ബൈക്ക് യാത്രക്കാരെ പിന്തുടർന്ന കടുവയുടെ ദൃശ്യങ്ങൾ വയനാട്ടിലേതു തന്നെ; സ്ഥിരീകരിച്ച് വനംവകുപ്പ് 

വിഡിയോയിൽ കാണുന്ന സ്ഥലം നേരിട്ടെത്തി പരിശോധിച്ച ശേഷമാണ് സ്ഥിരീകരണം
ബൈക്ക് യാത്രക്കാരെ പിന്തുടർന്ന കടുവയുടെ ദൃശ്യങ്ങൾ വയനാട്ടിലേതു തന്നെ; സ്ഥിരീകരിച്ച് വനംവകുപ്പ് 

വയനാട്: ബൈക്ക് യാത്രക്കാർക്കുനേരേ കടുവ പാഞ്ഞടുക്കുന്ന വിഡിയോ വയനാട്ടിലേതു തന്നെയെന്ന് സ്ഥിരീകരിച്ച് വനംവകുപ്പ്. വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി പുല്‍പ്പള്ളി റോഡിലാണ് വിഡിയോ പകർത്തിയിരിക്കുന്നതെന്നും കാടിന് നടുവിലൂടെയുള്ള വനപാതയാണ് ദൃശ്യങ്ങളിൽ കാണുന്നതെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു. 

കടുവ റോഡ് കടക്കാൻ ശ്രമിക്കുന്നതിനിടയിലാകാം ബൈക്ക് യാത്രികരുടെ മുന്നിൽ പെട്ടതെന്നും വണ്ടിയുടെ ശബദം കേട്ട പരിഭ്രാന്തിയിൽ ഓട്ടത്തിന്റെ വേ​ഗത കൂട്ടിയതാകാമെന്നും അധികൃതർ പറഞ്ഞു. വിഡിയോയിൽ കാണുന്ന സ്ഥലം നേരിട്ടെത്തി പരിശോധിച്ച ശേഷമാണ് സ്ഥിരീകരണം അറിയിച്ചത്. ഈ പ്രദേശത്തെ നിലവിലെ സാഹചര്യങ്ങളും വിഡിയോയിലെ ദൃശ്യങ്ങളും സമാനമാണെന്നും അതുകൊണ്ടുതന്നെ ദൃശ്യങ്ങൾ അടുത്തകാലത്ത് പകർത്തിയത് ആകാമെന്നാണ് ഉദ്യോ​ഗസ്ഥർ കരുതുന്നത്. അതേസമയം വിഡിയോ ചിത്രീകരിച്ചവരെ കണ്ടെത്താൻ വനംവകുപ്പിന് കഴിഞ്ഞിട്ടി‌ല്ല.

സംഭവത്തിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിലാണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലായത്. ബൈക്ക് യാത്രികരുടെ മുന്‍പിലേക്കു കടുവ ചാടുന്നതായിരുന്നു ദൃശ്യങ്ങളില്‍. മിന്നല്‍ വേഗത്തിലായിരുന്നു റോഡരികില്‍ നിന്നിരുന്ന ഒരു കടുവ ബൈക്ക് യാത്രികര്‍ക്ക് നേരെ പാഞ്ഞടുത്തത്. ല. ബൈക്കിന് പുറകേ അല്‍പ്പം ഓടിയ കടുവ റോഡ് മുറിച്ചു കടന്ന് കാട്ടിനുള്ളിലേക്ക് പോയി മറയുകയാണ് ചെയ്തത്. 

വിഡിയോ പുറത്തുവന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും വനംവകുപ്പിന്റെ സ്ഥിരീകരണം ഉണ്ടാകാതിരുന്നതിനെതിരെ വിമർശനം ഉയർന്നിരുന്നു. കടുവ ഇറങ്ങിയ വിവരം ഉദ്യോ​ഗസ്ഥർക്ക് നേരത്തെ അറിയാമായിരുന്നെന്നാണ് വിഡിയോ പുറത്തുവന്ന ദിവസങ്ങളിൽ ഇതേ സ്ഥലത്ത് യാത്ര ചെയ്തവർ ആരോപിക്കുന്നത്. ശനിയാഴ്ച ബത്തേരി- പുല്‍പള്ളി റൂട്ടില്‍ സഞ്ചരിച്ച വിദ്യാർത്ഥികൾ തങ്ങൾക്ക് കടുവ ഇറങ്ങിയിട്ടുണ്ടെന്ന മുന്നറിയിപ്പ് ഉദ്യോ​ഗസ്ഥരിൽ നിന്ന് ലഭിച്ചിരുന്നെന്ന് പറയുന്നു. കൊല്ലം സ്വദേശി കാര്‍ത്തിക് കൃഷ്ണനും തൃശൂര്‍ സ്വദേശി സഞ്ജയ് കുമാറുമാണ് ശനിയാഴ്ച വിഡിയോയിൽ കാണുന്ന സ്ഥലത്തുകൂടെ യാത്രചെയ്യാൻ ഉദ്യോ​ഗസ്ഥരുടെ അനുവാദം തേടിയത്. വലിയ വണ്ടികളെ മാത്രമാണ് ഇതിലെ കടത്തിവിട്ടിരുന്നതെന്നും വളരെ അത്യാവശ്യമുള്ള യാത്രയാണെന്ന് ബോധ്യപ്പെടുത്തിയതിന് ശേഷം തങ്ങളെ ഒരു ബസിനൊപ്പം പറഞ്ഞുവിട്ടെന്നും ഇവർ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com