രാജ്കുമാര്‍ ചിട്ടിപ്പണം എത്തിച്ചത് കുമളിയിലെ രഹസ്യകേന്ദ്രത്തില്‍ ; ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍

പണം കാണാതായതും കസ്റ്റഡി മരണവുമായി ബന്ധമുണ്ടെന്നും അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു
രാജ്കുമാര്‍ ചിട്ടിപ്പണം എത്തിച്ചത് കുമളിയിലെ രഹസ്യകേന്ദ്രത്തില്‍ ; ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍

ഇടുക്കി : നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയില്‍ മരിച്ച രാജ്കുമാര്‍ നാട്ടുകാരില്‍ നിന്ന് പിരിച്ച ചിട്ടിപ്പണം എത്തിച്ചത് കുമളിയിലെ രഹസ്യകേന്ദ്രത്തിലെന്ന് വെളിപ്പെടുത്തല്‍. ദിവസേന പിരിച്ചെടുക്കുന്ന പണം, പുതുതായി വാങ്ങിയ ഇന്നോവ കാറിലാണ് രഹസ്യകേന്ദ്രത്തിലെത്തിച്ചത്. കേസിലെ മൂന്നാം പ്രതി മഞ്ജുവിന്റെ ഭര്‍ത്താവ് അജിമോനോടൊപ്പമാണ് കുമളിയിലെ ചിട്ടിക്കമ്പനിയില്‍ പണം എത്തിച്ചതെന്നും, രാജ്കുമാറിന്റെ ചിട്ടി സ്ഥാപനത്തിലെ ജീവനക്കാരിയായ സുമ വെളിപ്പെടുത്തി. 

എന്നാല്‍ പണം ആര്‍ക്കാണ് കൈമാറിയതെന്ന് അറിയില്ലെന്നും ചിട്ടിക്കമ്പനി ജീവനക്കാരി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. പണം കാണാതായതും കസ്റ്റഡി മരണവുമായി ബന്ധമുണ്ടെന്നും അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു. ഹരിത ഫിനാന്‍സ് എന്ന ചിട്ടിസ്ഥാപനത്തിന് പിന്നില്‍ ഹൈറേഞ്ചിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ അടക്കമുള്ള സംഘമാണെന്ന് ഇന്നലെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 

രാജ്കുമാറിനെ കസ്റ്റഡിയില്‍ സൂക്ഷിക്കുന്നത് ഇടുക്കി എസ് പി കെ ബി വേണുഗോപാല്‍ അറിഞ്ഞിരുന്നു എന്ന് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പണം എവിടെയാണെന്ന് ഏതുവിധേനയും കണ്ടെത്തണമെന്ന് എസ്പി പൊലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു എന്നാണ് സൂചന. ചോദ്യം ചെയ്യലില്‍ രാജ്കുമാര്‍ വിവരങ്ങള്‍ വെളിപ്പെടുത്തുന്നില്ലെന്ന് പൊലീസുകാര്‍ അറിയിച്ചപ്പോള്‍, ചോദ്യം ചെയ്യല്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കിയതായും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. 

രാജ്കുമാറിന്റെ കസ്റ്റഡി വിവരങ്ങള്‍ എസ്പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. പൊലീസിന്റെ ക്രൂരമര്‍ദനത്തിന് വിധേയനായ രാജ്കുമാറിന്റെ ശരീരത്തില്‍ 22 ഓളം ചതവുകളും മുറിവുകളും ഉള്ളതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇടുക്കി എസ്പിക്കെതിരെ കോണ്‍ഗ്രസും സിപിഐ ജില്ലാ സെക്രട്ടറിയും രംഗത്തെത്തിയിരുന്നു. ഇടുക്കി എസ്പിയുടെ അറിവോടെയാണ് രാജ്കുമാറിനെ അനധികൃതമായി കസ്റ്റഡില്‍ സൂക്ഷിച്ചതെന്നും, അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്നും സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com