സദാചാര സമിതിയില്‍ നിന്നും പിസി ജോര്‍ജ് പുറത്ത് ; പരിസ്ഥിതി സമിതിയില്‍ പിവി അന്‍വര്‍ തുടരും

പി സി ജോര്‍ജിന് പകരം അനൂപ് ജേക്കബിനെ സദാചാര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്
സദാചാര സമിതിയില്‍ നിന്നും പിസി ജോര്‍ജ് പുറത്ത് ; പരിസ്ഥിതി സമിതിയില്‍ പിവി അന്‍വര്‍ തുടരും

തിരുവനന്തപുരം : നിയമസഭാ സദാചാര സമിതിയില്‍ നിന്ന് പി സി ജോര്‍ജ് എംഎല്‍എയെ ഒഴിവാക്കി. ബിഷപ്പ് ഫ്രാങ്കോമുളയ്ക്കലിനെതിരായ ബലാല്‍സംഗ കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീയെ അടക്കം മോശമായി സംസാരിച്ചെ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. ജോര്‍ജിനെതിരായ പരാതി എത്തിക്‌സ് കമ്മിറ്റിയുടെ പരിഗണനയിലാണ്. ഈ സമിതിയില്‍ ജോര്‍ജ് തുടരുന്നതില്‍ വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു. 

പി സി ജോര്‍ജിന് പകരം അനൂപ് ജേക്കബിനെ സദാചാര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എ പ്രദീപ് കുമാറാണ് സദാചാര കമ്മിറ്റി അധ്യക്ഷന്‍. കന്യാസ്ത്രീയെ അവഹേളിച്ചതില്‍ സമിതി ജോര്‍ജില്‍ നിന്നും തെളിവെടുത്തിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. 

നേരത്തെ സഭയ്ക്ക് മുമ്പ് കെ ആര്‍ ഗൗരിയമ്മയെ അധിക്ഷേപിച്ച് പരാമര്‍ശം നടത്തിയതിന് മുന്‍സര്‍ക്കാരിന്റെ കാലത്ത് ജോര്‍ജിനെ ശാസിച്ചിരുന്നു. കേരള ചരിത്രത്തില്‍ നിയമസഭാ സമിതിയുടെ ശാസന ഏറ്റുവാങ്ങിയ ഏക അംഗവും പിസി ജോര്‍ജാണ്. 

അതേസമയം പരിസ്ഥിതി സമിതിയില്‍ പി വി അന്‍വര്‍ എംഎല്‍എയെ നിലനിര്‍ത്തിയിട്ടുണ്ട്. ഭൂമി കൈയേറ്റവും, പരിസ്ഥിതി ചട്ടലംഘനവും ഉള്‍പ്പെടെ നിരവധി പരാതികളാണ് അന്‍വറിനെതിരെ ഉയര്‍ന്നത്. അൻവറിന്റെ ചീങ്കണ്ണിപ്പാലയിലെ തടയണ, വിവാദ വാട്ടര്‍ തീം പാര്‍ക്ക് എന്നിവയെല്ലാം നിയമനടപടി നേരിടുകയാണ്. 

എന്നാല്‍ പരിസ്ഥിതി സമിതിയില്‍ ഇടതുപക്ഷ സ്വതന്ത്രനായ പി വി അന്‍വറിനെ നിലനിര്‍ത്താന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ തീരുമാനിച്ചു. രണ്ടര വര്‍ഷം കൂടുമ്പോഴാണ് നിയമസഭാ സമിതികള്‍ സ്പീക്കര്‍ പുനഃസംഘടിപ്പിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com