'അച്യുതാനന്ദനാണോ ഞാനാണോ മൂത്തത്'? പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഗൗരിയമ്മയെ കാണാൻ വിഎസ് ചാത്തനാട്ടെത്തി ​

പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ​ഗൗരിയമ്മയെ കാണാൻ ചാത്തനാട്ടെ വീട്ടിൽ വിഎസ് അച്യുതാനന്ദൻ എത്തി
'അച്യുതാനന്ദനാണോ ഞാനാണോ മൂത്തത്'? പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഗൗരിയമ്മയെ കാണാൻ വിഎസ് ചാത്തനാട്ടെത്തി ​

ആലപ്പുഴ: പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ​ഗൗരിയമ്മയെ കാണാൻ ചാത്തനാട്ടെ വീട്ടിൽ വിഎസ് അച്യുതാനന്ദൻ എത്തി. കുട്ടനാട്ടിൽ ഇന്നലെ രാവിലെ നടന്ന സെമിനാറിൽ പങ്കെടുത്ത ശേഷം വൈകീട്ട് 4.30നായിരുന്നു വിഎസ് എത്തിയത്. 

വിഎസിന്റെ കാർ ഗേറ്റ് കടന്നെത്തിയപ്പോൾ സ്വീകരണ മുറിയുടെ വാതിൽ പടിയോടു ചേർന്നിരുന്ന ഗൗരിയമ്മ ചോദിച്ചു: വിഎസ് വന്നോ? ഇന്ന് ഏതാ ദിവസം? ശനിയാഴ്ചയെന്ന് ആരോ പറഞ്ഞു. ഇതിനിടെ മകൻ അരുൺ കുമാർ ഉൾപ്പെടെയു​ള്ളവരുടെ കരം പിടിച്ച് കയറി വന്ന വിഎസിനോട് ഇരിക്കൂ എന്ന് ഗൗരിയമ്മ കസേര ചൂണ്ടി പറഞ്ഞു. വിഎസ് കൈകൾ കൂപ്പി ഗൗരിയമ്മയെ വണങ്ങി തൊട്ടടുത്തിരുന്നു. 

രാഷ്ട്രീയത്തിലെ രണ്ട് ചുവപ്പ് നക്ഷത്രങ്ങൾ ചേർന്നിരുന്നെങ്കിലും ഒന്നും പറയാതെ കുറെ നിമിഷങ്ങൾ കടന്നു പോയി. വിഎസ് സംസാരിക്കൂ എന്നു പറഞ്ഞ് ഗൗരിയമ്മ ആ മൗനത്തിനു വിരാമമിട്ടു. കുട്ടനാട്ടിൽ പോയിട്ടാണ് വരുന്നതെന്ന് വിഎസ്. രക്ത സമ്മർദം കൂടിയും കുറഞ്ഞുമിരുന്നതിനാൽ ഡോക്ടർ യാത്ര വിലക്കിയതിനാലാണ് 101ാം പിറന്നാളിന് വിഎസ് എത്താതിരുന്നത് എന്ന് അരുൺ കുമാർ അറിയിച്ചപ്പോൾ പിറന്നാളിന് വന്നാലേ സദ്യ നൽകൂ എന്നായി ഗൗരിയമ്മ. വീട്ടുകാരെ വിളിച്ച് മധുര പലഹാരങ്ങൾ വരുത്തി. 'അയ്യോ, എനിക്ക് ഷുഗറുണ്ടെന്ന്' വിഎസ്. 'തന്‍റെ കല്ല്യാണം നടത്തിയത് ഞാനാ, കഴിക്കെടോ' എന്ന് ഗൗരിയമ്മ. ഒരു ലഡു എടുത്ത് വിഎസ് മുഴുവൻ കഴിച്ചു. 

അച്യുതാനന്ദനാണോ ഞാനാണോ മൂത്തത്? ഗൗരിയമ്മയുടെ ചോദ്യത്തിന് ഞാൻ ഇളയതാണെന്ന് വിഎസ്. വസുമതിയെക്കൊണ്ട് വിഎസിനെ വിവാഹം കഴിപ്പിച്ചത് ഞാനാണെന്നു ഗൗരിയമ്മ. കേരം തിങ്ങും കേരള നാട്ടിൽ കെആർ ഗൗരി ഭരിച്ചീടും എന്ന മുദ്രാവാക്യം ഓർമപ്പെടുത്തിയിട്ട് വിഎസ് എത്ര തവണ മുഖ്യമന്ത്രിയായെന്നും ഗൗരിയമ്മ ചോദിച്ചു. വിഎസിന്റെ കുടുംബ വിശേഷങ്ങളും ആരാഞ്ഞു. തനിക്ക് വേണ്ടി ഏറെ മുദ്രാവാക്യം വിളിച്ചിട്ടുണ്ടെങ്കിലും മുഖ്യമന്ത്രിയാക്കിയില്ലെന്ന ഗൗരിയമ്മയുടെ പരിഭവത്തിന് ചിരിയായിരുന്നു, വി എസിന്‍റെ മറുപടി.

കൈകൾ കൂപ്പി ഗൗരിയമ്മയെ വണങ്ങി ഇറങ്ങാൻ നേരം ഞാൻ എഴുന്നേൽക്കണോ എന്ന് ഗൗരിയമ്മ, വേണ്ടെന്ന് വിഎസ്. കാറി‍ൽ കയറുമ്പോൾ വിഎസ് പറഞ്ഞു- ഗൗരിയമ്മയെ കണ്ടു. സന്തോഷത്തോടെ തിരിച്ചു പോകുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com