'നിപ' പടര്‍ത്താന്‍ കഴിവുള്ള കൂടുതല്‍ വവ്വാലുകളെ കണ്ടെത്തി ; തിരിച്ചറിഞ്ഞ ആറിനങ്ങളില്‍ രണ്ടെണ്ണം കേരളത്തില്‍

തിരിച്ചറിഞ്ഞ പുതിയ ആറിനം വവ്വാലുകളില്‍ നാലെണ്ണം ഇന്ത്യയിലുള്ളതാണ്. ഇതില്‍ രണ്ടെണ്ണം കേരളത്തില്‍ കാണപ്പെടുന്നവയാണ്
'നിപ' പടര്‍ത്താന്‍ കഴിവുള്ള കൂടുതല്‍ വവ്വാലുകളെ കണ്ടെത്തി ; തിരിച്ചറിഞ്ഞ ആറിനങ്ങളില്‍ രണ്ടെണ്ണം കേരളത്തില്‍

തിരുവനന്തപുരം : നിപ വൈറസ് പടര്‍ത്താന്‍ കഴിവുള്ള കൂടുതല്‍ വവ്വാലുകളെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കേരളത്തില്‍ തിരിച്ചറിഞ്ഞ ഏഴു വര്‍ഗങ്ങളില്‍പ്പെട്ട വവ്വാലുകള്‍ക്കു പുറമേ ആറിനങ്ങള്‍ കൂടി 'നിപ'യുടെയോ, സമാന വൈറസിന്റെയോ വാഹകരാകാന്‍ സാധ്യതയുണ്ടെന്നാണ് കണ്ടെത്തല്‍. 'നിപ' പ്രതിരോധത്തിന്റെ ഭാഗമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചു നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് പി.എല്‍.ഒ.എസ്. റിസര്‍ച്ച് ജേണലിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

തിരിച്ചറിഞ്ഞ പുതിയ ആറിനം വവ്വാലുകളില്‍ നാലെണ്ണം ഇന്ത്യയിലുള്ളതാണ്. ഇതില്‍ രണ്ടെണ്ണം കേരളത്തില്‍ കാണപ്പെടുന്നവയാണ്. ഇവ 'നിപ' വൈറസ് വഹിക്കാനുള്ള സാധ്യത 80 ശതമാനംവരെയാണെന്നും പഠനത്തില്‍ പറയുന്നു. ഈ വവ്വാല്‍ വര്‍ഗങ്ങളില്‍ വൈറസ് സാന്നിധ്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍, ജാഗ്രത വേണമെന്നാണ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്. 

കേരളത്തില്‍ പഴംതീനിവവ്വാലുകളാണ് രോഗം പടര്‍ത്തിയതെന്ന് കണ്ടെത്തിയിരുന്നു. 'ടെറോപസ് മീഡിയസ്' എന്ന വര്‍ഗത്തിലാണ് കേരളത്തില്‍ പ്രധാനമായും 'നിപ' സാന്നിധ്യം തിരിച്ചറിഞ്ഞത്. ഇതില്‍ത്തന്നെയാണ് ബംഗ്ലാദേശില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയതും. 48 സ്വഭാവസവിശേഷങ്ങളോടുകൂടിയ 523 വവ്വാല്‍ വര്‍ഗങ്ങളിലായിരുന്നു നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് പഠനം നടത്തിയത്.

ഇന്ത്യയില്‍ നിലവില്‍ 113 വവ്വാലിനങ്ങളുണ്ടെന്നാണ് കണക്ക്. ഇതില്‍ 31 ഇനങ്ങളെ മാത്രമാണ് വൈറസ് സാന്നിധ്യം പരിശോധിച്ചിട്ടുള്ളത്. ഇതില്‍ 11 എണ്ണത്തില്‍ രോഗപ്രതിരോധത്തിനുള്ള 'ആന്റിബോഡി'യുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. തുടര്‍ച്ചയായി രണ്ടുവര്‍ഷം 'നിപ' ബാധിച്ച കേരളത്തിനു മുന്നറിയിപ്പിന് വേണ്ടിയാണ് പഠനം നടത്തിയതെന്ന് യു.എസിലെ മൊണ്ടാന സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന റെയ്‌ന കെ. പ്ലൗറൈറ്റ് പറഞ്ഞു.

കോഴിക്കോട്ട് 2018ല്‍ ഭീതിപരത്തിയ 'നിപ' ബാധിച്ച് 17 പേരാണ് മരിച്ചത്. ഇവിടെനിന്ന് 1800 കിലോമീറ്റര്‍ അകലെ ഇന്ത്യയുടെ കിഴക്കന്‍ മേഖലയിലാണ് 2001ലും 2007ലുമായി 'നിപ' പടര്‍ന്നത്. ഇതില്‍ 21 പേര്‍ മരിച്ചു. ബംഗ്ലാദേശിലും സമാനമായി 'നിപ' പടര്‍ന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com