മണിക്കൂറില്‍ 106 കിലോമീറ്റര്‍ സ്പീഡില്‍ പറക്കുന്ന ഓട്ടോ; പിഴ അടയ്ക്കാന്‍ നോട്ടീസ്; അമ്പരപ്പ്

അമിത വേഗത്തില്‍ പോലും ഓട്ടോ ഓടിക്കാത്ത തനിക്ക് 109 കിലോമീറ്റര്‍ വേഗതയില്‍ പാഞ്ഞതിന് നോട്ടീസ് വന്നതില്‍ ഞെട്ടിയിരിക്കുകയാണ് ഓട്ടോഡ്രൈവര്‍ അബ്ദുല്‍ സലാം
മണിക്കൂറില്‍ 106 കിലോമീറ്റര്‍ സ്പീഡില്‍ പറക്കുന്ന ഓട്ടോ; പിഴ അടയ്ക്കാന്‍ നോട്ടീസ്; അമ്പരപ്പ്

പാലക്കാട്; ഒരു ഓട്ടോയുടെ സ്പീഡോമീറ്ററില്‍ കമ്പനി രേഖപ്പെടുത്തിയിരിക്കുന്ന പരമാവധി വേഗത മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയാണ്. അതിനെയും മറികടന്ന് ഒരു ഓട്ടോ പായുന്നത് കണ്ടിട്ടുണ്ടോ? എന്നാല്‍ പാലക്കാട് മുടപ്പല്ലൂരിലെ ഒരു ഓട്ടോ ഡ്രൈവര്‍ക്ക് അമിത വേഗത്തിന് പിഴയടക്കാന്‍ ഒരു നോട്ടീസ് കിട്ടി. കുറച്ചൊന്നുമല്ല, മണിക്കൂറില്‍ 109 കിലോമീറ്റര്‍ വേഗതയില്‍ പാഞ്ഞതിനാണ് പിഴ അടയ്ക്കാന്‍ നോട്ടീസ് വന്നത്. 

അമിത വേഗത്തില്‍ പോലും ഓട്ടോ ഓടിക്കാത്ത തനിക്ക് 109 കിലോമീറ്റര്‍ വേഗതയില്‍ പാഞ്ഞതിന് നോട്ടീസ് വന്നതില്‍ ഞെട്ടിയിരിക്കുകയാണ് ഓട്ടോഡ്രൈവര്‍ അബ്ദുല്‍ സലാം. വടക്കഞ്ചേരി-വാളയാര്‍ ദേശീയപാതയില്‍ സലാമിന്റെ ഓട്ടോ ഏപ്രില്‍ 13നു 109 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിച്ചതായി ഓട്ടോയുടെ ചിത്രം സഹിതമാണു നോട്ടിസ് ലഭിച്ചത്. ഒരു കാറിന് സമീപത്തിലൂടെ ഓട്ടോ പോകുന്നതാണ് ചിത്രത്തില്‍ കാണുന്നത്. ദീര്‍ഘകാലമായി ഓട്ടോ ഓടിക്കുന്നുണ്ടെങ്കിലും യൂണിഫോം ധരിക്കാത്തതിന്റെ പേരില്‍പോലും തനിക്കു പിഴയടയ്‌ക്കേണ്ടി വന്നിട്ടില്ലെന്നാണ് സലാം പറയുന്നത്. 

അമിതവേഗത്തില്‍ പോയിട്ടില്ലെന്ന് ഉറപ്പാണെങ്കിലും പ്രശ്‌നങ്ങളില്ലാതെയിരിക്കാന്‍ സലാം പിഴ അടച്ചു.വിഷയം ചര്‍ച്ചയായതോടെ മോട്ടര്‍ വാഹന വകുപ്പ് പരിശോധന നടത്തി. ഓട്ടോയ്ക്ക് ഇത്ര വേഗത്തില്‍ പോകാന്‍ പറ്റില്ലെന്നു തന്നെയാണ് അധികൃതരും പറയുന്നത്. ഓട്ടോയ്ക്കു സമീപമുണ്ടായിരുന്ന കാറിന്റെ അമിതവേഗം സലാമിന്റെ ഓട്ടോയുടേതായി തെറ്റിദ്ധരിച്ചു നോട്ടിസ് അയച്ചതാകാം എന്നാണു നിഗമനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com