ശബരിമല: കുഴപ്പങ്ങള്‍ക്കു കാരണം സുപ്രിം കോടതി വിധി, രാഷ്ട്രീയ പാര്‍ട്ടികള്‍ വര്‍ഗീയ ധ്രുവീകരണത്തിനു ശ്രമിക്കുന്നുവെന്ന് ജോര്‍ജ് കുര്യന്‍

സുപ്രിം കോടതി വിധിയല്ല, മറിച്ച് സംസ്ഥാന സര്‍ക്കാര്‍ അതു കൈകാര്യം ചെയ്ത രീതിയാണ് പ്രശ്‌നങ്ങളുണ്ടാക്കിയതെന്ന് ബിജെപി ആവര്‍ത്തിക്കുമ്പോഴാണ്, മുതിര്‍ന്ന ബിജെപി നേതാവു കൂടിയായ കുര്യന്റെ വിരുദ്ധ നിലപാട്.
ശബരിമല: കുഴപ്പങ്ങള്‍ക്കു കാരണം സുപ്രിം കോടതി വിധി, രാഷ്ട്രീയ പാര്‍ട്ടികള്‍ വര്‍ഗീയ ധ്രുവീകരണത്തിനു ശ്രമിക്കുന്നുവെന്ന് ജോര്‍ജ് കുര്യന്‍

ന്യൂഡല്‍ഹി: ശബരിമലയെച്ചൊല്ലി കേരളത്തിലുണ്ടായ കുഴപ്പങ്ങള്‍ക്കു കാരണം സുപ്രിം കോടതിയുടെ വിധിയാണെന്ന് ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് കുര്യന്‍. ജനാധിപത്യത്തെ താങ്ങിനിര്‍ത്തുന്ന തൂണുകളിലൊന്ന് കൈക്കൊണ്ട തീരുമാനത്തിന്റെ ഫലമാണ് കേരളം അനുഭവിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിനയച്ച കത്തില്‍ ജോര്‍ജ് കുര്യന്‍ അഭിപ്രായപ്പെട്ടു. സുപ്രിം കോടതി വിധിയല്ല, മറിച്ച് സംസ്ഥാന സര്‍ക്കാര്‍ അതു കൈകാര്യം ചെയ്ത രീതിയാണ് പ്രശ്‌നങ്ങളുണ്ടാക്കിയതെന്ന് ബിജെപി ആവര്‍ത്തിക്കുമ്പോഴാണ്, മുതിര്‍ന്ന ബിജെപി നേതാവു കൂടിയായ കുര്യന്റെ വിരുദ്ധ നിലപാട്.

സുപ്രിം കോടതിയെ പരോക്ഷമായി കുറ്റപ്പെടുത്തിക്കൊണ്ടാണ് ജോര്‍ജ് കുര്യന്റെ കത്ത്. ജനാധിപത്യത്തെ താങ്ങിനിര്‍ത്തുന്ന  തൂണുകളിലൊന്നിന്റെ ജാഗ്രതക്കുറവ് മൂലമുണ്ടായ തീരുമാനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന വെടിമരുന്ന് ശാലയുടെ അവസ്ഥ സംജാതമായിട്ടുണ്ടെന്നു കത്തില്‍ പറയുന്നു.

ന്യൂനപക്ഷങ്ങളുമായി ശബരിമല വിഷയത്തിന് യാതൊരു ബന്ധവുമില്ല. പക്ഷേ ഇതിനോട് അനുബന്ധിച്ചുണ്ടായ പ്രശ്‌നങ്ങള്‍ സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളെ ബാധിച്ചിട്ടുണ്ട്. ശബരിമല കര്‍മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ പേരാമ്പ്ര ടൗണ്‍ ജുമാ മസ്ദിന് നേരെയുണ്ടായ ആക്രമണം കേരളത്തിലെ ന്യൂനപക്ഷങ്ങളില്‍ ആശങ്ക ഉളവാക്കുന്നതാണെന്നും രാജ്‌നാഥ് സിങിനയച്ച കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ശബരിമല വിഷയം മുതലെടുത്ത് വര്‍ഗീയ ധ്രുവീകരണത്തിനും കലാപത്തിനുമുള്ള ശ്രമങ്ങള്‍ ചില രാഷ്ട്രീയപ്പാര്‍ട്ടികള്‍ നടത്തിയതായി കുറ്റപ്പെടുത്തുന്ന കത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പരാമര്‍ശങ്ങളൊന്നുമില്ല. അതിതീവ്ര നിലപാടുള്ള മതസംഘടനകള്‍ക്ക് സംസ്ഥാനത്തെ രാഷ്ട്രീയപാര്‍ട്ടികളുടെ പിന്തുണയുണ്ട്. ഇതാണ് മതേതര സമൂഹമായ കേരളത്തില്‍ അതിതീവ്ര നിലപാടുള്ളവര്‍ വര്‍ധിക്കുന്നതിന് കാരണമായത്. കേരളത്തിലെ കാര്യങ്ങളില്‍ തീരുമാനം കൈക്കൊള്ളുമ്പോള്‍ അതീവ ജാഗ്രത വേണമെന്നും ചെറിയ അശ്രദ്ധയ്ക്ക് വരെ വലിയ വില കൊടുക്കേണ്ടി വരുമെന്നും കമ്മീഷന്‍ കത്തില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com