നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനം

ഇന്നു രാവിലെ ചേര്‍ന്ന മന്ത്രിസഭായോഗമാണ് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചത്
നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനം

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇന്നു രാവിലെ ചേര്‍ന്ന മന്ത്രിസഭായോഗമാണ് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. കേരള ഹൈക്കോടതി റിട്ടയേഡ് ജഡ്ജി ജസ്റ്റിസെ കെ നാരായണക്കുറുപ്പാകും അന്വേഷണം നടത്തുക. ആറുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷനോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 

കസ്റ്റഡി മരണത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. പൊലീസിന്റെ കസ്റ്റഡിയിലുണ്ടായ മരണം അതേ വകുപ്പില്‍പ്പെട്ടവര്‍ തന്നെ അന്വേഷിക്കുന്നത് സത്യം പുറത്തുവരുന്നതിന് തടസ്സമാകുമെന്നായിരുന്നു പ്രതിപക്ഷം ആരോപിച്ചിരുന്നത്. കേസില്‍ ആരോപണ വിധേയനായ ഇടുക്കി എസ്പി കെ ബി വേണുഗോപാലിനെതിരെ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇക്കാര്യം പരിശോധിച്ചു വരികയാണ്. കുറ്റക്കാരായ എല്ലാവര്‍ക്കെതിരെയും നടപടി ഉണ്ടാകും. യാതൊരു ന്യായീകരണവും ഇല്ലാത്ത സംഭവമാണ് നെടുങ്കണ്ടത്ത് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഹരിത ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് രാജ്കുമാറിനെ ജൂണ്‍ 12 നാണ് പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. നാലുദിവസത്തോളം അനധികൃതമായി കസ്റ്റഡിയില്‍ സൂക്ഷിച്ച് രാജ്കുമാറിനെ ക്രൂര മര്‍ദനത്തിന് വിധേയനാക്കിയിരുന്നു. ഉരുട്ടലിനും വിധേയനാക്കി. മര്‍ദനത്തിന്റെ പാടുകല്‍ മജിസ്‌ട്രേറ്റിന്റെ ശ്രദ്ധയില്‍ പ്പെടാതിരിക്കാന്‍ ഉഴിച്ചിലും നടത്തിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. 

തുടര്‍ന്ന് പീരുമേട് ജയിലില്‍ അടച്ചു. എന്നാല്‍ മര്‍ദനത്തെത്തുടര്‍ന്നുണ്ടായ ന്യൂമോണിയ ബാധയില്‍ രാജ്കുമാര്‍ മരിക്കുകയായിരുന്നു. രാജ്കുമാറിന്റെ ശരീരത്തില്‍ ക്രൂരമര്‍ദനത്തെത്തുടര്‍ന്ന് 22 ഓളം മുറിവുകളും ചതവുകളും ഉള്ളതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ നെടുങ്കണ്ടം സ്‌റ്റേഷനിലെ എസ്‌ഐയായിരുന്ന സാബു, സിപിഒ സജീവ് ആന്റണി എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്. എഎസ്‌ഐയും ഒരു പൊലീസുകാരനും ഒളിവിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com