മഴയില്ല; വൈദ്യുതി നില ആശങ്കാജനകം; കേരളം ലോഡ് ഷെഡ്ഡിങിലേക്ക്

കേരളത്തിൽ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ മഴ പെയ്തില്ലെങ്കിൽ ലോഡ് ഷെഡ്ഡിങ് വേണ്ടി വരുമെന്ന് ഉറപ്പായി
മഴയില്ല; വൈദ്യുതി നില ആശങ്കാജനകം; കേരളം ലോഡ് ഷെഡ്ഡിങിലേക്ക്

കൊച്ചി: കേരളത്തിൽ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ മഴ പെയ്തില്ലെങ്കിൽ ലോഡ് ഷെഡ്ഡിങ് വേണ്ടി വരുമെന്ന് ഉറപ്പായി. വൈദ്യുതി നില ആശങ്കാജനകമായി തുടരുന്നതിനിടെ ഉചിത തീരുമാനങ്ങളെടുക്കാൻ വൈദ്യുതി ബോർഡ് നാലാം തീയതി യോ​ഗം ചേരും. 

അണക്കെട്ടുകളിൽ അവശേഷിക്കുന്ന വെള്ളത്തിന്റെ അളവ്, കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ടുകൾ, ഓരോ ദിവസത്തേയും ശരാശരി വൈദ്യുതോപയോ​ഗം എന്നിവ കണക്കാക്കി ലോഡ് ഷെഡ്ഡിങിന്റെ സാധ്യതകൾ വിലയിരുത്തുന്നമെന്ന് വൈദ്യുതി ബോർഡ് അധികൃതർ വ്യക്തമാക്കി. നിശ്ചിത ഇടവേളകളിൽ ചെറിയ തോതിൽ വൈദ്യുതി നിയന്ത്രിക്കാനാണ് ആലോചിക്കുന്നത്. അല്ലെങ്കിൽ ഈ ദിവസങ്ങളിൽ നല്ല മഴ കിട്ടണം. 

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ഇഷ്ടം പോലെ വൈദ്യുതി കിട്ടാനുണ്ടെങ്കിലും ഇത് കൊണ്ടു വരാൻ ലൈനില്ലാത്തതാണ് പ്രശ്നമായിരിക്കുന്നത്. കൂടംകുളം- ഇടമൺ- കൊച്ചി ലൈൻ‍ ഇക്കഴിഞ്ഞ മാർച്ചിൽ പൂർത്തിയാക്കേണ്ടതായിരുന്നെങ്കിലും ഒരു സ്ഥലം കേസിൽപ്പെട്ടതു മൂലം വൈകുകയാണ്. കൊല്ലം ജില്ലയിലെ ഇടമൺ മുതൽ കൊച്ചി വരെ 148 കിലോമീറ്ററിൽ 600- 650 മീറ്ററിലാണ് തർക്കം. ഇവിടെ അലൈൻമെന്റ് മാറ്റണമെന്ന് പണികൾ നടത്തുന്ന പവർ​ഗ്രിഡ് കോർപറേഷനോട് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഒരു ടവർ മാത്രം ഉൾക്കൊള്ളുന്ന ഇത്രയും സ്ഥലത്തിനായി അലൈൻമെന്റ് മാറ്റുന്നതിന്റെ പ്രായോ​ഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിക്കുമെന്ന് പവർ​ഗ്രിഡ് കോർപറേഷൻ അധികൃതർ പറഞ്ഞു. 

കേരളത്തിന്റെ 15- 20 വർഷത്തേക്കുള്ള വൈദ്യുതി ആവശ്യം നിറവേറ്റാൻ കഴിയുന്നതാണ് കൂടംകുളം- ഇടമൺ- കൊച്ചി 400 കെവി ലൈൻ, കൊല്ലം 22 കി.മീ, പത്തനംതിട്ട 47 കി.മീ, കോട്ടയം 51 കി.മീ, എറണാകുളം 28 കി.മീ എന്നിങ്ങനെയാണ് ലൈൻ കടന്നു പോകുന്നത്. 

കൂടംകുളം ആണവ നിലയത്തിൽ നിന്നുള്ള കേരളത്തിന്റെ വിഹിതം ഇപ്പോൾ കൊണ്ടു വരുന്നത് കൂടംകുളം, തിരുനൽവേലി, ഉദുമൽപേട്ട്, മാടക്കത്തറ ലൈനിലൂടെയാണ്. ഇടമൺ- കൊച്ചിയേക്കാൾ 250 ഓളം കിലോമീറ്റർ കൂടുതലാണിത്. പ്രസരണ നഷ്ടം, വഴി മാറി വരുന്നതുകൊണ്ടുള്ള സാങ്കേതിക പ്രശ്നങ്ങൾ എന്നിവയെല്ലാം പ്രതിസന്ധി സൃഷ്ടിക്കുന്നു. 

സംസ്ഥാനത്ത് ആവശ്യമുള്ളതിന്റെ 30 ശതമാനം വൈദ്യുതിയേ ഇവിടെ ഉത്പാദിപ്പിക്കുന്നുള്ളു. ബാക്കി ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുകയാണ്. ഇപ്പോൾ 2900 മെ​ഗാവാട്ട് കൊണ്ടുവരാനുള്ള ശേഷിയേ നമ്മുടെ ലൈനുകൾക്കുള്ളു. ഇടമൺ- കൊച്ചി ലൈൻ പൂർത്തിയായാൽ 1000 മെ​ഗാവാട്ട് കൂടി കൊണ്ടുവരാൻ സാധിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com