കേരളത്തിലെ ഓട്ടോ ചാർജ് സംബന്ധിച്ച് നിങ്ങൾക്ക് സംശയങ്ങളുണ്ടോ? ഇതാ പൊലീസിന്റെ ഉത്തരം

കേരളത്തിലെ ഓട്ടോറിക്ഷാ നിരക്കിനെക്കുറിച്ച് ജനങ്ങളുടെ സംശങ്ങള്‍ ഉയർന്നുവരുന്നത് കണക്കിലെടുത്ത് ചാര്‍ജ് സംബന്ധിച്ച പട്ടിക പുറത്തിറക്കി കേരള പൊലീസ്
കേരളത്തിലെ ഓട്ടോ ചാർജ് സംബന്ധിച്ച് നിങ്ങൾക്ക് സംശയങ്ങളുണ്ടോ? ഇതാ പൊലീസിന്റെ ഉത്തരം

തിരുവനന്തപുരം: കേരളത്തിലെ ഓട്ടോറിക്ഷാ നിരക്കിനെക്കുറിച്ച് ജനങ്ങളുടെ സംശങ്ങള്‍ ഉയർന്നുവരുന്നത് കണക്കിലെടുത്ത് ചാര്‍ജ് സംബന്ധിച്ച പട്ടിക പുറത്തിറക്കി കേരള പൊലീസ്. ഔദ്യോ​ഗിക ഫെയ്സ്ബുക്ക് പേജിലാണ് ചാർജ് സംബന്ധിച്ച് പൊലീസ് വ്യക്തത നൽകിയിരിക്കുന്നത്. 

മിനിമം ചാര്‍ജ് 25 രൂപയാണെന്നും ഈ തുകയില്‍ 1.5 കിലോമീറ്റര്‍ യാത്ര ചെയ്യാമെന്നും പട്ടികയില്‍ പറയുന്നു. മിനിമം ചാര്‍ജില്‍ സഞ്ചരിക്കാവുന്ന 1.5 കിലോമീറ്ററിന് ശേഷമുള്ള അര കിലോമീറ്റര്‍ ഇടവിട്ടുള്ള നിരക്കുകളും പട്ടികയില്‍ നല്‍കിയിട്ടുണ്ട്. യാത്ര ചെയ്യാവുന്ന കൃത്യമായ ദൂരം പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ യാത്ര ചെയ്യുന്ന ഓരോ 100 മീറ്ററിനും 1.2 രൂപ വച്ച് നല്‍കേണ്ടതാണ്. രാത്രി പത്ത് മണിക്ക് ശേഷം പുലര്‍ച്ചെ അഞ്ച് മണി വരെ നടത്തുന്ന യാത്രകള്‍ക്ക് സാധാരണ നിരക്കിന്റെ 50 ശതമാനം അധിക തുക ഈടാക്കാന്‍ സാധിക്കുമെന്നും പട്ടികയില്‍ പറയുന്നു. 

സംസ്ഥാന ഗതാഗത കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം കേരള മോട്ടോര്‍ വാഹന വകുപ്പ് ഇറക്കിയ ഓട്ടോറിക്ഷാ നിരക്കിന്‍റെ അടിസ്ഥാനത്തിലാണ് കേരളാ പൊലീസ് വിവരങ്ങൾ നൽകിയിരിക്കുന്നത്. യാത്ര സംബന്ധിച്ച് പരാതി നൽകാനുള്ള ഫോൺ നമ്പർ, ഇ മെയിൽ ഐഡി എന്നിവയും കുറിപ്പിനൊപ്പം ചേർത്തിട്ടുണ്ട്. 

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

ഓട്ടോ നിരക്കിനെ കുറിച്ച് നിരവധി പേർ സംശയം ചോദിച്ചിരുന്നു.

സംസ്ഥാന ഗതാഗത കമ്മീഷണറുടെ 45/2018/ഗതാ തിയതി 11/12/2018 നിർദ്ദേശ പ്രകാരം കേരള സർക്കാർ മോട്ടോർവാഹന വകുപ്പ് ഇറക്കിയ ഓട്ടോ ചാർജ്ജ് പട്ടിക ചുവടെ ചേർക്കുന്നു.

മിനിമം ചാർജ്ജിൽ സഞ്ചരിക്കാവുന്ന 1.5 കി. മീറ്ററിന് ശേഷമുള്ള 0.5 കിലോമീറ്റർ ഇടവിട്ടുള്ള നിരക്കുകൾ പട്ടികയിൽ നൽകിയിട്ടുണ്ട്. യാത്ര ചെയ്യാവുന്ന കൃത്യമായ ദൂരം പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെങ്കിൽ യാത്ര ചെയ്യുന്ന ഓരോ 100 മീറ്ററിനും 1.2 രൂപ വച്ച് നൽകേണ്ടതാണ്.

രാത്രി 10 മണിക്ക് ശേഷം രാവിലെ 5 മണിവരെ നടത്തുന്ന യാത്രകൾക്ക് മേൽ സൂചിപ്പിച്ച ചാർജ്‌ജിന്റെ 50% കൂടി അധികമായി നൽകേണ്ടതാണ്.

തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, കോഴിക്കോട് എന്നീ കോർപ്പറേഷനുകളും കണ്ണൂർ, പാലക്കാട്, കോട്ടയം എന്നീ പ്രധാന ടൗണുകളും ഒഴികെയുള്ള സ്ഥലങ്ങളിൽ പകൽ 5 മണി മുതൽ രാത്രി 10 മണി വരെ നടത്തുന്ന ഒരു വശത്തേക്ക് മാത്രമുള്ള യാത്രകൾക്ക് മിനിമം ചാർജ്‌ജിന്‌ പുറമേയുള്ള തുകയുടെ 50% അധികമായി നൽകേണ്ടതാണ്. ഇരുവശത്തേക്കുമുള്ള യാത്രയ്ക്ക് മീറ്റർ ചാർജ്ജ് മാത്രം നൽകിയാൽ മതിയാകും.

വെയ്റ്റിംഗ് ചാർജ്ജ് ഓരോ 15 മിനിറ്റിനോ അതിന്റെ ഭാഗങ്ങൾക്കോ 10 രൂപ നിരക്കിലും ഒരു ദിവസത്തേക്ക് പരമാവധി 250 രൂപയും ആകുന്നു.

യാത്ര സംബന്ധമായ പരാതികൾ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, മോട്ടോർ വാഹന വകുപ്പ് ഓഫീസിലോ, 112, 1090, 1099 എന്നീ നമ്പറുകളിലോ അറിയിക്കുക. വകുപ്പ് ഓഫീസുകളുടെ വിലാസവും നമ്പറും www.mvd.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. #keralapolice

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com