നെടുങ്കണ്ടം കസ്റ്റഡി മരണം: എസ്ഐ സാബുവിനെ ഇന്ന് റിമാൻഡ് ചെയ്യും

ജയിൽ ഡിജിപി ഋഷിരാജ്‌ സിംഗ് ഇന്ന് പീരുമേട് സബ് ജയിലിൽ എത്തും
നെടുങ്കണ്ടം കസ്റ്റഡി മരണം: എസ്ഐ സാബുവിനെ ഇന്ന് റിമാൻഡ് ചെയ്യും

ഇടുക്കി: പീരുമേട് സബ് ജയിലില്‍ ഹരിത ഫൈനാന്‍ഴ്‌സ് ഉടമ രാജ്കുമാര്‍ മരിച്ച കേസിൽ അറസ്റ്റിലായ എസ്ഐ സാബുവിനെ ഇന്ന് റിമാൻഡ് ചെയ്യും. അറസ്റ്റ് വിവരം അറിഞ്ഞ് കുഴഞ്ഞു വീണ സാബുവിനെ ഇന്നലെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിൽ കഴിയുന്ന സാബുവിനെ  ആരോഗ്യം മെച്ചപ്പെട്ടാൽ ഡിസ്ചാർജ് ചെയ്ത് കോടതിയിൽ എത്തിച്ച് റിമാൻഡ് നടപടികൾ പൂർത്തിയാക്കും. അല്ലെങ്കിൽ പീരുമേട് മജിസ്‌ട്രേറ്റ് ആശുപത്രിയിൽ വച്ചായിരിക്കും റിമാൻഡ് ചെയ്യുക. 

‌കേസിൽ അറസ്റ്റിലായ സിപിഒ സജിമോന്‍ ആന്റണിയെ ഇന്നലെ രാത്രി14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. പീരുമേട് മജിസ്‌ട്രേറ്റാണ് സജിമോനെ റിമാന്‍ഡ് ചെയ്തത്. സുരക്ഷ കണക്കിലെടുത്ത് സജീവിനെ ദേവികുളം സബ്ജയിലിലേക്ക് മാറ്റി. നെടുങ്കണ്ടം സ്റ്റേഷൻ പരിധിയിലുള്ള പ്രതികള്‍ ജയിലിനുള്ളതിനാലാണ് നടപടി. 

അതേസമയം, ജയിൽ ഡിജിപി ഋഷിരാജ്‌ സിംഗ് ഇന്ന് പീരുമേട് സബ് ജയിലിൽ എത്തും. രാജ്‌കുമാറിന്റെ മരണം സംബന്ധിച്ച വിവരങ്ങൾ പരിശോധിക്കാനാണ് അദ്ദേഹം എത്തുന്നത്. അവശനിലയില്‍ പീരുമേട് സബ് ജയിലിലെത്തിച്ച കുമാറിനെ 'നടയടി'ക്കു ശേഷമാണ് ഉള്ളില്‍ പ്രവേശിപ്പിച്ചതെന്ന് കൂടെയുണ്ടായിരുന്ന പൊലീസുകാരനും സഹതടവുകാരനും മൊഴി നൽകിയിരുന്നു.  ജയില്‍ രേഖകളില്‍ ഒപ്പിടുന്ന സമയത്ത് തളര്‍ന്ന്  നിലത്തിരുന്ന കുമാറിനെ ഹെഡ് വാര്‍ഡന്‍ ചീത്ത വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും ഹെഡ് വാര്‍ഡന്‍ മദ്യപിച്ചിരുന്നതായും ഇവര്‍ ക്രൈംബ്രാഞ്ചിനു നല്‍കിയ മൊഴിയില്‍ പറയുന്നു. 

കഴിഞ്ഞ മാസം 21-നാണ് റിമാൻഡിൽ കഴിയവെ രാജ്‌കുമാർ പീരുമേട് സബ് ജയിലിൽ മരിച്ചത്. മരണം കസ്റ്റഡി മർദ്ദനത്തെ തുടർന്നാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. മർദ്ദനത്തിന് നേതൃത്വം നൽകിയത് നെടുങ്കണ്ടം സ്റ്റേഷനിലെ മുൻ എസ്ഐ കെ എ സാബുവും സിപിഒ സജീമോൻ ആന്‍റണിയുമാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതിനെത്തുടർന്നാണ് ഐപിസി 302 അടക്കമുള്ള വകുപ്പുകൾ ചുമത്തി ഇരുവരെയും അറസ്റ്റ് ചെയ്തത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com