ആപ്പില്‍ രജിസ്റ്റര്‍ ചെയ്യൂ, ആളുവരും..., തേങ്ങയിടും; പുതിയ പദ്ധതി 

കയര്‍ മേഖലയിലെ ചകിരി ക്ഷാമം പരിഹരിക്കുകയെന്ന ലക്ഷ്യത്തിലാണ് പുതിയ പരീക്ഷണം
ആപ്പില്‍ രജിസ്റ്റര്‍ ചെയ്യൂ, ആളുവരും..., തേങ്ങയിടും; പുതിയ പദ്ധതി 

ആലപ്പുഴ :തേങ്ങ ഇടാന്‍ ആളെ കിട്ടാതെ വിഷമിക്കുന്നത് നാട്ടിന്‍പുറങ്ങളില്‍ പതിവാണ്. ഇതിന് പരിഹാരം കാണാനുളള ശ്രമത്തിലാണ് കയര്‍ബോര്‍ഡ്. ഇതിന്റെ ഭാഗമായി തേങ്ങയിടാന്‍ ആളെ കണ്ടെത്താന്‍ കയര്‍ബോര്‍ഡിന്റെ നേതൃത്വത്തില്‍ സെന്റ്ര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്‌മെന്റിന്റെ സാങ്കേതിക സഹായത്തോടെ മൊബൈല്‍ ആപ്പിന് രൂപം നല്‍കി വരികയാണ്. പദ്ധതി ആദ്യ ഘട്ടമായി ആലപ്പുഴയില്‍ ഒരു മാസത്തിനുളളില്‍ നടപ്പാക്കാനാണ് ആലോചന.

കയര്‍ മേഖലയിലെ ചകിരി ക്ഷാമം പരിഹരിക്കുകയെന്ന ലക്ഷ്യത്തിലാണ് പുതിയ പരീക്ഷണം. ഉപഭോക്താവിനു ന്യായ വില നല്‍കി നാളികേരം സഹകരണ സംഘങ്ങള്‍ക്കു കൈമാറും. തൊണ്ട് കയര്‍ഫെഡ് സംഭരിച്ചു സംഘങ്ങള്‍ക്കു നല്‍കും. തേങ്ങയിടീക്കാന്‍ ഹരിത സേന പോലെയുള്ള സംഘങ്ങള്‍ രൂപീകരിച്ച് പരിശീലനം നല്‍കും. പുരയിടം ഉള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനാകുന്ന വിധത്തിലാണ് ആപ്പ് രൂപ കല്‍പന ചെയ്യുന്നത്. ഒരിക്കല്‍ റജിസ്റ്റര്‍ ചെയ്താല്‍ കൃത്യമായ ഇടവേളകളിലെത്തി തേങ്ങ ഇടുന്ന വിധത്തിലാണു ക്രമീകരണം. 

ചകിരി ക്ഷാമം മൂലം കയര്‍ മേഖല പ്രതിസന്ധിയിലേക്കു നീങ്ങുന്ന സാഹചര്യത്തില്‍ ആഭ്യന്തര വിപണിയില്‍നിന്നു പരമാവധി തൊണ്ടു ശേഖരിക്കുകയാണു ലക്ഷ്യം. ഇപ്പോള്‍ ആവശ്യമായ ചകിരി നൂലിന്റെ 20 ശതമാനത്തിനു താഴെ മാത്രമാണ് കേരളത്തില്‍ നിന്നു സംഭരിക്കാനാകുന്നത്. 80 ശതമാനവും തമിഴ്‌നാട്ടില്‍ നിന്നാണു വരുന്നത്. ഇതുമൂലം കയറിന്റെ വില നിശ്ചയിക്കുന്നത് തമിഴ്‌നാടിന്റെ നിലപാടുകളാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com