ഭൂദാന പ്രസ്ഥാനത്തിന്റെ ഭൂമി സമുദായ സംഘടനയുടെയും ഏകതാ പരിഷത്ത് നേതാവിന്റെയും കൈയില്‍; വിവരങ്ങള്‍ പുറത്ത്

ഭൂദാന പ്രസ്ഥാനത്തിന്റെ ഭൂമി സമുദായ സംഘടനയുടെയും ഏകതാ പരിഷത്ത് നേതാവിന്റെയും കൈയില്‍; വിവരങ്ങള്‍ പുറത്ത്
ഭൂദാന പ്രസ്ഥാനത്തിന്റെ ഭൂമി സമുദായ സംഘടനയുടെയും ഏകതാ പരിഷത്ത് നേതാവിന്റെയും കൈയില്‍; വിവരങ്ങള്‍ പുറത്ത്

കൊച്ചി: ഭൂമിയില്ലാത്തവര്‍ക്കു കൃഷിക്കും വീടുവയ്ക്കാനും ഭൂദാനപ്രസ്ഥാനത്തിന്റെ ആചാര്യന്‍ വിനോബ ഭാവെ കേരളമാകെ നടന്നു ചോദിച്ചുവാങ്ങിയ 29,000 ഏക്കര്‍ ഭൂമിയില്‍ ഭൂരിഭാഗവും അന്യാധീനപ്പെട്ടതിന്റെ വിവരങ്ങള്‍ പുറത്ത്. ആരൊക്കെയാണ് കൈവശപ്പെടുത്തിയത് എന്നും ആരൊക്കെയാണ് അതിനു കൂട്ടുനിന്നത് എന്നും വ്യക്തമല്ലാത്തവിധം 20,000 ഏക്കറോളം ഭൂമിയാണ് പലരുടെയും ഉടമസ്ഥതയിലായത്. സമകാലിക മലയാളം വാരിക നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം പുറത്തുവന്നത്. 

10,000 ഏക്കറില്‍ താഴെ മാത്രമാണ് അര്‍ഹര്‍ക്കു വിതരണം ചെയ്തത്. ബാക്കി കേരളമാകെയായി പരന്നുകിടക്കുന്നു; ചിലതൊക്കെ ആരുടെ പക്കല്‍ എങ്ങനെ എത്തി എന്ന ചില സൂചനകളുണ്ട്. പക്ഷേ, തിരിച്ചുപിടിക്കാന്‍ സാധിക്കാത്തവിധം കൈവിട്ടുപോയി എന്നാണ് വെളിപ്പെടുത്തലുകള്‍. കേരളത്തില്‍ ആദ്യമായി ഭൂമി ദാനം ചെയ്തവരില്‍ പ്രമുഖനായ കെ. കേളപ്പനും സഹോദരിയും കോഴിക്കോട് ജില്ലയില്‍ നല്‍കിയ 35 ഏക്കറില്‍പ്പെട്ട ഭൂമി മലബാറിലെ പ്രമുഖ സമുദായ സംഘടനയുടെ വിദ്യാഭ്യാസ സ്ഥാപനത്തിനുവേണ്ടിയാണ് പില്‍ക്കാലത്തു വാങ്ങിയത് എന്നു അന്വേഷണത്തില്‍ തെളിഞ്ഞു. മലപ്പുറം ജില്ലയിലെ തവനൂരില്‍ ദാനഭൂമിയിലൊരു ഭാഗം തെക്കന്‍ കേരളത്തിലെ മുന്‍നിര സമുദായ സംഘടന കൈവശപ്പെടുത്തി. 

കോഴിക്കോട് രാമനാട്ടുകര പെരിങ്ങാവിലെ ദാനഗ്രാമം പൊളിച്ചടുക്കിയത് രാഷ്ട്രീയ നേതൃത്വമാണ്. ഗാന്ധി പാരമ്പര്യത്തിന്റെ കേരളത്തിലെ ഉജ്ജ്വല മാതൃകയായി മാറിയ കെ. രാധാകൃഷ്ണമേനോനും ഭാര്യ നിര്‍മ്മലാ മഞ്ജരേക്കറും ജീവിതം കൊടുത്തു കെട്ടിപ്പടുത്ത രാമനാട്ടുകരയിലെ സേവാമന്ദിരം പോസ്റ്റ് ബേസിക് ഹൈസ്‌കൂളിന്റെ നിയന്ത്രണം ഏകതാ പരിഷത്ത് നേതാവ് പി.വി. രാജഗോപാല്‍ അധ്യക്ഷനായ ട്രസ്റ്റിന്റെ നിയന്ത്രണത്തില്‍. 

ഭൂമി ആരുടെയൊക്കെ ഉടമസ്ഥയിലെന്നു കണ്ടെത്താന്‍ വിവിധ ഗാന്ധിയന്‍ സംഘടനാ നേതാക്കളും സാമൂഹിക പ്രവര്‍ത്തകരും നടത്തിയ അന്വേഷണങ്ങള്‍ പാതിവഴിക്കു നിലച്ചു. ഭൂരഹിതരുടെ പ്രക്ഷോഭങ്ങള്‍ പലവട്ടം കേരളത്തെ പിടിച്ചുലച്ചിട്ടും മാറിവന്ന സര്‍ക്കാരുകള്‍ ഈ ഭൂമി അന്വേഷിക്കാനോ കണ്ടെത്താനോ ശ്രമിച്ചില്ല. മുത്തങ്ങയിലും ചെങ്ങറയിലും അരിപ്പയിലും കയറിക്കിടക്കാന്‍ ഒരു തുണ്ടു ഭൂമിക്കുവേണ്ടി സമരവും പൊലീസ് വെടിവയ്പും രക്തസാക്ഷിത്വവും ഉണ്ടാകുന്ന കാലത്താണ് അവര്‍ക്ക് അര്‍ഹതപ്പെട്ട ഭൂമി ആരുടെയൊക്കെയോ കയ്യില്‍ ആദായമായി മാറുന്നത്; ഭൂമിയുടെ പേരില്‍ സര്‍ക്കാരുകള്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന കാലത്ത്. 

ഭൂദാന പ്രസ്ഥാനത്തിന്റെ ഭൂമി ആരുടെയൊക്കെ കൈകളില്‍? അന്വേഷണ റിപ്പോര്‍ട്ട് പുതിയ ലക്കം സമകാലിക മലയാളം വാരികയില്‍ ഭൂമി തട്ടിപ്പിന്റെ 'ദാന' വഴികള്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com