നടിയെ ആക്രമിച്ച കേസ്: വനിതാ ജഡ്ജിമാര്‍ അസൗകര്യം അറിയിച്ചെന്ന് റജിസ്ട്രാര്‍

നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് വനിതാ ജഡ്ജിയെ കണ്ടെത്താനായില്ലെന്ന് റജിസ്ട്രാര്‍ ഹൈക്കോടതിയില്‍
നടിയെ ആക്രമിച്ച കേസ്: വനിതാ ജഡ്ജിമാര്‍ അസൗകര്യം അറിയിച്ചെന്ന് റജിസ്ട്രാര്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് വനിതാ ജഡ്ജിയെ കണ്ടെത്താനായില്ലെന്ന് റജിസ്ട്രാര്‍ ഹൈക്കോടതിയില്‍. തൃശൂര്‍ ജില്ലയിലെ വനിതാ ജഡ്ജിമാര്‍ അസൗകര്യം അറിയിച്ചെന്നും റജിസ്ട്രാര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചു. കേസില്‍ വിചാരണയ്ക്ക് വനിതാ ജഡ്ജിയുടെ സേവനം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട്  നടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റജിസ്ട്രാറുടെ വിശദീകരണം.

റജിസ്ട്രാറുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് ജില്ലയില്‍ വനിതാ ജഡ്ജി ഉണ്ടോയെന്ന് അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. എറണാകുളം സിബിഐ കോടതിയിലെ വനിതാ ജഡ്ജിയെ പരിഗണിക്കാനാകുമോയെന്ന് സര്‍ക്കാരിന്റെ അഭിപ്രായവും കോടതി ആരാഞ്ഞു. 
  
കേസില്‍ വിചാരണയ്ക്ക് വനിതാ ജഡ്ജിയെ അനുവദിക്കാന്‍ ഹൈക്കോടതി കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. വനിതാ ജഡ്ജിയെ നിയമിക്കുന്നതിനായി എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലുള്ള വനിതാ ജഡ്ജിമാരുടെ പട്ടിക സമര്‍പ്പിക്കാന്‍ റജിസ്ട്രാര്‍ക്ക് നിര്‍ദ്ദേശവും നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു റജിസ്ട്രാറുടെ റിപ്പോര്‍ട്ട്.

വിചാരണയ്ക്കായി ജഡ്ജിയെയും പ്രത്യേക അതിവേഗ കോടതിയും വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു നടി നേരത്തേ കോടതിയെ സമീപിച്ചിരുന്നത്. നടിയുടെ ആവശ്യത്തില്‍ അനുകൂല നിലപാട് സര്‍ക്കാരും കോടതിയെ അറിയിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com