'കുഴഞ്ഞു വീണ' എസ്ഐ ഐസിയുവിലേയ്ക്ക് നടന്നു പോയി; ആശുപത്രിയിൽ രോഷപ്രകടനവും 

ആദ്യം കാര്‍ഡിയോളജി വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട എസ്‌ഐയെ പരിശോധനയ്ക്ക് ശേഷം ജനറല്‍ കാഷ്വാലിറ്റിയിലേക്ക്‌ മാറ്റുകയായിരുന്നു
'കുഴഞ്ഞു വീണ' എസ്ഐ ഐസിയുവിലേയ്ക്ക് നടന്നു പോയി; ആശുപത്രിയിൽ രോഷപ്രകടനവും 

കോട്ടയം: നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയിൽ പ്രതിയെ ക്രൂരമായി മർദ്ദിച്ചു കൊന്ന കേസിൽ അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ കുഴഞ്ഞു വീണ എസ് ഐ സാബു അത്യാഹിത വിഭാഗത്തിലേയ്ക്ക് പോയത് നടന്ന്. അറസ്റ്റ് വിവരം അറിഞ്ഞയുടൻ ഇയാൾ കുഴഞ്ഞു വീഴുകയായിരുന്നു. എന്നാൽ  കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച എസ് ഐ പരസഹായം കൂടാതെ അത്യാഹിത വിഭാഗത്തിലേയ്ക്ക് നടന്നു പോകുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. 

ആദ്യം കാര്‍ഡിയോളജി വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തെ പരിശോധനയ്ക്ക് ശേഷം ജനറല്‍ കാഷ്വാലിറ്റിയിലേക്ക്‌ മാറ്റുകയായിരുന്നു. 
തോർത്തുകൊണ്ട് മുഖം മറച്ചാണ് എസ്‌ഐയെ ആശുപത്രിയില്‍ എത്തിച്ചത്. വയർലെസ് സെറ്റുപോലുമില്ലാത്ത ക്രൈംബ്രാഞ്ചിന്റെ ജീപ്പിൽ അതിരഹസ്യമായാണ് സാബുവിനെ ആശുപത്രിയിലെത്തിച്ചത്.

ഉച്ചയ്ക്ക് രണ്ടരയോടെ എസ്ഐയെ ആശുപത്രിയിലെത്തിച്ചപ്പോൾ ജനങ്ങള്‍ തടിച്ചുകൂടിയതും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ജനക്കൂട്ടത്തിന്റെ രോഷപ്രകടനം മറികടന്നാണ് എസ്ഐയുമായി ഹ‌ദ്രോ​ഗവിഭാ​ഗത്തിലേക്ക് പോയത്. അസഭ്യവർഷവുമായി ജീപ്പുവളഞ്ഞ ആളുകളിലൊരാൾ സാബുവിനെ ആക്രമിക്കുകയുമുണ്ടായി. രോ​ഗിയുടെ കൂട്ടിരിപ്പുകാരനായ ഇയാള്‍ സാബുവിന്റെ തലയ്ക്കടിക്കുകയായിരുന്നു. എസ്‌ഐയുടെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെയും പൊലീസ് തടഞ്ഞു. 

കഴിഞ്ഞ മാസം 21-നാണ് റിമാൻഡിൽ കഴിയവെ രാജ്‌കുമാർ പീരുമേട് സബ് ജയിലിൽ മരിച്ചത്. മരണം കസ്റ്റഡി മർദ്ദനത്തെ തുടർന്നാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. മർദ്ദനത്തിന് നേതൃത്വം നൽകിയത് നെടുങ്കണ്ടം സ്റ്റേഷനിലെ മുൻ എസ്ഐ കെ എ സാബുവും സിപിഒ സജീമോൻ ആന്‍റണിയുമാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതിനെത്തുടർന്നാണ് ഐപിസി 302 അടക്കമുള്ള വകുപ്പുകൾ ചുമത്തി ഇരുവരെയും അറസ്റ്റ് ചെയ്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com