17 കാരിക്ക് പീഡനം : കോൺഗ്രസ് നേതാവിനെ സസ്പെൻഡ് ചെയ്തു
By സമകാലിക മലയാളം ഡെസ്‌ക് | Published: 30th January 2019 10:56 AM |
Last Updated: 30th January 2019 10:56 AM | A+A A- |
തിരുവനന്തപുരം : ആദിവാസിപ്പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ കോണ്‍ഗ്രസ് നേതാവിനെ സസ്‌പെന്‍ഡ് ചെയ്തു. വയനാട് ഡിസിസി അംഗം ഒ എം ജോര്‍ജിനെ അന്വേഷണ വിധേയമായി പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. കുറ്റവാളികള്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞു.
17 വയസ്സുകാരിയെ ഒന്നര വർഷക്കാലം പീഡിപ്പിച്ചതായാണ് ഡിസിസി മുൻ ജനറൽ സെക്രട്ടറിയും ബത്തേരി പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ഒ എം ജോര്‍ജിനെതിരെയുള്ള പരാതി. കേസിൽ ഇയാൾക്കെതിരെ പോക്സോ ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതി ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. നിലവിൽ ബത്തേരി സഹകരണ ബാങ്ക് വൈസ് ചെയർമാൻ ആണ്. കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ച കോൺഗ്രസ് നേതാവിനെതിരെയും അന്വേഷണം നടക്കുകയാണ്.
ഒരാഴ്ച മുമ്പ് പെണ്‍കുട്ടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി എടുത്തത്. പോക്സോയ്ക്കു പുറമെ മാനഭംഗം, പട്ടികവർഗക്കാർക്കെതിരായ അതിക്രമം തടയൽ വകുപ്പുകൾ പ്രകാരവും കേസ് ഉണ്ട്. വീട്ടിൽ ജോലിക്കു നിൽക്കുകയായിരുന്ന സ്ത്രീയുടെ മകളെയാണ് ഒ എം ജോർജ് പീഡിപ്പിച്ചിരുന്നത്. പണം നൽകി കേസ് ഒതുക്കിതീർക്കാൻ ജോർജ് ശ്രമിച്ചതായി പെൺകുട്ടിയുടെ മാതാപിതാക്കൾ അറിയിച്ചിരുന്നു.