പരാതിയുമായി സ്റ്റേഷനിൽ ചെന്നയാൾ എസ്ഐയേയും പൊലീസുകാരേയും മർദിച്ചു; അറസ്റ്റ്

പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയ ആൾ പ്രകോപിതനായി എസ്ഐയേയും പൊലീസുകാരെയും കൈയേറ്റം ചെയ്തു
പരാതിയുമായി സ്റ്റേഷനിൽ ചെന്നയാൾ എസ്ഐയേയും പൊലീസുകാരേയും മർദിച്ചു; അറസ്റ്റ്

കോന്നി: പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയ ആൾ പ്രകോപിതനായി എസ്ഐയേയും പൊലീസുകാരെയും കൈയേറ്റം ചെയ്തു. കോന്നി പോലീസ് സ്റ്റേഷനിലെ എസ്ഐ കിരൺ, എഎസ്ഐ മധുസൂദനൻ, സിപിഒമാരായ മനു, ഷാജഹാൻ എന്നിവർക്കാണ് മർദനമേറ്റത്. ഇവർ കോന്നി താലൂക്കാശുപത്രിയിൽ ചികിത്സ തേടി. സംഭവവുമായി ബന്ധപ്പെട്ട് വിമുക്ത ഭടൻ വയക്കര തലത്താഴം വീട്ടിൽ സോമശേഖരൻ നായരെ (56) അറസ്റ്റ്‌ ചെയ്തു. ഇയാളുടെ ബൈക്കിൽ നിന്ന് കത്തി കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി. 

വീടിന് ആരോ കല്ലെറിഞ്ഞെന്ന പരാതി പറയാനാണ് ബുധനാഴ്ച രാവിലെ പത്ത് മണിയോടെ സോമശേഖരൻ നായർ പൊലീസ് സ്റ്റേഷനിലെത്തിയത്. എസ്ഐയുടെ മുറിയിൽ ചെന്നപ്പോൾ പുറത്ത് കാത്തു നിൽക്കാൻ പറഞ്ഞു. ഇതിൽ ക്ഷുഭിതനായി അസഭ്യം പറഞ്ഞ് സോമശേഖരൻ എസ്ഐയെ കൈയേറ്റം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പുറത്തേക്കോടിയ ഇയാളെ പിടിക്കാൻ ചെന്ന ഷാജഹാനും മർദനമേറ്റു. എഎസ്ഐ മധുസൂദനൻ, മനു എന്നിവർ ചേർന്നാണ് സോമശേഖരനെ കീഴടക്കി ലോക്കപ്പിലടച്ചത്.

കോടതിയിൽ ഹാജരാക്കിയ സോമശേഖരൻ നായർ വൈദ്യ പരിശോധന ആവശ്യപ്പെട്ടു. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ പരിശോധനയ്ക്കു ശേഷം ഇയാളെ റിമാൻഡ് ചെയ്തു. വനംവകുപ്പുകാരെ ആക്രമിച്ച സംഭവം, വനിതാ പഞ്ചായത്തംഗത്തെ അസഭ്യം പറഞ്ഞത്, കൊക്കാത്തോട് വനം വകുപ്പ് സ്റ്റേഷനിൽ ബഹളമുണ്ടാക്കിയത് തുടങ്ങി സോമശേഖരന്റെ പേരിൽ ഒൻപത് കേസുകൾ നിലവിലുണ്ടെന്ന് സിഐ പറഞ്ഞു. ഭാര്യയുമായി സ്ഥിരം വഴക്കുണ്ടാക്കാറുണ്ടെന്നും ഭയന്ന് ഇവർ ഒളിവിൽ താമസിക്കുകയാണെന്നും പൊലീസ് പറഞ്ഞു. 

ശനിയാഴ്ച വൈകീട്ട് വീടിനു കല്ലെറിഞ്ഞതു സംബന്ധിച്ച പരാതി അന്വേഷിക്കാൻ പൊലീസെത്താതിരുന്നത് സോമശേഖരൻ ജില്ലാ പോലീസ് മേധാവിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇത് ഇഷ്ടപ്പെടാതെ എസ്ഐ ക്ഷുഭിതനായി സംസാരിക്കുകയും വാക്കു തർക്കമുണ്ടാവുകയും ചെയ്തതായി ബന്ധുക്കൾ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com