രാജ്കുമാറിനെ എസ്‌ഐയുടെ ക്യാബിനിലിട്ട് മര്‍ദിച്ചു; മഞ്ജുവിനെ പരാതിക്കാരെക്കൊണ്ട് തല്ലിച്ചു: ഡ്രൈവറുടെ വെളിപ്പെടുത്തല്‍

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ രാജ്കുമാറിനെ പൊലീസ് മര്‍ദിച്ചത് കണ്ടെന്ന് വ്യക്തമാക്കി ഡ്രൈവര്‍ രംഗത്ത്
രാജ്കുമാറിനെ എസ്‌ഐയുടെ ക്യാബിനിലിട്ട് മര്‍ദിച്ചു; മഞ്ജുവിനെ പരാതിക്കാരെക്കൊണ്ട് തല്ലിച്ചു: ഡ്രൈവറുടെ വെളിപ്പെടുത്തല്‍

നെടുങ്കണ്ടം: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ രാജ്കുമാറിനെ പൊലീസ് മര്‍ദിച്ചത് കണ്ടെന്ന് വ്യക്തമാക്കി ഡ്രൈവര്‍ രംഗത്ത്. രാജ്കുമാറിനെ എസ്‌ഐയുടെ ക്യാബിനിലിട്ട് മര്‍ദിക്കുന്നത് കണ്ടെന്ന് ഡ്രൈവര്‍ അജിമോന്‍ വെളിപ്പെടുത്തി.ഹരിത ചിട്ടിതട്ടിപ്പ് കേസിലെ ഒന്നാംപ്രതി മഞ്ജുവിനെ പൊലീസ് പരാതിക്കാരെ കൊണ്ട് മര്‍ദിപ്പിച്ചുവെന്നും അജിമോന്‍ വെഴിപ്പെടുത്തി. രണ്ടാം പ്രതി ശാലിനിയെ വനിതാ പൊലീസ് മര്‍ദിച്ചു. ചിട്ടി തട്ടിപ്പിന് പിന്നില്‍ അഡ്വ. നാസറും രാജുവുമാണെന്നും ഇരുവരെയും നേരില്‍ കണ്ടിട്ടില്ലെന്നും അജിമോന്‍ വ്യക്തമാക്കി. 

രാജ്കുമാറിനെ പൊലീസ് മര്‍ദിച്ചുവെന്ന് ഒന്നാംപ്രതി മഞ്ജുവും വെളിപ്പെടുത്തിയിരുന്നു. രാജ്കുമാറിനെ നാട്ടുകാര്‍ മര്‍ദിച്ചിരുന്നില്ലെന്നും സാധാരണ നിലയിലുണ്ടാകുന്ന വാക്കുതര്‍ക്കവും മറ്റുമാണ് നാട്ടുകാരില്‍ നിന്നും ഉണ്ടായതെന്നും മഞ്ജു പറഞ്ഞു. നാട്ടുകാര്‍ പൊലീസിന് കൈമാറുമ്പോള്‍ രാജ്കുമാര്‍ ആരോഗ്യവാനായിരുന്നുവെന്നും മഞ്ജു പറഞ്ഞു. പുളിയന്‍ മലയില്‍ വെച്ചാണ് പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. 12ാം തീയതി നാലുമണിയോടെയാണ് സ്‌റ്റേഷനിലെത്തുന്നത്. സ്‌റ്റേഷനിലെത്തുമ്പോള്‍ രാജ്കുമാര്‍ ആരോഗ്യവാനായിരുന്നെന്നും, ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും മഞ്ജു പറഞ്ഞു.

വനിതാ പൊലീസ് തന്നെ മര്‍ദിച്ചു. രാജ്കുമാറിനെ തന്റെ മുന്നിലിട്ട് മര്‍ദിച്ചിരുന്നു. സ്‌റ്റേഷനില്‍ എസ്‌ഐ അടക്കം ഉണ്ടായിരുന്നു. പിന്നീട് രാജ്കുമാറിനെയും ശാലിനിയെയും മുകളിലത്തെ നിലയിലേക്ക് കൊണ്ടുപോയി. കേസില്‍ രണ്ടാം പ്രതിയായ ശാലിനിയെയും പൊലീസ് നല്ല രീതിയില്‍ മര്‍ദിച്ചിരുന്നു. രാത്രി 10.3011 മണിയോടെയാണ് തെളിവെടുപ്പിനായി രാജ്കുമാറിനെ പുറത്തേക്ക് കൊണ്ടുപോകുന്നത്. അപ്പോള്‍രാജ്കുമാര്‍ അവശനായ നിലയിലായിരുന്നുവെന്നും മഞ്ജു വെളിപ്പെടുത്തി.

പൊലീസ് കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ ശാലിനിയുടെ കയ്യില്‍ 2,40,000 രൂപയും, രാജ്കുമാറിന്റെ കയ്യില്‍ 75,000 രൂപയും ഉണ്ടായിരുന്നു. ശാലിനിയുടെ കയ്യിലുള്ള പണം നാട്ടുകാരുടെയും തന്റെയും മുന്നില്‍ വെച്ച് കൃത്യമായി എണ്ണിത്തിട്ടപ്പെടുത്തിയിരുന്നുവെന്നും മഞ്ജു പറഞ്ഞു. പണമിടപാടുകളെല്ലാം നടത്തിയിരുന്നത് രാജ്കുമാര്‍ നേരിട്ടാണ്. ഓരോ ദിവസത്തെയും പണം കുമളിയിലെത്തി കൈമാറുകയായിരുന്നു. കമ്പനിയുടെ ഓഫീസ് മലപ്പുറത്താണെന്നാണ് തങ്ങളോട് പറഞ്ഞത്. അവിടെ നിന്നും കമ്പനി ഏജന്റ് എത്തി പണം കൈപ്പറ്റുകയാണെന്നാണ് രാജ്കുമാര്‍ പറഞ്ഞിട്ടുള്ളത്. മലപ്പുറത്തെ അഡ്വ. നാസര്‍ എന്നയാളുടെ പേര് പറഞ്ഞിരുന്നു. എന്നാല്‍ ഇയാളെ നേരിട്ട് കണ്ടിട്ടില്ല. ശാലിനിയും ഇയാളെ കണ്ടിട്ടില്ലെന്നാണ് പറഞ്ഞത്.

രാജ്കുമാറിനൊപ്പം ശാലിനിയും പോകാറുണ്ട്. വണ്ടിപ്പെരിയാറില്‍ ചിറ്റപ്പന്റെ വീടുണ്ടെന്നും രാജ്കുമാര്‍ പറഞ്ഞിട്ടുണ്ട്. അവിടെ വെച്ചാണോ പണം കൈമാറിയിരുന്നതെന്ന് അറിയില്ല. തന്റെ ഭര്‍ത്താവാണ് രാജ്കുമാറിന്റെ വാഹനം ഓടിച്ചിരുന്നത്. രാജ്കുമാറിനെ കുമളി ഓട്ടോസ്റ്റാന്‍ഡില്‍ കൊണ്ടു വിടുകയാണ് പതിവ്. ഇവിടെ നിന്ന് വേറെ വാഹനത്തിലാണ് അയാള്‍ പോയിരുന്നത്. അതിന് മുമ്പ് പുളിയന്‍മലയിലെത്തി ബസില്‍ കയറി കുമളിക്ക് പോകുകയായിരുന്നു പതിവെന്നും മഞ്ജു പറഞ്ഞു.

അടുത്തിടെ കുമളിയിലെ വാടക വീട്ടില്‍ ലക്ഷക്കണക്കിന് രൂപയുടെ ഫര്‍ണിച്ചര്‍ വാങ്ങിയതോടെ, ഇടപാടുകാരുടെ പണമാണോ ഇതെന്ന് തനിക്ക് സംശയം തോന്നി. ഭര്‍ത്താവുമായി ഇക്കാര്യം സംസാരിച്ചു. പിറ്റേന്ന് രാജ്കുമാറിനെ കണ്ട് പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ബാങ്കില്‍ തന്റെ പേരില്‍ നാലുകോടി 63 ലക്ഷം ഉണ്ടെന്ന് അയാള്‍ പറഞ്ഞു. രാജ്കുമാറിനും ശാലിനിക്കും ഒപ്പം താനും ബാങ്കില്‍ പോയിരുന്നു. എന്നാല്‍ മാനേജരുടെ മുറിയില്‍ താന്‍ പോയിരുന്നില്ല.

രാജ്കുമാര്‍ ഇറങ്ങിയതിന് പിന്നാലെ , മാനേജരോട് ഇയാളുടെ അക്കൗണ്ടില്‍ എത്രരൂപയുണ്ടെന്ന് ചോദിച്ചപ്പോള്‍ ആദ്യം വെളിപ്പെടുത്താന്‍ വിസമ്മതിച്ചു. തുടര്‍ന്ന് ഇടപാടുകാരുടെ പണമാണെന്ന് പറഞ്ഞപ്പോള്‍, പുതിയ അക്കൗണ്ട് എടുക്കുകയാണ് ചെയ്തതെന്നും, നാളെയോ മറ്റന്നാളെ മറ്റൊരു അക്കൗണ്ടില്‍ നിന്നും പണം എത്തുമെന്നും രാജ്കുമാര്‍ അറിയിച്ചെന്നും മാനേജര്‍ പറഞ്ഞതായി മഞ്ജു വെളിപ്പെടുത്തി. 

ഇടപാടുകാര്‍ക്ക് കുട്ടിക്കാനത്തെ ഭൂമി വിറ്റ കാശ് എടുത്തിട്ടായാലും നല്‍കുമെന്നും രാജ്കുമാര്‍ പറഞ്ഞിരുന്നു. രാജു എന്നയാളെക്കുറിച്ചും രാജ്കുമാര്‍ പറഞ്ഞിട്ടുണ്ട്. പണമിടപാടില്‍ തനിക്ക് പങ്കില്ലെന്നും, രാജ്കുമാറിന്റെ സ്ഥാപനത്തില്‍ രണ്ടുമാസമേ പ്രവര്‍ത്തിച്ചിട്ടുള്ളൂവെന്നും മഞ്ജു പറഞ്ഞു. പോസ്റ്റ് മാസ്റ്ററാണെന്നും, ചിട്ടി ഇടപാടുകാരിയുടെ ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്ന് സസ്‌പെന്‍ഷനിലാണെന്നുമാണ് രാജ്കുമാര്‍ പറഞ്ഞിരുന്നത്. തന്നെ കേസില്‍ പെടുത്തിയതാണെന്നും, രാഷ്ട്രീയക്കാര്‍ക്ക് നേരിട്ട് പങ്കുള്ളതായി അറിയില്ലെന്നും മഞ്ജു വെളിപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com