ആന്തൂരിനെപ്പറ്റി ഇനി ചര്‍ച്ച വേണ്ട; പാര്‍ട്ടി കീഴ്ഘടകങ്ങള്‍ക്ക് സിപിഎം നിര്‍ദേശം

പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ ആന്തൂര്‍ വിഷയം ഇനി പൊതുവേദികളിലുള്‍പ്പെടെ ചര്‍ച്ചചെയ്യരുതെന്നു കീഴ്ഘടകങ്ങള്‍ക്കു സിപിഎം നിര്‍ദേശം
ആന്തൂരിനെപ്പറ്റി ഇനി ചര്‍ച്ച വേണ്ട; പാര്‍ട്ടി കീഴ്ഘടകങ്ങള്‍ക്ക് സിപിഎം നിര്‍ദേശം

തിരുവനന്തപുരം: പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ ആന്തൂര്‍ വിഷയം ഇനി പൊതുവേദികളിലുള്‍പ്പെടെ ചര്‍ച്ചചെയ്യരുതെന്നു കീഴ്ഘടകങ്ങള്‍ക്കു സിപിഎം നിര്‍ദേശം. പ്രവാസി സംരംഭകന്റെ ആത്മഹത്യയിലേക്കു നയിച്ച സംഭവങ്ങളില്‍ പാര്‍ട്ടിയിലെ വിഭാഗീയതയും മറനീക്കിയതോടെയാണിതെന്ന് മംഗളം ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. 

പ്രവാസി സംരംഭകന്‍ സാജന്‍ പാറയിലിന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി വൈകിയതില്‍ ആന്തൂര്‍ നഗരസഭാധ്യക്ഷയും പാര്‍ട്ടി ജില്ലാ സമിതിയംഗവുമായ പികെ ശ്യാമളയ്ക്കു പങ്കില്ലെന്നു സംസ്ഥാനസമിതി വിലയിരുത്തിയിരുന്നു. ഇതോടെ അണികള്‍ക്കിടയിലെങ്കിലും പ്രശ്‌നം തുടര്‍ചര്‍ച്ചയാകില്ലെന്നായിരുന്നു നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. എന്നാല്‍, ശ്യാമളയ്ക്കു വീഴ്ചപറ്റിയെന്ന് സമകാലിക മലയാളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പി ജയരാജന്‍ പറഞ്ഞത് ചര്‍ച്ചയായതോടെ പാര്‍ട്ടി വീണ്ടും പ്രതിരോധത്തിലായി. 

ജയരാജന്റേതു അച്ചടക്കലംഘനമാണെന്നു പാര്‍ട്ടിയില്‍ വാദമുയര്‍ന്നതോടെയാണ് ആന്തൂരിനെപ്പറ്റി ഇനി അധികം ചര്‍ച്ച വേണ്ടെന്ന് നേതൃത്വം താക്കീത് പുറപ്പെടുവിച്ചത് എന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്തത്. പ്രശ്‌നത്തില്‍ സംസ്ഥാനസമിതിയുടെ നിലപാട് ആരെങ്കിലും അവഗണിച്ചെങ്കില്‍, അക്കാര്യം ചര്‍ച്ചചെയ്യേണ്ടതു സംസ്ഥാന സെക്രട്ടേറിയേറ്റാണെന്നു നേതൃത്വം ചൂണ്ടിക്കാട്ടുന്നു. ഈ നിലപാടിന്റെ ഭാഗമായാണു കഴിഞ്ഞദിവസം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലും പ്രശ്‌നം ചര്‍ച്ച ചെയ്യാതിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com