'സര്‍ക്കാര്‍ കുഴിച്ച കുഴിയില്‍ വീണു' ; മൂന്നുമാസമായി സമരം നടക്കുന്നില്ലെന്ന് ശബരിമല കര്‍മസമിതി യോഗത്തില്‍ വിമര്‍ശനം

തെരഞ്ഞെടുപ്പിനു ശേഷവും സംസ്ഥാന സര്‍ക്കാര്‍ നിലപാട് മാറ്റാത്ത സാഹചര്യത്തില്‍ ശക്തമായ തുടര്‍സമരം വേണമെന്ന് സ്വാമി ചിദാനന്ദപുരി
'സര്‍ക്കാര്‍ കുഴിച്ച കുഴിയില്‍ വീണു' ; മൂന്നുമാസമായി സമരം നടക്കുന്നില്ലെന്ന് ശബരിമല കര്‍മസമിതി യോഗത്തില്‍ വിമര്‍ശനം

പത്തനംതിട്ട: ശബരിമല യുവതീപ്രവേശനത്തിനെതിരെ മൂന്നുമാസമായി സമരം നടക്കുന്നില്ലെന്ന് ശബരിമല കര്‍മ സമിതി യോഗത്തില്‍ വിമര്‍ശനം. സര്‍ക്കാര്‍ കുഴിച്ച കുഴിയില്‍ സമരക്കാര്‍ വീണു. യുവതി പ്രവേശനത്തിനെതിരെയുള്ള സമരങ്ങള്‍ മൂന്ന് മാസമായി നിലച്ചിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തിയില്ലെങ്കില്‍ ഇതുവരെ നടത്തിയ സമരങ്ങള്‍ വെറുതെയാകുമെന്നും ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിമര്‍ശനം. 

പ്രവര്‍ത്തകര്‍ക്കെതിരെ നിരവധി കേസുകള്‍ വന്നത് സമരങ്ങള്‍ക്ക് തടസമായെന്നും പന്തളത്ത് നടന്ന യോഗത്തില്‍ ശബരിമല കര്‍മ്മസമിതി ജനറല്‍ കണ്‍വീനര്‍ എസ്‌ജെആര്‍ കുമാര്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. നിര്‍ജീവമായ സമരപരിപാടികള്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകാന്‍ യോഗം തീരുമാനിച്ചു. നിയമനിര്‍മ്മാണത്തിനായി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും. 

തെരഞ്ഞെടുപ്പിനു ശേഷവും സംസ്ഥാന സര്‍ക്കാര്‍ നിലപാട് മാറ്റാത്ത സാഹചര്യത്തില്‍ ശക്തമായ തുടര്‍സമരം വേണമെന്ന് യോഗം  ഉദ്ഘാടനം ചെയ്ത സ്വാമി ചിദാനന്ദപുരി പറഞ്ഞു. ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി അനുകൂലമായി വരുമെന്നാണ് പ്രതീക്ഷിക്കുന്നത് മറിച്ചാണെങ്കില്‍ കേന്ദ്രം നിയമനിര്‍മ്മാണം നടത്തും എന്നാണ് പ്രതീക്ഷ. ഇക്കാര്യം പ്രധാനമന്ത്രി തന്നെ തെരഞ്ഞെടുപ്പ് പരിപാടികളില്‍ വ്യക്തമാക്കിയതാണെന്നും കര്‍മസമിതി രക്ഷാധികാരി സ്വാമി ചിദാനന്ദപുരി പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com