കുടുംബ വഴക്കിനിടെ ഭാര്യ കിണറ്റില്‍ ചാടി, ഭര്‍ത്താവ് ഫ്യൂരിഡാന്‍ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു: അവസാനം രക്ഷകരായി ഫയര്‍ ഫോഴ്‌സ്

ഫയര്‍ഫോഴ്‌സ് യൂണിറ്റിലെ ഉദ്യോഗസ്ഥരുടെ സന്ദര്‍ഭോചിതമായ ഇടപെടലിലൂടെ ഇരുവര്‍ക്കും ജീവന്‍ തിരിച്ചുകിട്ടി
കുടുംബ വഴക്കിനിടെ ഭാര്യ കിണറ്റില്‍ ചാടി, ഭര്‍ത്താവ് ഫ്യൂരിഡാന്‍ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു: അവസാനം രക്ഷകരായി ഫയര്‍ ഫോഴ്‌സ്

നെടുമങ്ങാട്: കുടുംബ വഴക്കിനിടെ ഭാര്യ കിണറ്റില്‍ ചാടിയതറിഞ്ഞ് ഭര്‍ത്താവ് വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. നെടുമങ്ങാട് ഫയര്‍ഫോഴ്‌സ് യൂണിറ്റിലെ ഉദ്യോഗസ്ഥരുടെ സന്ദര്‍ഭോചിതമായ ഇടപെടലിലൂടെ ഇരുവര്‍ക്കും ജീവന്‍ തിരിച്ചുകിട്ടി. പനയമുട്ടം ആട്ടുകാല്‍ കടുവാപ്പോക്ക് ആയില്യത്തില്‍ ജോയി (ജയന്‍, 55), ഭാര്യ പ്രീജ (49) എന്നിവരാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 

ജോയി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രീജ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും ചികിത്സയിലാണ്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടേ കാലോടെയാണ് സംഭവം. വഴക്കിനിടയില്‍ വീട്ടുമുറ്റത്തെ എഴുപതടി താഴ്ചയുള്ള കിണറ്റിലേക്ക് പ്രീജ എടുത്തുചാടുകയായിരുന്നു. വെള്ളം കുറവായതിനാല്‍ മുങ്ങിപ്പോയില്ല. തലയ്ക്ക് സാരമായ പരിക്കുണ്ട്. 

ഭാര്യയെ രക്ഷിക്കുന്നതിന് പകരം ജോയി ചെടിക്ക് ഉപയോഗിച്ചിരുന്ന ഫ്യൂരിഡാന്‍ കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവ സമയം വീട്ടിലുണ്ടായിരുന്ന മകളുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാര്‍ ഉടന്‍ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചു. പതിനഞ്ച് മിനിട്ടിനുള്ളില്‍ ആംബുലന്‍സുമായി സ്ഥലത്തെത്തിയ ഫയഫോഴ്‌സ് സംഘം രണ്ടു ടീമായി തിരിഞ്ഞു. വീട്ട് മുറ്റത്ത് അബോധാവസ്ഥയില്‍ കിടന്ന ജോയിയെ ഒട്ടും വൈകാതെ മെഡിക്കല്‍ കോളജ് തീവ്ര പരിചരണ വിഭാഗത്തില്‍ എത്തിച്ചു. ഫയര്‍മാന്‍ കുമാര ലാല്‍ കിണറ്റിലിറങ്ങി പ്രീജയെ കരയ്‌ക്കെത്തിച്ചു. സ്വകാര്യ വാഹനത്തിലാണ് ഇവരെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. ഫയര്‍ഫോഴ്‌സ് നെടുമങ്ങാട് സ്‌റ്റേഷന്‍ അസിസ്റ്റന്റ് ഓഫീസര്‍ രവീന്ദ്രന്‍ നായര്‍ രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com