'കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് ഭൂഷണമല്ല' ; കസ്റ്റഡി കൊലപാതകത്തില്‍ എസ്പിക്കെതിരെ നിലപാട് കടുപ്പിച്ച് സിപിഐ ; കേസില്‍ പ്രതിപ്പട്ടിക വിപുലീകരിക്കുന്നു

എസ്പി വേണുഗോപാലിനും കട്ടപ്പന ഡിവൈഎസ്പിക്കും എതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് സിപിഐ ആവശ്യപ്പെടുന്നു 
'കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് ഭൂഷണമല്ല' ; കസ്റ്റഡി കൊലപാതകത്തില്‍ എസ്പിക്കെതിരെ നിലപാട് കടുപ്പിച്ച് സിപിഐ ; കേസില്‍ പ്രതിപ്പട്ടിക വിപുലീകരിക്കുന്നു

ഇടുക്കി : നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ ഇടുക്കി മുന്‍ എസ് പിക്കെതിരെ നിലപാട് കടുപ്പിച്ച് സിപിഐ. എസ്പി കെ ബി വേണുഗോപാലിനെതിരായ നടപടി സ്ഥലംമാറ്റത്തില്‍ ഒതുക്കരുത്. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് ഇടതുസര്‍ക്കാരിന് ഭൂഷണമല്ല. രാജ്കുമാറിന്റെ അനധികൃത കസ്റ്റഡിക്ക് കൂട്ടുനിന്ന കട്ടപ്പന ഡിവൈഎസ്പിക്കെതിരെയും നടപടി വേണം. ഇരുവര്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തണമെന്നും സിപിഐ ഇടുക്കി ജില്ലാനേതൃത്വം ആവശ്യപ്പെടുന്നു. 

ആരോപണ വിധേയനായ എസ്പി കെ ബി വേണുഗോപാലിനെ ഭീകര വിരുദ്ധ സ്‌ക്വാഡിലേക്ക് മാറ്റുകയാണ് സര്‍ക്കാര്‍ ചെയ്തത്. നേരത്തെ ഇടുക്കി എസ്പിയെ സംരക്ഷിക്കാന്‍ സിപിഎം നേതൃത്വം ശ്രമിച്ചത് വിവാദമായിരുന്നു. കേസില്‍ അറസ്റ്റിലായ നെടുങ്കണ്ടം എസ്‌ഐ സാബു, അനധികതമായി കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്യല്‍ തുടരാന്‍ നിര്‍ദേശിച്ചത് എസ്പി തന്നെയായിരുന്നു എന്ന് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. 

പണം കണ്ടെടുക്കുന്നത് വരെ ചോദ്യം ചെയ്യാനായിരുന്നു നിര്‍ദേശം. രാജ്കുമാര്‍ കാര്യങ്ങള്‍ പറയുന്നില്ലെന്ന് അറിയിച്ചപ്പോള്‍, ചോദ്യം ചെയ്യല്‍ രീതി കടുപ്പിക്കാനും എസ്പി പറഞ്ഞതായി സാബു മൊഴി നല്‍കിയിരുന്നു. രാജ്കുമാറിന്റെ ചിത്രം എസ്പിക്ക് വാട്‌സ്ആപ്പിലൂടെ അയച്ചു നല്‍കിയിരുന്നു. എസ്പി തന്റെ ഗണ്‍മാന്റെ ഫോണില്‍ നിന്നാണ് നിര്‍ദേശം നല്‍കിയതെന്നും എസ്‌ഐ വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് എസ്പിയെ കൈയൊഴിയാന്‍ സിപിഎം നേതൃത്വം നിര്‍ബന്ധിതനായത്. 

വരാപ്പുഴ കസ്റ്റഡി മരണത്തില്‍ ആരോപണ വിധേയനായ എസ്പി എ വി ജോര്‍ജിനെ സസ്‌പെന്‍ഡ് ചെയ്തപ്പോള്‍, വേണുഗോപാലിനെ സ്ഥലംമാറ്റി സിപിഎം സംരക്ഷിക്കുകയാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. അതിനിടെ രാജ്കുമാറിന്റെ മര്‍ദിച്ചുകൊന്ന കേസില്‍ ക്രൈംബ്രാഞ്ച് പ്രതിപ്പട്ടിക വിപുലീകരിക്കാനൊരുങ്ങുകയാണ്. കേസിലെ രണ്ടും മൂന്നും പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനൊപ്പം മര്‍ദ്ദനത്തിന് സഹായിച്ചവരെയും തെളിവ് നശിപ്പിച്ചവരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

കസ്റ്റഡി കൊലപാതകത്തില്‍ നാല് പ്രതികളെന്നാണ് പീരുമേട് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. ഒന്നാം പ്രതി എസ്‌ഐ സാബുവിനേയും നാലാം പ്രതി സജീവ് ആന്റണിയേയും അറസ്റ്റ് ചെയ്തു. രണ്ടും മൂന്നും പ്രതികളുടെ അറസ്റ്റും ഉടനുണ്ടാകുമെന്നാണ് വിവരം. 

ഇവരെ കൂടാതെ കൂടുതല്‍ പൊലീസുകാരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടി വരുമെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഇപ്പോള്‍ പറയുന്നത്. രാജ്കുമാര്‍ കസ്റ്റഡിയില്‍ ഉണ്ടായിരുന്ന ദിവസങ്ങളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവന്‍ പൊലീസുകാരെയും ക്രൈംബ്രാഞ്ച് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ചോദ്യം ചെയ്തിരുന്നു. 

ആദ്യ നാല് പ്രതികളെ കൂടാതെ വേറെയും ചിലര്‍ രാജ് കുമാറിനെ മര്‍ദ്ദിച്ചിട്ടുണ്ട്. സ്‌റ്റേഷന്‍ റെക്കോര്‍ഡുകളില്‍ തിരിമറിയും ഉണ്ടായി. ഇങ്ങനെ മര്‍ദ്ദിച്ചവരും തെളിവു നശിപ്പിച്ചവരുമെല്ലാം പ്രതിപ്പട്ടികയില്‍ വരും. രാജ് കുമാറിന്റെ കൂട്ടുപ്രതികളായ ശാലിനിയേയും മഞ്ജുവിനേയും മര്‍ദ്ദിച്ച പൊലീസുകാരികള്‍ക്കെതിരെയും നടപടിയെടുക്കുമെന്നാണ് സൂചന. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com