'പ്രളയക്കെടുതി നേരിടാന്‍ സമഗ്രപാക്കേജ്, ഒട്ടേറെ ക്ഷേമപദ്ധതികള്‍'; തോമസ് ഐസക്കിന്റെ പത്താം ബജറ്റ് ഇന്ന് 

പ്രളയക്കെടുതി നേരിടാന്‍ സമഗ്ര പാക്കേജ് പ്രതീക്ഷിക്കുന്ന സംസ്ഥാന ബജറ്റ് ഇന്ന്
'പ്രളയക്കെടുതി നേരിടാന്‍ സമഗ്രപാക്കേജ്, ഒട്ടേറെ ക്ഷേമപദ്ധതികള്‍'; തോമസ് ഐസക്കിന്റെ പത്താം ബജറ്റ് ഇന്ന് 

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടാന്‍ സമഗ്ര പാക്കേജ് പ്രതീക്ഷിക്കുന്ന സംസ്ഥാന ബജറ്റ് ഇന്ന്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഒട്ടേറെ ക്ഷേമപദ്ധതികളും ടി.എം.തോമസ് ഐസകിന്റെ പത്താം ബജറ്റില്‍ ഇടംപിടിക്കുമെന്നാണ് പ്രതീക്ഷ. നവകേരള നിര്‍മാണത്തിന് ഊന്നല്‍ നല്‍കുന്ന ബജറ്റില്‍ ജിഎസ്ടി കൗണ്‍സില്‍ അനുവദിച്ച 2000 കോടിയുടെ പ്രളയസെസ് ഏതൊക്കെ ഉല്‍പനങ്ങള്‍ക്ക് ബാധകമാകുമെന്ന പ്രഖ്യാപനമുണ്ടാകും. 

ഓരോ വര്‍ഷവും ക്ഷേമ പെന്‍ഷന്‍ 100 രൂപ വീതം വര്‍ധിപ്പിക്കുമെന്ന വാഗ്ദാനം കഴിഞ്ഞ ബജറ്റില്‍ പാലിച്ചിരുന്നില്ല. ഇതുകൂടി കണക്കിലെടുത്ത് ഇത്തവണ ക്ഷേമ പെന്‍ഷനില്‍ 100 രൂപയുടെ വര്‍ധന വരുത്തിയേക്കും. മദ്യം, ഇന്ധനം, സ്റ്റാംപ് ഡ്യൂട്ടി എന്നിവയില്‍ വര്‍ധന ഉണ്ടാകില്ലെങ്കിലും ഇന്ധന വിലക്കയറ്റമുണ്ടായ കാലത്തു സംസ്ഥാനം കുറച്ച ഒരു രൂപ നികുതി പുനഃസ്ഥാപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ജിഎസ്ടി നടപ്പാക്കിയതിനാല്‍ ബജറ്റില്‍ നികുതി വര്‍ധിപ്പിക്കാനോ കുറയ്ക്കാനോ കഴിയില്ല. എന്നാല്‍ 1% പ്രളയ സെസ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് അധികാരം കിട്ടിയതിനാല്‍ ബജറ്റിലെ ഏറ്റവും ശ്രദ്ധയാര്‍ന്ന പ്രഖ്യാപനം ഏതൊക്കെ ഉല്‍പന്നങ്ങള്‍ക്കു മേല്‍ സെസ് ചുമത്തുമെന്നതായിരിക്കും. ആഡംബര വസ്തുക്കള്‍ക്കും ഉയര്‍ന്ന നികുതി നിരക്കുള്ള ഉല്‍പന്നങ്ങള്‍ക്കും മേലെ സെസ് പ്രഖ്യാപിക്കുമെന്നാണു സൂചന. പ്രളയ സെസ്, വിലയേറിയ ഉല്‍പന്നങ്ങളുടെ വിലയില്‍ കാര്യമായ വര്‍ധനയുണ്ടാക്കും. ഒന്നരക്കോടി വരെ വാര്‍ഷിക വിറ്റുവരവുള്ള അനുമാന നികുതി നല്‍കുന്ന വ്യാപാരികളെ ജിഎസ്ടിക്കു മേലുള്ള പ്രളയസെസില്‍ നിന്ന് ഒഴിവാക്കുമെന്നു മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

ലോട്ടറി വരുമാനവും ജനങ്ങളില്‍ നിന്നുള്ള കുറഞ്ഞ പ്രീമിയം തുകയും ഉപയോഗിച്ചു സംസ്ഥാനത്തെ എല്ലാ ജനങ്ങള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിച്ചേക്കും.സാധാരണയായി സെസ് ചുമത്തുന്നതു നികുതിക്കു മേലാണെങ്കില്‍ പ്രളയ സെസ് അടിസ്ഥാന വിലയ്ക്കുമേല്‍ ആകുമെന്ന് ജിഎസ്ടി വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com