മദ്യ വില കൂടും ; സിനിമാടിക്കറ്റ് നിരക്കിലും വര്‍ധന ; സ്വര്‍ണത്തിനും ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ക്കും സെസ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 31st January 2019 11:58 AM |
Last Updated: 31st January 2019 12:00 PM | A+A A- |
തിരുവനന്തപുരം : മദ്യപാനികള്‍ക്ക് തിരിച്ചടി. ബിയര്‍, വൈന്‍ ഉള്‍പ്പെടെ മദ്യങ്ങള്‍ക്ക് വില വര്‍ധിക്കും. രണ്ട് ശതമാനം നികുതി കൂട്ടാന്‍ തീരുമാനിച്ചതായി തോമസ് ഐസക്ക് ബജറ്റില്‍ വ്യക്തമാക്കി. ഇതിലൂടെ സര്‍ക്കാര്‍ 130 കോടി അധിക വരുമാനമാണ് ലക്ഷ്യമിടുന്നത്. സിനിമാ ടിക്കറ്റുകള്‍ക്ക് 10 ശതമാനം വിനോദ നികുതി ഈടാക്കുമെന്നും മന്ത്രി അറിയിച്ചു. ഇതോടെ സിനിമാ ടിക്കറ്റ് നിരക്ക് ഉയരും.
സ്വര്‍ണം, വെള്ളി ഉള്‍പ്പെടെ ആഡംബര വസ്തുക്കള്‍ക്ക് 0.25 ശതമാനം സെസ് ഈടാക്കും. ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ക്കും വില കൂടും. സിമന്റ്, ടൈല്‍സ്, സെറാമിക് ടൈല്‍സ് തുടങ്ങിയവയുടെ വിലയും ഉയരും. ഇത് നിര്‍മ്മാണ മേഖലയ്ക്ക് തിരിച്ചടിയാണ്. ആയുര്‍വേദ മരുന്നുകളുടെ വിലയും ഉയരും. ശീതള പാനീയങ്ങള്‍, സോപ്പ്, ചോക്ലേറ്റ്, കാര്‍, ഇരുചക്ര വാഹനങ്ങള്‍, കമ്പ്യൂട്ടര്‍, മൊബൈല്‍ഫോണ്‍ തുടങ്ങിയവയുടെ വില കൂടും.
പ്രളയ സെസ് ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചു. ജിഎസ്ടി അഞ്ചില്‍ താഴെയുള്ള ഉത്പന്നങ്ങളെ സെസില്‍ നിന്നും ഒഴിവാക്കി. 12,16,28 ശതമാനം ജിഎസ്ടി ഉള്ള സ്ലാബുകള്‍ക്ക് ഒരു ശതമാനം സെസ് ഏര്‍പ്പെടുത്തി. രണ്ടു വര്‍ഷത്തേക്കാണ് പ്രളയ സെസ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതോടെ ഭൂരിഭാഗം വസ്തുക്കള്‍ക്കും വിലയേറും. അതേസമയം ചെറുകിട വ്യാപാരികളെ പ്രളയ സെസില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.