മകള്‍ക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ചു; അച്ഛന്‍ ബാങ്കിനുളളില്‍ കുഴഞ്ഞുവീണു

പൊതുമേഖലാ ബാങ്കിന്റെ പത്തനംതിട്ടയിലെ റീജനല്‍ ഓഫിസിലെത്തി മാനേജരുമായി സംസാരിക്കുന്നതിനിടെ ഇന്നലെ ഒരു മണിയോടെയാണ് സംഭവം.
മകള്‍ക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ചു; അച്ഛന്‍ ബാങ്കിനുളളില്‍ കുഴഞ്ഞുവീണു

പത്തനംതിട്ട: മകള്‍ക്കു വിദ്യാഭ്യാസ വായ്പ നിഷേധിച്ചതില്‍ മനം നൊന്ത് പിതാവ് ബാങ്കിനുള്ളില്‍ കുഴഞ്ഞുവീണു. സീതത്തോട് സീതക്കുഴി നിരപ്പുകണ്ടത്തില്‍ എന്‍ എം മാത്യു (47) ആണ് കുഴഞ്ഞു വീണത്. 

പൊതുമേഖലാ ബാങ്കിന്റെ പത്തനംതിട്ടയിലെ റീജനല്‍ ഓഫിസിലെത്തി മാനേജരുമായി സംസാരിക്കുന്നതിനിടെ ഇന്നലെ ഒരു മണിയോടെയാണ് സംഭവം. ഫീസ് അടയ്ക്കാത്തതിനാല്‍ മകളെ ബംഗലൂരുവിലെ സ്വകാര്യ നഴ്‌സിങ് കോളേജില്‍നിന്നു കഴിഞ്ഞദിവസം പുറത്താക്കിയിരുന്നു.

ബാങ്കിന്റെ സീതത്തോടു ശാഖയിലാണ് വിദ്യാഭ്യാസ വായ്പയ്ക്കായി അപേക്ഷിച്ചത്. എന്നാല്‍ വിദ്യാഭ്യാസ സ്ഥാപനത്തിന് അഫിലിയേഷന്‍ ഇല്ലാത്തതിനാല്‍ വായ്പ നല്‍കാനാവില്ലെന്ന് അറിയിച്ചതായി മാത്യുവിന്റെ ഭാര്യ മിനി പറയുന്നു. തുടര്‍ന്ന് ആവശ്യമായ രേഖകള്‍ എല്ലാം എത്തിച്ചു നല്‍കിയെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് ഇവരെ മടക്കി അയയ്ക്കുകയായിരുന്നുവെന്നും അവര്‍ പറയുന്നു.

വായ്പയ്ക്കായി ബാങ്കിന്റെ പത്തനംതിട്ട റീജനല്‍ ഓഫിസില്‍ രണ്ടര മാസമായി മാത്യു കയറിയിറങ്ങുകയായിരുന്നു. അവരുടെ നിര്‍ദേശപ്രകാരമാണ് ഇന്നലെ ഭാര്യയുമൊത്ത് വീണ്ടും എത്തിയത്. വായ്പ ലഭിക്കില്ലെന്ന് അറിഞ്ഞതോടെ മാത്യു മാനേജരുടെ കാബിനുള്ളില്‍ കുഴഞ്ഞു വീണു. ഉടന്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ വൈകിട്ടോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം, ബാങ്കിന്റെ ഭാഗത്തുനിന്നു വായ്പാ നിഷേധം ഉണ്ടായിട്ടില്ലെന്ന് ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ വിജയകുമാരന്‍ നായര്‍ പറഞ്ഞു. 
കോഴ്‌സിന്റെ അഫിലിയേഷന്‍ സര്‍ട്ടിഫിക്കറ്റ് മുന്‍ വര്‍ഷത്തേതാണ് ലഭിച്ചത്. പുതിയതു സമര്‍പ്പിക്കണം എന്നു പറഞ്ഞിട്ടും നല്‍കിയില്ല. വായ്പയായി അധിക തുക വേണം എന്നും ആവശ്യമുന്നയിച്ചു. ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാതിരുന്നതു മൂലമാണ് വായ്പ വൈകുന്നതെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com