ശബരിമല: ഉടന്‍ നിയമ നിര്‍മാണമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍

ശബരിമലയിലെ യുവതീ പ്രവേശനം തടയാന്‍ ഉടന്‍ നിയമ നിര്‍മാണമില്ലെന്നു സൂചന നല്‍കി കേന്ദ്ര സര്‍ക്കാര്‍
ശബരിമല: ഉടന്‍ നിയമ നിര്‍മാണമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍

ന്യൂഡല്‍ഹി: ശബരിമലയിലെ യുവതീ പ്രവേശനം തടയാന്‍ ഉടന്‍ നിയമ നിര്‍മാണമില്ലെന്നു സൂചന നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഇക്കാര്യം സുപ്രിം കോടതിയുടെ പരിഗണനയിലാണെന്നു കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് ലോക്‌സഭയില്‍ വ്യക്തമാക്കി.

ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച സുപ്രിം കോടതി വിധി മറികടക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കുമോയെന്ന, കോണ്‍ഗ്രസ് അംഗങ്ങളായ ആന്റോ ആന്റണിയുടെയും ശശി തരൂരിന്റെയും ചോദ്യങ്ങള്‍ക്കു മറുപടിയായാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കിയത്. ചോദ്യത്തിനു നേരിട്ടു മറുപടി പറയാതെ ഇക്കാര്യം സുപ്രിം കോടതിയുടെ പരിഗണിയിലാണെന്നാണ് രവിശങ്കര്‍ പ്രസാദ് സഭയെ അറിയിച്ചത്. 

ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ നേരത്തെ ആര്‍എസ്പി അംഗം എന്‍കെ പ്രേമചന്ദ്രന്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചിരുന്നു. ശബരിമലയിലെ ആചാരങ്ങള്‍ 2018 സെപ്തംബര്‍ ഒന്നിനു മുമ്പത്തെ നിലയില്‍ തുടരാന്‍ ലക്ഷ്യമിട്ടായിരുന്നു ബില്‍. ലോക്‌സഭയില്‍ അവതരിപ്പിച്ച ബില്‍ സഭ ചര്‍ച്ചയ്‌ക്കെടുത്തിട്ടില്ല. ചര്‍ച്ചയ്‌ക്കെടുക്കേണ്ട സ്വകാര്യ ബില്ലുകളുടെ നറുക്കെടുപ്പില്‍ പ്രേമചന്ദ്രന്റെ ബില്ലിന് നറുക്കു വീണിരുന്നില്ല.

ശബരിമല ആചാര സംരക്ഷണത്തിന് ബില്‍ കൊണ്ടുവരണമെന്ന് നേരത്തെ ബിജെപി അംഗം മീനാക്ഷി ലേഖി സഭയില്‍ ആവശ്യപ്പെട്ടിരുന്നു. 

ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത സുപ്രിം കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നാണ് തെരഞ്ഞെടുപ്പു പ്രകടന പത്രികയില്‍ ബിജെപി പ്രഖ്യാപിച്ചിരുന്നത്. പ്രശ്‌നപരിഹാരത്തിനു നിയമപരമായ മാര്‍ഗങ്ങള്‍ തേടുമെന്നും പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com