കുമ്മനം മല്‍സരിക്കില്ല ; സെന്‍കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വം അനിശ്ചിതത്വത്തില്‍ ; ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക അടുത്തയാഴ്ച

സഖ്യകക്ഷിയായ ബിഡിജെഎസുമായി ഒരാഴ്ചയ്ക്കകം സീറ്റ് ധാരണയിലെത്താനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ
കുമ്മനം മല്‍സരിക്കില്ല ; സെന്‍കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വം അനിശ്ചിതത്വത്തില്‍ ; ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക അടുത്തയാഴ്ച

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സംസ്ഥാനത്തെ ബിജെപി സ്ഥാനാര്‍ത്ഥികളെ അടുത്തയാഴ്ച തീരുമാനിക്കും. ചര്‍ച്ചകള്‍ക്കായി ദേശീയ സഹസംഘടന സെക്രട്ടറി ബിഎല്‍ സന്തോഷ്, സെക്രട്ടറി എച്ച് രാജ എന്നിവര്‍ അടുത്തയാഴ്ച കേരളത്തിലെത്തും. സഖ്യകക്ഷിയായ ബിഡിജെഎസുമായി ഒരാഴ്ചയ്ക്കകം സീറ്റ് ധാരണയിലെത്താനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടന്‍ ഉണ്ടായില്ലെങ്കിലും, സ്ഥാനാര്‍ത്ഥികളായി നിശ്ചയിച്ചവര്‍ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിച്ചുതുടങ്ങാനും ബിജെപി കേന്ദ്രനേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബിജെപി പ്രതീക്ഷയോടെ കാണുന്ന അഞ്ചു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. കഴിഞ്ഞ തവണ മികച്ച പ്രകടനം കാഴ്ചവെച്ച തിരുവനന്തപുരത്ത് മല്‍സരിക്കാന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ എത്തിയേക്കില്ലെന്നാണ് സൂചന. 

കുമ്മനത്തെ രാജിവെപ്പിച്ച് മല്‍സരിപ്പിക്കുന്നതിനോട് പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന് താല്‍പ്പര്യമില്ല. പരാജയപ്പെട്ടാല്‍ പാര്‍ട്ടി ഭാരവാഹിത്വത്തില്‍ തിരിച്ചെടുക്കുന്നതും പ്രയാസകരമാണ്. കൂടാതെ, നിലവില്‍ ഗവര്‍ണര്‍മാരായിട്ടുള്ള പലരും മല്‍സര മോഹവുമായി രംഗത്തുവരുമെന്നും ബിജെപി നേതൃത്വം ഭയപ്പെടുന്നു. 

എന്നാല്‍ സംസ്ഥാനത്തെ ഒരു വിഭാഗം ബിജെപി, ആര്‍എസ്എസ് നേതാക്കള്‍ കുമ്മനത്തെ മല്‍സരിപ്പിത്താന്‍ പാര്‍ട്ടി കേന്ദ്രനേതൃത്വത്തില്‍ സമ്മര്‍ദ്ദം തുടരുകയാണ്. ശബരിമല വിഷയത്തില്‍ അനുകൂല സാഹചര്യം നിലനില്‍ക്കെ, അത് മുതലെടുക്കാന്‍ പറ്റിയ മികച്ച സ്ഥാനാര്‍ത്ഥിയാണ് കുമ്മനമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. 

അതിനിടെ കോട്ടയത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ മുന്‍ കേന്ദ്രമന്ത്രി പിസി തോമസ് മല്‍സരിക്കും. കോട്ടയത്ത് പ്രവര്‍ത്തനം തുടങ്ങാന്‍ ബിജെപി കേന്ദ്രനേതൃത്വം അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം അടക്കമുള്ള മണ്ഡലങ്ങളില്‍ ഉയര്‍ന്നുകേട്ട പേരുകളിലൊന്നായ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ രാഷ്ട്രീയത്തിലേക്കില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. 

ആറ്റിങ്ങലില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന് കടുത്ത അഭ്യൂഹങ്ങള്‍ പ്രചരിച്ച മുന്‍ ഡിജിപി ടി പി സെന്‍കുമാറിന്റെ കാര്യത്തില്‍ ബിജെപി മൗനം പാലിക്കുകയാണ്.  നമ്പി നാരായണന് പത്മപുരസ്‌കാരം നല്‍കിയതിനെ വിമര്‍ശിച്ച് രംഗത്തെത്തിയതാണ് ബിജെപി നേതൃത്വത്തെ പിന്നോട്ടുവലിക്കുന്നത്. നമ്പി നാരായണന്റെ സംഭാവനകളെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തു വന്നതും സെന്‍കുമാറിന് തിരിച്ചടിയാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com