ലിസ കേരളത്തിലെത്തിയിട്ട് നാല് മാസം, അന്വേഷണം രാജ്യവ്യാപകമാക്കി പൊലീസ്; എല്ലാ വിമാനത്താവളങ്ങളിലേക്കും വിവരങ്ങൾ കൈമാറി

വലിയതുറ സ്റ്റേഷൻ ഹൗസ് ഓഫീസര്‍ സജദിന്‍റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണസംഘം പ്രവര്‍ത്തിക്കുന്നത്
ലിസ കേരളത്തിലെത്തിയിട്ട് നാല് മാസം, അന്വേഷണം രാജ്യവ്യാപകമാക്കി പൊലീസ്; എല്ലാ വിമാനത്താവളങ്ങളിലേക്കും വിവരങ്ങൾ കൈമാറി

തിരുവനന്തപുരം: നാല് മാസം മുൻപ് കേരളത്തിൽ വിമാനമിറങ്ങിയ ശേഷം കാണാതായ ജർമൻ സ്വദേശി ലിസ വെയ്സി(31)നായുള്ള അന്വേഷണം രാജ്യവ്യാപകമാക്കി പൊലീസ്. കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും വിവരം കൈമാറിയതിന് പിന്നാലെയാണ് രാജ്യവ്യാപക അന്വേഷണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലേക്കും ലിസയുടെ ചിത്രവും വിവരങ്ങളും കൈമാറി.‌‌ 

കഴിഞ്ഞ മാർച്ച് 7നു തിരുവനന്തപുരം വിമാനത്താവളത്തിലാണ് ലിസ എത്തിയത്. ഇതിന് ശേഷം മകളെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് ലിസയുടെ അമ്മ ജർമൻ കോൺസുലേറ്റിൽ പരാതി നൽകിയതോടെയാണ് അന്വേഷണത്തിന് തുടക്കമാകുന്നത്. ഡിജിപിക്കു കൈമാറിയ പരാതി വലിയതുറ പൊലീസാണ് അന്വേഷിക്കുന്നത്. വലിയതുറ സ്റ്റേഷൻ ഹൗസ് ഓഫീസര്‍ എസ് സജദിന്‍റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണസംഘം പ്രവര്‍ത്തിക്കുന്നത്. അന്വേഷണത്തിന്‍റെ പുരോഗതി പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നേരിട്ട് വിലയിരുത്തുന്നുണ്ട്. 

ലിസയ്ക്കൊപ്പം കേരളത്തിലെത്തിയ യുകെ പൗരൻ മുഹമ്മദ് അലി മാര്‍ച്ച് 15ന് നാട്ടിലേയ്ക്ക് മടങ്ങിയെന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്. ഇദ്ദേഹം കൊച്ചിയിൽ നിന്നാണ് വിമാനം കയറിയത്. ലിസ കേരളത്തിൽ എത്തിയ ശേഷം ഫോൺ വിളിക്കുകയോ വിവരങ്ങൾ കൈമാറുകയോ ചെയ്തിട്ടില്ലെന്ന് പരാതിയിൽ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com