ബിനോയ് കോടിയേരിക്കെതിരെയുള്ള ലൈംഗിക പീഡനക്കേസ്: മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st July 2019 07:03 AM |
Last Updated: 01st July 2019 07:03 AM | A+A A- |

മുംബൈ: ലൈംഗിക പീഡനക്കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സെഷന്‍സ് കോടതിയുടെ വിധി ഇന്നുണ്ടായേക്കും. മുംബൈ ദിന്‍ഡോഷി സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കോടതിയുടെ നിർദേശ പ്രകാരം യുവതിയുടെ അഭിഭാഷകൻ എഴുതി തയാറാക്കിയ വാദം ഇന്നു സമർപ്പിക്കും. ഇതിനൊപ്പം കൂടുതൽ തെളിവുകളും ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് സൂചന.
കഴിഞ്ഞ മാസം 27ന് കേസ് പരിഗണിച്ചപ്പോൾ പരാതിക്കാരിയുടെ ഇടപെടൽ ഹർജി അനുവദിച്ച കോടതി വിധി ഇന്നത്തേക്കു മാറ്റുകയായിരുന്നു. ബിനോയിക്ക് ജാമ്യം നല്‍കുന്നതിനെ അന്ന് പ്രോസിക്യൂഷന്‍ ശക്തമായി എതിർത്തിരുന്നു. ബിനോയിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം. ഡിഎന്‍എ പരിശോധനയ്ക്കായി സാമ്പിള്‍ ശേഖരിക്കണം. ബിനോയിക്കെതിരെയുള്ളത് ഗുരുതര കുറ്റമായതിനാല്‍ ജാമ്യം നല്‍കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം.
ഇരുപക്ഷത്തിന്റെയും വാദം വിശദമായി കേട്ടശേഷം കേസ് വിധി പറയാന്‍ മാറ്റിയത്. ഇന്ന് വരെ ബിനോയിയെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിർദേശിച്ചിരുന്നു. തെളിവുകളെല്ലാം പരിശോധിച്ച ശേഷമാകും ഇന്ന് വിധിപറയൽ.