രാജ്കുമാറിനെ റിമാന്‍ഡ് ചെയ്ത ഇടുക്കി മജിസ്‌ട്രേറ്റിനെതിരെ ഹൈക്കോടതി അന്വേഷണം ; പരിക്കുകളുണ്ടായിട്ടും ചികില്‍സ നല്‍കാന്‍ ഉത്തരവിടാതിരുന്നതില്‍ റിപ്പോര്‍ട്ട് തേടി

രാജ്കുമാറിനെ റിമാന്‍ഡ് ചെയ്ത ഇടുക്കി മജിസ്‌ട്രേറ്റിനെതിരെ ഹൈക്കോടതി അന്വേഷണം ; പരിക്കുകളുണ്ടായിട്ടും ചികില്‍സ നല്‍കാന്‍ ഉത്തരവിടാതിരുന്നതില്‍ റിപ്പോര്‍ട്ട് തേടി

ലോക്കപ്പിന് അകത്ത് ആരെയും തല്ലുന്നതും കൊല്ലുന്നതും അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു


കൊച്ചി : നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയിലെ ക്രൂരമര്‍ദനത്തെതുടര്‍ന്ന് രാജ്കുമാര്‍ മരിച്ച സംഭവത്തില്‍, രാജ്കുമാറിനെ റിമാന്‍ഡ് ചെയ്ത ഇടുക്കി മജിസ്‌ട്രേറ്റിനെതിരെ ഹൈക്കോടതിയുടെ അന്വേഷണം. മജിസ്‌ട്രേറ്റിന്റെ വീഴ്ചയില്‍ ഹൈക്കോടതി രജിസ്ട്രാര്‍ അടിന്തര റിപ്പോര്‍ട്ട് തേടി. ക്രൂരമര്‍ദനത്തെ തുടര്‍ന്ന് അവശനിലയിലായ രാജ്കുമാറിനെ വേണ്ട വൈദ്യസഹായം നല്‍കാന്‍ നിര്‍ദേശിക്കാതെ, റിമാന്‍ഡ് ചെയ്ത മജിസ്‌ട്രേറ്റിന്റെ നടപടിയാണ് അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിട്ടുള്ളത്. 

തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. രാജ്കുമാര്‍ ക്രൂരമര്‍ദനത്തിന് ഇരയായിരുന്നുവെന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പരിക്കുകളുണ്ടായിട്ടും ചികില്‍സ നല്‍കാന്‍ ഉത്തരവിടാതിരുന്ന സാഹചര്യം അന്വേഷിക്കാനാണ് നിര്‍ദേശം. 

കഴിഞ്ഞ ജൂണ്‍ 15 നാണ് രാജ്കുമാറിനെ റിമാന്‍ഡ് ചെയ്യുന്നത്. നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനില്‍ നിന്ന് രാജ്കുമാറിനെ നെടുങ്കണ്ടം കോടതിയിലേക്കാണ് കൊണ്ടുപോകേണ്ടിയിരുന്നത്. എന്നാല്‍ നെടുങ്കണ്ടം മജിസ്‌ട്രേറ്റ് അവധിയായതിനാലാണ് ഇടുക്കി മജിസ്‌ട്രേറ്റ് രശ്മി രവീന്ദ്രന്റെ മുന്നില്‍ രാജ്കുമാറിനെ ഹാജരാക്കിയത്. ഇവരാണ് റിമാന്‍ഡ് ചെയ്യാനുള്ള ഉത്തരവ് നല്‍കിയത്. 

നടക്കാന്‍ കഴിയാതെ അവശനിലയിലായിരുന്ന രാജ്കുമാറിനെ പൊലീസ് വാഹനത്തിന് അടുത്ത് എത്തിയാണ് മജിസ്‌ട്രേറ്റ് കണ്ടത്. എന്നിട്ടും ഇയാളെ ജയിലിലേക്ക് അയച്ചതാണ് അന്വേഷിക്കുന്നത്. റിമാന്‍ഡിലിരിക്കെ രാജ്കുമാര്‍ മരിച്ചത് വിവാദമാവുകയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കസ്റ്റഡി മര്‍ദ്ദനം സൂചിപ്പിക്കുകയും ചെയ്തതോടെയാണ് ഇടുക്കി മജിസ്‌ട്രേറ്റിന് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് ഹൈക്കോടതി അന്വേഷിക്കുന്നത്. മജിസ്‌ട്രേറ്റിന്റെ ഭാഗം കേട്ടതിന് ശേഷം വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ തന്നെ നല്‍കാനാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. 

അതേസമയം ലോക്കപ്പിന് അകത്ത് ആരെയും തല്ലുന്നതും കൊല്ലുന്നതും അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. കുറ്റക്കാര്‍ ആരായാലും സര്‍വീസിലുണ്ടാകില്ല. രാജ്കുമാറിനെ ജയിലിലെത്തിക്കുമ്പോള്‍ ശാരീരികമായി അവശനിലയിലായിരുന്നു. ആഹാരം കഴിക്കാന്‍ പോലും പരസഹായം വേണമായിരുന്നു. ഇത്രയും അവശനിലയിലായിട്ടും ജയില്‍ അധികൃതര്‍ എന്തുകൊണ്ട് ആശുപത്രിയില്‍ എത്തിച്ചില്ലെന്ന് അന്വേഷിക്കും. 

രാജ്കുമാറിനെ 15-ാം തീയതി കസ്റ്റഡിയില്‍ എടുത്തു എന്നാണ് പൊലീസ് രേഖകളിലുള്ളത്. അനധികൃതമായി കസ്റ്റഡിയില്‍ വെച്ചത് ഉന്നത ഉദ്യോഗസ്ഥര്‍ അറിഞ്ഞില്ലെന്ന് പറഞ്ഞത് അംഗീകരിക്കാനാകില്ല. സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

പ്രതിപക്ഷത്തെ വി ഡി സതീശന്‍ എംഎല്‍എയാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. പൊലീസ് നടത്തിയത് നിധിവേട്ടതായാണെന്ന് വിഡി സതീശന്‍ ആരോപിച്ചു.  രാജ്കുമാറിന്റെ പണത്തിലായിരുന്നു പൊലീസിന്റെ കണ്ണ്. കൊലപാതകമായാലും ആത്മഹത്യയായാലും മരിച്ചവന്റെ പോക്കറ്റിലെ പണത്തിലാണ് പൊലീസിന്റെ നോട്ടം. ഇടുക്കി എസ് പി മന്ത്രി എംഎം മണിയുടെ കിങ്കരനാണെന്നും വി ഡി സതീശന്‍ ആരോപിച്ചു. 

രാജ്കുമാറിനെ തല്ലിക്കൊന്ന പൊലീസ് മര്‍ദനത്തിന്റെ ഉത്തരവാദിത്തം നാട്ടുകാരുടെ മേല്‍ കെട്ടിവെക്കാനാണ് ശ്രമിക്കുന്നതെന്ന് സതീശന്‍ ആരോപിച്ചു. മര്‍ദനം ആരോപിച്ച് ഏതാനും നാട്ടുകാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കേസെടുത്തത് 20-ാം തീയതിയാണ്. പൊലീസിന്റെ വാദം ശരിയെങ്കില്‍ രാജ്കുമാറിനെ കസ്റ്റഡിയിലെടുത്ത 12-ാം തീയതി തന്നെ കേസെടുക്കേണ്ടിയിരുന്നതല്ലേ എന്നും സതീശന്‍ ചോദിച്ചു. ഉന്നത ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com