'വര്‍ഗീയത തുലയട്ടെ...'; മലയാളികളുടെ നെഞ്ചില്‍ ആഴ്ന്നിറങ്ങിയ കത്തിക്കുത്തിന് ഒരാണ്ട്; എവിടെ ആ രണ്ടുപേര്‍?

മഹാരാജാസ് കോളജില്‍ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയിട്ട് ഇന്നേക്ക് ഒരാണ്ട്
'വര്‍ഗീയത തുലയട്ടെ...'; മലയാളികളുടെ നെഞ്ചില്‍ ആഴ്ന്നിറങ്ങിയ കത്തിക്കുത്തിന് ഒരാണ്ട്; എവിടെ ആ രണ്ടുപേര്‍?

കൊച്ചി: മഹാരാജാസ് കോളജില്‍ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയിട്ട് ഇന്നേക്ക് ഒരാണ്ട്. കഴിഞ്ഞ ജൂലൈ രണ്ട് വെളുപ്പിനാണ് ക്യാമ്പസ് ഫ്രണ്ടിന്റെ കൊലക്കത്തി അഭിമന്യുവിന്റെ ഇടനെഞ്ചില്‍ ആഴ്ന്നിറങ്ങിയത്. കോളജില്‍ ചുവരെഴുത്തുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ-സിഎഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. ആക്രമണത്തിന് പിന്നിലെ 14ല്‍ 12പേരേയും പിടികൂടിയെങ്കിലും അഭിമന്യുവിനെ കുത്തിവീഴ്ത്തിയ രണ്ട് പ്രധാന പ്രതികളെ പിടികൂടാന്‍ സാധിക്കാത്തത് ഇടത് സര്‍ക്കാരിന് മുകളിലെ കരിനിഴലായി. 

അഭിമന്യുവിന് കുത്തേറ്റ രാത്രി 12.35ന് മഹാരാജാസില്‍ ഒത്തുകൂടിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍, അഭിമന്യു വര്‍ഗീയത തുലയട്ടേ എന്നെഴുതിയ മതിലിനോട് ചേര്‍ന്ന് വീണ്ടും അതേ വാചകങ്ങള്‍ കുറിച്ചു. 

രണ്ടാം വര്‍ഷ ബിഎസ്‌സി(കെമിസ്ട്രി) വിദ്യാര്‍ഥിയായ അഭിമന്യു(19) എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗമായിരുന്നു. ക്യമ്പസ് ഫ്രണ്ടിന്റെ ചുവരെഴുത്തിനുമുകളില്‍ എസ്എഫ്‌ഐ 'വര്‍ഗീയത തുലയട്ടെ' എന്ന് എഴുതി ചേര്‍ത്തതാണ് അവരെ പ്രകോപിപ്പിച്ചത്. സിഎഫ്‌ഐക്കാര്‍ പുറത്ത് നിന്ന് എസ്ഡിപിഐക്കാരെക്കൂട്ടി  മടങ്ങിയെത്തി എസ്എഫ്‌ഐ സംഘത്തെ ആക്രമിക്കുകയായിരുന്നുവെന്നാണ് കേസ്. അഭിമന്യുവിനെ അടുത്തുള്ള ജനറല്‍ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.  ഗുരുതരമായി കുത്തേറ്റ ബിഎ മലയാളം വിദ്യാര്‍ഥി അര്‍ജുന്‍ ഏറെ നാളത്തെ ചികില്‍സ കഴിഞ്ഞ് കോളജില്‍ മടങ്ങിയെത്തി പഠനം തുടരുകയാണ്. എംഎ ഇക്കണോമിക്‌സ് വിദ്യാര്‍ഥിയായ വിനീത് കുമാറിനും തുടയില്‍ കുത്തേറ്റിരുന്നു. 

വട്ടവടയിലെ നിര്‍ധന കുടുംബാംഗമായ അഭിമന്യു ആക്രമണ ദിവസം രാത്രിയോടെയാണ് നാട്ടില്‍ നിന്ന് പച്ചക്കറി കയറ്റിവന്ന ചരക്ക് ലോറിയില്‍ കയറി കൊച്ചിയിലെത്തിയത്.  പിറ്റേന്ന് ക്യാമ്പസില്‍ കൊണ്ടുവന്ന അഭിമന്യുവിന്റെ മൃതദേഹത്തിനു മുന്നില്‍ 'നാന്‍ പെറ്റ മകനെ..' എന്ന അമ്മ ഭൂപതിയുടെ നിലവിളി കേരള മന:സാക്ഷിയുടെ മുഴുവന്‍ തേങ്ങലായി.

സിപിഎമ്മും എസ്എഫ്‌ഐയും നടത്തിയ ധനശേഖരണത്തിലൂടെ സ്വരൂപിച്ച 3.76 കോടി രൂപയില്‍ ഒരു ഭാഗം ഉപയോഗിച്ച് വട്ടവടയില്‍ അഭിമന്യുവിന്റെ കുടുംബത്തിനായി 10 സെന്റ് സ്ഥലം വാങ്ങി വീടുവച്ചു നല്‍കി. സഹോദരിയുടെ കല്യാണവും പാര്‍ട്ടി തന്നെ നടത്തി. മാതാപിതാക്കളുടെ പേരില്‍ 25 ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിച്ചു. വട്ടവട പഞ്ചായത്ത് ഓഫിസിനു മുകളില്‍ അഭിമന്യുവിന്റെ പേരില്‍ വായനശാലയും തുറന്നു. 

ബാക്കി തുക ഉപയോഗിച്ച് എറണാകുളത്ത് അഭിമന്യു സ്മാരകമായി വിദ്യാര്‍ഥി സേവന കേന്ദ്രം നിര്‍മ്മിക്കാനാണ് പാര്‍ട്ടി തീരുമാനം. കലൂര്‍കതൃക്കടവ് റോഡില്‍ ഇന്ന് കേന്ദ്രത്തിന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തറക്കല്ലിടും. 

അഭിമന്യുവിന്റെ കുഴിമാടം പ്രളയത്തില്‍ ഒലിച്ചുപോയിരുന്നു. കൊട്ടാക്കമ്പൂരില്‍ പാര്‍ട്ടി നിര്‍മിച്ചു നല്‍കിയ വീടിന് അര കിലോമീറ്റര്‍ ദൂരെ പഞ്ചായത്ത് വക പൊതു ശ്മശാനത്തില്‍ ആണ് അഭിമന്യുവിന്റെ കുഴിമാടം. മണ്‍കൂനയ്ക്ക് മുകളില്‍ സ്ഥാപിച്ച പാര്‍ട്ടി കൊടിയും ഫ്‌ലെക്‌സും ആയിരുന്നു അഭിമന്യുവിന്റെ കുഴിമാടം തിരിച്ചറിയാനുള്ള അടയാളം. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിലും ഉരുള്‍ പൊട്ടലിലും ഈ കുഴിമാടവും മണ്‍കൂനയും ഒലിച്ച് പോയി. ബന്ധുക്കള്‍ എത്തി വീണ്ടും കൂന കൂട്ടിയ മണ്ണും അവിടെ നാട്ടിയ ചുവന്ന കൊടിയും ആണ് ഈ കുഴിമാടത്തെ ഇപ്പോള്‍ വേറിട്ടു നിര്‍ത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com