ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട്: കെഎസ്‌യു മാര്‍ച്ചില്‍ സംഘര്‍ഷം; തലസ്ഥാനത്ത് തെരുവ് യുദ്ധം

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് എതിരെ കെഎസ്‌യു നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം
ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട്: കെഎസ്‌യു മാര്‍ച്ചില്‍ സംഘര്‍ഷം; തലസ്ഥാനത്ത് തെരുവ് യുദ്ധം

തിരുവനന്തപുരം: ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് എതിരെ കെഎസ്‌യു നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു.  എന്നിട്ടും പിരിഞ്ഞു പോകാത്ത പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി ചാര്‍ജ് നടത്തുകയും ചെയ്തു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയത്. 

സംസ്ഥാന പ്രസിഡന്റ് അഭിജിത്ത് ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റ് കവാടത്തിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതാണ് തെരുവ് യുദ്ധത്തില്‍ കലാശിച്ചത്. കല്ലേറുണ്ടായതോടെ പൊലീസ് ലാത്തിയുമായി പ്രവര്‍ത്തകരെ നേരിട്ടു. സമീപത്തെ ഹോട്ടലുകളിലേക്ക് ഓടിക്കയറിയ പ്രവര്‍ത്തകരെ ഹോട്ടലിനുള്ളില്‍ കയറി പൊലീസ് മര്‍ദിച്ചു. അരമണിക്കൂറോളം തലസ്ഥാനത്തെ യുദ്ധക്കളമാക്കിയാണ് കെഎസ്‌യു മാര്‍ച്ച് അവസാനിച്ചത്. കഴിഞ്ഞ ദിവസം ഇതേ ആവശ്യം ഉന്നയിച്ച് എബിവിപി നടത്തിയ മാര്‍ച്ചും പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചിരുന്നു. 

പ്ലസ് ടു വരെയുള്ള വിദ്യാഭ്യാസം ഒറ്റ ഡയറക്ടറേറ്റിന് കീഴിലേക്ക് വരുത്തണമെന്നാണ് ഖാദര്‍ കമ്മീഷന്റെ പ്രധാന നിര്‍ദേശം. ഒരു പരീക്ഷാ കമ്മീഷണര്‍ മാത്രമേ ഇനിയുണ്ടാകൂ. ഹൈസ്‌കൂള്‍ ഓഫീസായിരിക്കും സ്‌കൂളിന്റെ പൊതു ഓഫീസ്. ആറാംതരം മുതല്‍ പന്ത്രണ്ടാംതരം വരെയുള്ള സ്‌കൂളുകളുടെ മേധാവി പ്രിന്‍സിപ്പലായിരിക്കും. ഹയര്‍ സെക്കണ്ടറി സ്‌കൂളുള്ള സ്ഥാപനങ്ങളില്‍ നിലവിലെ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ വൈസ് പ്രിന്‍സിപ്പലായി മാറും. പ്ലസ്ടു വരെയുള്ള വിദ്യാഭ്യാസ ശൃംഖല ഒരു സംവിധാനത്തിനു കീഴില്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്നതും സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. റിപ്പോര്‍ട്ട് നടപ്പാക്കുന്നത് ജൂണ്‍ 17ന് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com