അധ്യാപകരെ ട്രോളി: വിദ്യാര്‍ത്ഥിക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റില്‍ പാര പണിത് പോളി ടെക്‌നിക് അധികൃതര്‍; വിഷയം മുഖ്യമന്ത്രിക്ക് മുന്നില്‍

അധ്യാപകരെ ട്രോളിയ വിദ്യാര്‍ത്ഥിയ്ക്ക് സ്വഭാവസര്‍ട്ടിഫിക്കറ്റില്‍ പാര പണിത് പോളി ടെക്‌നിക് അധികൃതര്‍
അധ്യാപകരെ ട്രോളി: വിദ്യാര്‍ത്ഥിക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റില്‍ പാര പണിത് പോളി ടെക്‌നിക് അധികൃതര്‍; വിഷയം മുഖ്യമന്ത്രിക്ക് മുന്നില്‍

തൃശൂര്‍: അധ്യാപകരെ ട്രോളിയ വിദ്യാര്‍ത്ഥിയ്ക്ക് സ്വഭാവസര്‍ട്ടിഫിക്കറ്റില്‍ പാര പണിത് പോളി ടെക്‌നിക് അധികൃതര്‍. തൃപ്രയാര്‍ പോളിടെക്‌നിക്കില്‍ നിന്നു 2016-19 കാലയളവില്‍ ഇലക്ട്രിക്കല്‍ ബാച്ചില്‍ പഠിച്ച് ജയിച്ച കെ അരവിന്ദ് ശര്‍മ്മയ്ക്കാണ് അധ്യപാകരെ പരിഹസിച്ചത് പാരയായിരിക്കുന്നത്.

അരവിന്ദിന്റെ  ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റിന്റെ കൂടെയുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത് 'നോട്ട് സാറ്റിസ്ഫാക്ടറി' എന്നാണ്. ഹാജര്‍നില രേഖപ്പെടുത്തുന്നിടത്ത് ഡിപ്പാര്‍ട്ടുമെന്റ് മേധാവിയുടെ റിമാര്‍ക്കും ഇങ്ങനെതന്നെ. ഇതോടെ അരവിന്ദിന്റെ തുടര്‍ പഠനവും ജോലി സാധ്യതയും അവതാളത്തിലായിരിക്കുകയാണ്. 

അധ്യാപകരെ പരിഹസിച്ചതാണ് അരവിന്ദ് ചെയ്ത വലിയ കുറ്റമായി പോളിടെക്‌നിക് അധികൃതര്‍ കണ്ടിരിക്കുന്നത്. ക്രിമിനല്‍ കേസുണ്ടെങ്കില്‍ കൂടി ഗുഡ് സര്‍ട്ടിഫിക്കറ്റ് കിട്ടുന്ന ഇക്കാലത്താണ് തമാശ പറഞ്ഞതിന്റെ പേരില്‍ അരവിന്ദിന്റെ ഭാവി തുലയ്ക്കുന്ന നടപടി അധ്യാപകര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് സഹപാഠികളും ചൂണ്ടിക്കാട്ടുന്നു.  

പഠിത്തത്തില്‍ മിടുക്കനായ അരവിന്ദിനെ പ്രാക്ടിക്കല്‍ പരീക്ഷകളില്‍ ഇതിന്റെ പേരില്‍ തോല്പിച്ചിരുന്നു. തോറ്റ വിഷയങ്ങളെല്ലാം എഴുതി വിജയിച്ചപ്പോഴാണ് സ്വഭാവ സര്‍ട്ടിഫിക്കറ്റില്‍ എട്ടിന്റെ പണി കിട്ടിയതെന്ന് നിരാശയിലും തമാശയായി അരവിന്ദ് പറഞ്ഞു. മുല്ലശ്ശേരി ഗവ. എച്ച്എസ്എസിലെ സീനിയര്‍ അദ്ധ്യാപകനായ എന്‍. കൃഷ്ണശര്‍മ്മയുടെയും സ്വകാര്യ ഇന്‍ഷ്വറന്‍സ് സ്ഥാപനത്തിലെ ഉദ്യോഗസ്ഥയായ കെഎന്‍ പ്രീതയുടെയും മകനാണ് അരവിന്ദ്. സ്വഭാവ സര്‍ട്ടിഫിക്കറ്റ് തിരുത്തി കിട്ടുന്നതിന് മുഖ്യമന്ത്രിക്ക് പരാതി നല്‍കി കാത്തിരിക്കുകയാണ് അരവിന്ദ്. 

''സ്വഭാവ സര്‍ട്ടിഫിക്കറ്റില്‍ സംതൃപ്തിയില്ല എന്ന് എഴുതുന്നതിനു മുമ്പ് അരവിന്ദ് ചെയ്ത തെറ്റുകളെന്തെന്ന് മാതാപിതാക്കളെ അറിയിച്ചിട്ടില്ല. സര്‍ട്ടിഫിക്കറ്റ് കണ്ട് അന്വേഷിക്കാന്‍ ചെന്നപ്പോഴും അരവിന്ദ് നല്ല കുട്ടിയാണ്, എന്നാല്‍ അവന്റെ സ്വഭാവം ശരിയല്ല എന്ന വിചിത്ര മറുപടിയാണ് അധ്യാപകരില്‍ നിന്നു കിട്ടിയത്. പഠിക്കാന്‍ മിടുക്കനും വളരെ ആക്ടീവുമായിരുന്നയാള്‍ ഇതോടെ കതകടച്ച് മുറിക്കുള്ളില്‍ ഇരിക്കുന്നയാളായി മാറി''-അരവിനന്ദിന്റെ പിതാവ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com