ബജറ്റ് നാളെ; നവകേരള നിര്‍മിതിക്ക് പ്രളയ സെസ്; നിത്യോപയോഗ സാധനങ്ങളുടെ വില കൂടിയേക്കില്ല

പുനഃര്‍നിര്‍മാണ പദ്ധതികളുടെ ഭാഗമായി ഉത്പന്നങ്ങളുടെ നികുതി ഒരുശതമാനം കൂട്ടിയേക്കും
ബജറ്റ് നാളെ; നവകേരള നിര്‍മിതിക്ക് പ്രളയ സെസ്; നിത്യോപയോഗ സാധനങ്ങളുടെ വില കൂടിയേക്കില്ല

തിരുവനന്തപുരം; എല്‍ഡിഎഫ് സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റ് നാളെ അവതരിപ്പിക്കും. പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കേരളത്തെ പുനഃര്‍നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് പദ്ധതികള്‍ക്ക് വ്യക്തമായ രൂപം നല്‍കിക്കൊണ്ടുള്ള സംസ്ഥാന ബജറ്റ് വരുന്നത്. പുനഃര്‍നാര്‍മാണത്തിനാണ് ബജറ്റില്‍ ഊന്നല്‍ നല്‍കുക. എന്നാല്‍ നിത്യോപയോഗ സാധനങ്ങളുടെ വില ഉയരില്ല എന്നാണ് കണക്കുകൂട്ടുന്നത്. 

പുനഃര്‍നിര്‍മാണ പദ്ധതികളുടെ ഭാഗമായി ഉത്പന്നങ്ങളുടെ നികുതി ഒരുശതമാനം കൂട്ടിയേക്കും. എന്നാല്‍, ജിഎസ്ടിയില്‍ അഞ്ചുശതമാനം നിരക്ക് ബാധകമായ ഉത്പന്നങ്ങള്‍ക്ക് ഈ വര്‍ധന ബാധമാക്കില്ല. അതിനാല്‍ നിത്യോപയോഗ സാധനങ്ങളുടെ വില കൂടില്ല. അതേസമയം ഒരു ശതമാനം അധികം നികുതി നല്‍കേണ്ടിവരുന്നതിനാല്‍ മറ്റ് സാധനങ്ങളുടെ വില കൂടും. ഏതൊക്കെ ഉത്പന്നങ്ങള്‍ക്ക് സെസ് ബാധകമാകുമെന്ന് ബജറ്റില്‍ പ്രഖ്യാപിക്കും.

നവകേരള നിര്‍മിതിക്ക് ഊന്നല്‍ നല്‍കുന്ന ബജറ്റില്‍ പുനര്‍നിര്‍മാണത്തിന് തുക കണ്ടെത്താന്‍ പ്രളയ സെസ് പ്രഖ്യാപിക്കും. ശബരിമല വിവാദത്തെത്തുടര്‍ന്ന് വരുമാനം കുത്തനെ കുറഞ്ഞ പശ്ചാത്തലത്തില്‍ തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിനായി പ്രത്യേക സഹായവും പ്രഖ്യാപിച്ചേക്കും.

തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ക്ഷേമപെന്‍ഷന്‍ കൂട്ടുന്നത് ഉള്‍പ്പെടെയുള്ള ജനക്ഷേമ പരിപാടികള്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. എന്നാല്‍, സാമ്പത്തിക ഞെരുക്കം കാരണം ഇവ സാധ്യമാകുമോ എന്ന ആശങ്കയുണ്ട്. പ്രധാനമന്ത്രിയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരത് പരിഷ്‌കരിച്ച് 45 ലക്ഷം കുടുംബങ്ങള്‍ക്ക് ആനുകൂല്യം കിട്ടുന്ന പദ്ധതി ബജറ്റില്‍ പ്രഖ്യാപിക്കും. കാരുണ്യ ആരോഗ്യസംരക്ഷണ പദ്ധതി എന്ന പേരിലാണിത്. വര്‍ഷം 1200 കോടി രൂപ നീക്കിവെക്കും.

നിലവില്‍ വാര്‍ഷിക പദ്ധതിക്ക് ലഭ്യമായ പണവും പുനര്‍നിര്‍മാണത്തിന് കണ്ടെത്താനാവുന്ന പണവും സംയോജിപ്പിച്ചാവും വിവിധ മേഖലകളിലെ പദ്ധതികള്‍ക്ക് രൂപംനല്‍കുക. ഭാവിയില്‍ കൂടുതല്‍ പണം കണ്ടെത്താനായാല്‍ ഈ പദ്ധതികള്‍ വിപുലീകരിക്കും. ഇതിനായി പുതുമയുള്ള സമീപനമായിരിക്കും ബജറ്റില്‍ സ്വീകരിക്കുകയെന്ന് ധനവകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com