ആന്റണിയുടെ മകന്‍ കെപിസിസി സോഷ്യല്‍മീഡിയ കോര്‍ഡിനേറ്റര്‍; നിയമനം അംഗീകരിച്ച് രാഹുല്‍ ഗാന്ധി 

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകന്‍ അനില്‍ കെ ആന്റണിയെ കെപിസിസി സോഷ്യല്‍മീഡിയ കോര്‍ഡിനേറ്ററായി നിയമിച്ചു
ആന്റണിയുടെ മകന്‍ കെപിസിസി സോഷ്യല്‍മീഡിയ കോര്‍ഡിനേറ്റര്‍; നിയമനം അംഗീകരിച്ച് രാഹുല്‍ ഗാന്ധി 

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകന്‍ അനില്‍ കെ ആന്റണിയെ കെപിസിസി സോഷ്യല്‍മീഡിയ കോര്‍ഡിനേറ്ററായി നിയമിച്ചതിന് അംഗീകാരം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് നിയമനത്തിന് അംഗീകാരം നല്‍കിയത്. ലോക്‌സഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന പശ്ചാത്തലത്തിലാണ് നിയമനം.

മീഡിയാ സെല്‍ അധ്യക്ഷനായ ശശി തരൂരിന്റെ കീഴില്‍ ജോലിചെയ്യാന്‍ പോകുന്നു എന്നതാണ് തന്നെ ഈ മേഖലയിലേക്ക് ആകര്‍ഷിച്ചതെന്ന് അനില്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് അനിലിന്റെ നിയമനം പ്രഖ്യാപിച്ചത്. ഇത് രാഹുല്‍ ഗാന്ധി ഔദ്യോഗികമായി അംഗീകരിക്കുകയായിരുന്നു. 

മൂന്നുമാസം കൂടുമ്പോള്‍ ജനങ്ങളുടെ രാഷ്ട്രീയതാത്പര്യം മനസ്സിലാക്കുന്നതിനുള്ള സര്‍വേ അനില്‍ ഡല്‍ഹിയില്‍ നടത്തിയിരുന്നു. സ്ഥാനമൊഴിഞ്ഞ പി.സി.സി. പ്രസിഡന്റ് അജയ് മാക്കന്റെ നിര്‍ദേശപ്രകാരമായിരുന്നു ഇത്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പു സമയത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കായി വിവിധ സ്ഥാപനങ്ങള്‍ സാമൂഹികമാധ്യമ പ്രചാരണം നടത്തിയപ്പോള്‍ അവ ഏകോപിപ്പിച്ചതും അനിലാണ്.

തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍നിന്ന് ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ്ങിലും അമേരിക്കയിലെ സ്റ്റാന്‍ഫഡ് സര്‍വകലാശാലയില്‍നിന്ന് മാനേജ്‌മെന്റ് സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്ങിലും ബിരുദം നേടിയ അനില്‍ ഇപ്പോള്‍ സൈബര്‍ സുരക്ഷാരംഗത്തു പ്രവര്‍ത്തിക്കുന്ന സൈബര്‍ ഇന്ത്യയുടെ എക്‌സിക്യുട്ടീവ് ഡയറക്ടറാണ്.

ആരോഗ്യസ്ത്രീശാക്തീകരണ മേഖലയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന സന്നദ്ധസംഘടനയായ നവോഥാന്‍ ഫൗണ്ടേഷന്റെ വൈസ് പ്രസിഡന്റും ട്രസ്റ്റി ബോര്‍ഡ് അംഗവുമാണ്. സിസ്‌കോ സിസ്റ്റംസ് ഉള്‍പ്പെടെയുള്ള ബഹുരാഷ്ട്ര ഐ.ടി. കമ്പനികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ലോകത്തെ ഭാവിനേതാക്കന്മാരുടെ സമ്മേളനം 2016ല്‍ ജപ്പാനില്‍ സംഘടിപ്പിച്ചപ്പോള്‍ പ്രതിനിധിയായി അനില്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com