കാട്ടുപന്നി ചാടിവീണ് ഓട്ടോ മറിഞ്ഞു ; യാത്രക്കാരനായ ബാലന്റെ മുഖം പന്നി കടിച്ചുകീറി ; 65 തുന്നൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st July 2019 07:31 AM |
Last Updated: 01st July 2019 07:31 AM | A+A A- |

കാസർകോട് : ഓട്ടോറിക്ഷയുടെ മുന്നിലേക്ക് കാട്ടുപന്നി ചാടിവീണതിനെത്തുടർന്ന് വണ്ടി മറിഞ്ഞു. യാത്രക്കാരനായ ബാലനും പന്നിയും ഓട്ടോയുടെ അടിയിൽ കുടുങ്ങി. ഇതിനിടെ കുട്ടിയുടെ മുഖം പന്നി കടിച്ചുകീറി. സാരമായി പരിക്കേറ്റ കുട്ടിയെ ചെറുവത്തൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. കുന്നുംകൈ ഓട്ടപ്പടവ് സ്വദേശി ഇസ്മായിലിന്റെ മകൻ സഹദി(എട്ട്)നാണ് പന്നിയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്. സഹദിന്റെ മുഖത്ത് 65 തുന്നൽ വേണ്ടിവന്നു.
ഇസ്മായിലും കുടുംബവും മൗക്കോടിലേക്ക് പോകുംവഴി പാലക്കുന്നിൽ ശനിയാഴ്ച രാത്രി 10-നാണ് സംഭവം. റോഡിനു കുറുകെ പോവുകയായിരുന്ന പന്നി പെട്ടെന്ന് തിരിച്ചുവന്ന് ഓട്ടോറിക്ഷയുടെ മേൽ ചാടിവീഴുകയായിരുന്നു. ഓട്ടോറിക്ഷ ഉയർത്തിയാണ് കുട്ടിയെ രക്ഷിച്ചത്. മൗക്കോട് ഗവ. എൽ.പി. സ്കൂൾ വിദ്യാർഥിയാണ് സഹദ്. ഓട്ടോറിക്ഷയിലുണ്ടായിരുന്ന മറ്റുള്ളവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.