കാട്ടുപന്നിയെ വെടിവച്ചു കൊല്ലാന്‍ അനുമതി തേടും ; ഉപദ്രവകാരിയായി പ്രഖ്യാപിക്കാന്‍ വനംവകുപ്പിന്റെ പഠനം

കാട്ടുപന്നിയുടെ ആക്രമണത്തില്‍ ആളുകള്‍ മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്യാറുണ്ട്. ഇതേത്തുടര്‍ന്നാണ് ഇവയുടെ അംഗസംഖ്യ നിയന്ത്രിക്കാനുള്ള നടപടികളെ കുറിച്ച് വനം വകുപ്പ്
കാട്ടുപന്നിയെ വെടിവച്ചു കൊല്ലാന്‍ അനുമതി തേടും ; ഉപദ്രവകാരിയായി പ്രഖ്യാപിക്കാന്‍ വനംവകുപ്പിന്റെ പഠനം

തിരുവനന്തപുരം: കൃഷിനശിപ്പിക്കുന്ന കാട്ടുപന്നിയെ ഉപദ്രവകാരിയായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി വനംവകുപ്പ് ശാസ്ത്രീയ പഠനത്തിന് ഒരുങ്ങുന്നു. പന്നിയുടെ ആക്രമണം രൂക്ഷമായ മലയോര മേഖലകളില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാര്‍ക്ക് അനുമതി നല്‍കുന്നതിനാണ് ഇത്. ഉപദ്രവകാരിയായി പ്രഖ്യാപിക്കുന്നതിന് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയാല്‍ കാട്ടുപന്നിയെ വെടിവയ്ക്കാനുള്ള അധികാരം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാര്‍ക്ക് ലഭിക്കും. എന്നാല്‍ ഇത് ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനാണ് ശാസ്ത്രീയ പഠനം പ്രഖ്യാപിച്ചത്.

സംസ്ഥാനത്തിന്റെ മലയോര മേഖലകളില്‍ കാട്ടുപന്നിയുടെ ആക്രമണം പതിവാണ്. കാട്ടുപന്നിയുടെ ആക്രമണത്തില്‍ ആളുകള്‍ മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്യാറുണ്ട്. ഇതേത്തുടര്‍ന്നാണ് ഇവയുടെ അംഗസംഖ്യ നിയന്ത്രിക്കാനുള്ള നടപടികളെ കുറിച്ച് വനം വകുപ്പ് ഗൗരവമായി ആലോചിച്ചത്. ഷെഡ്യൂള്‍ ഒന്നില്‍പ്പെടാത്ത ഏത് വന്യജീവിയെയും പ്രത്യേക സ്ഥലങ്ങളില്‍ നിശ്ചിത കാലയളവില്‍ ഉപദ്രവകാരിയായി പ്രഖ്യാപിക്കുന്നതിനുള്ള അധികാരം സര്‍ക്കാരിനുണ്ട്. മനുഷ്യ ജീവനോ, കൃഷിക്കോ നാശമുണ്ടാക്കുന്നതാവണം വന്യജീവിയെന്ന നിബന്ധന മാത്രമേ ഇതിനുള്ളൂ. 

എന്നാല്‍ ഷെഡ്യൂള്‍ അഞ്ചില്‍ ഉള്‍പ്പെടുത്തുന്നതോടെ വേട്ടയാടപ്പെടാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ടെന്ന വാദവുമുണ്ട്. വിശദമായ ശാസ്ത്രീയ പഠനത്തിന് ശേഷം റിപ്പോര്‍ട്ട് കേന്ദ്ര മന്ത്രാലയത്തിന് നല്‍കും. ഇതിന് ശേഷം മാത്രമേ പ്രഖ്യാപനം ഉണ്ടാവുകയുള്ളൂ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com