ഭിന്നത പൊട്ടിത്തെറിയില്‍; ആലഞ്ചേരിക്കു കീഴില്‍ ഇനി മുന്നോട്ടുപോവാനാവില്ലെന്ന് വൈദികര്‍

ആര്‍ച്ചബിഷപ്പ് സ്ഥാനം ആരുടെയും കുടുംബ സ്വത്തല്ല, ഒരു പദവി മാത്രമാണ്
ഭിന്നത പൊട്ടിത്തെറിയില്‍; ആലഞ്ചേരിക്കു കീഴില്‍ ഇനി മുന്നോട്ടുപോവാനാവില്ലെന്ന് വൈദികര്‍

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി വില്‍പ്പനയെത്തുടര്‍ന്ന് ഉടലെടുത്ത ഭിന്നത പൊട്ടിത്തെറിയിലേക്ക്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കാനോനിക നിയമം ലംഘിച്ചെന്നും അദ്ദേഹത്തിനു കീഴില്‍ ഇനി മുന്നോട്ടുപോവാനാവില്ലെന്നും ഒരു വിഭാഗം വൈദികര്‍ പ്രഖ്യാപിച്ചു. സഹായമെത്രാന്‍മാരെ മാറ്റിയത് മാര്‍ ആലഞ്ചേരിയുടെ പ്രതികാര നടപടിയാണെന്ന് ഇവര്‍ ആരോപിച്ചു.

മാര്‍ ആലഞ്ചേരി സഭാ ചുമതലകളില്‍ തിരിച്ചുവന്നതിനു പിന്നാലെ രണ്ടു സഹായ മെത്രാന്‍മാരെ മാറ്റിയതിനെത്തുടര്‍ന്നുണ്ടായ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ വിമത വിഭാഗം റിന്യൂവല്‍ സെന്ററില്‍ യോഗം ചേര്‍ന്നു. ആകെയുള്ള 461ല്‍ 251 വൈദികര്‍ യോഗത്തില്‍ പങ്കെടുത്തതായി ഇവര്‍ അവകാശപ്പെട്ടു. 

അതിരൂപതയുടെ ഭൂമി വില്‍ക്കാന്‍ തീരുമാനിച്ചത് സിനഡില്‍ ആലോചിക്കാതെയാണെന്ന് വൈദികര്‍ പറഞ്ഞു. മാര്‍ ആലഞ്ചേരി കാനോനിക നിയമം ലംഘിച്ചു. അദ്ദേഹത്തിനു കീഴില്‍ അതിരൂപതയ്ക്കു മുന്നോട്ടുപോവാനാവില്ല. അതിരൂപതയ്ക്കു മാത്രമായി അഡ്മിനിസ്‌ട്രേഷന്‍ ചുമതലയുള്ള ബിഷപ്പിനെ നിയോഗിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ആര്‍ച്ചബിഷപ്പ് സ്ഥാനം ആരുടെയും കുടുംബ സ്വത്തല്ല, ഒരു പദവി മാത്രമാണ്. അതിരൂപതയുടെ ഭരണകേന്ദ്രം അധര്‍മികളുടെ കൂടാരമായി മാറിയിരിക്കുകയാണെന്ന് വൈദികര്‍ വിമര്‍ശിച്ചു.

ഒരു വിശദീകരണവും ഇല്ലാതെയാണ് സഹായ മെത്രാന്‍മാരെ ഇറക്കിവിട്ടത്. മാര്‍ ആലഞ്ചേരിയുടെ പ്രതികാര നടപടിയാണിത്. വത്തിക്കാന്റെ അംഗീകാരത്തോടെയാണ് നടപടി എന്നു പറയുന്നത്. ഇതിന്റെ വസ്തുകകള്‍ പുറത്തുവരണം. സഹയ മെത്രാന്‍മാര്‍ ചെയ്ത തെറ്റ് എന്തെന്ന് കര്‍ദിനാള്‍ പറയണം. കാനോനിക സമിതി വിളിച്ച് അവിടെ ഇക്കാര്യം പറയണം. വൈദികരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചാല്‍ തെരുവിലിറങ്ങുമെന്ന് വൈദികര്‍ പ്രഖ്യാപിച്ചു.

എറണാകുളം-അങ്കമാലി അതിരൂപതയെ വിഭജിക്കാന്‍ അനുവദിക്കില്ല. അതിരൂപതയുടെ സ്വത്തുക്കളൊന്നും ഇനി വില്‍ക്കാന്‍ സമ്മതിക്കില്ലെന്നും വൈദികര്‍ പറഞ്ഞു. അതിരൂപതയ്ക്കുള്ള വിഹിതം തടയാന്‍ ഇടവക യോഗം തീരുമാനിച്ചാല്‍ തടയാനാവില്ലെന്നും വൈദികര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com