്കിയത്. ലയന സമ്മേളനം ഫെബ്രുവരി മൂന്നിന് തന്നെ നടക്കുമെന്നും എംകെ കണ്ണന്‍ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com