വ്യാജ രേഖകൾ സൃഷ്ടിച്ച് കേരള സർക്കാരിന്റെ പേരിൽ തമിഴ്നാട്ടിൽ ലോട്ടറി തട്ടിപ്പ്

കേരള ലോട്ടറി ഓൺലൈൻ ഗെയിം എന്ന പേരിലാണ് സമാന്തര ലോട്ടറി സംവിധാനം
വ്യാജ രേഖകൾ സൃഷ്ടിച്ച് കേരള സർക്കാരിന്റെ പേരിൽ തമിഴ്നാട്ടിൽ ലോട്ടറി തട്ടിപ്പ്

പാലക്കാട്: കേരള സർക്കാരിന്റെ പേരിൽ വ്യാജ രേഖകൾ സൃഷ്ടിച്ചു തമിഴ്നാട് കേന്ദ്രീകരിച്ച് സാമൂഹിക മാധ്യമങ്ങൾ വഴി ലോട്ടറി തട്ടിപ്പ്. കേരള ലോട്ടറി ഓൺലൈൻ ഗെയിം എന്ന പേരിലാണ് സമാന്തര ലോട്ടറി സംവിധാനം. കേരള സർക്കാരിന്റെ മുദ്ര പതിപ്പിച്ച വ്യാജ ഏജൻസി സർട്ടിഫിക്കറ്റുകളും പ്രചരിപ്പിക്കുന്നുണ്ട്. ലോട്ടറി നിരോധനമുള്ള തമിഴ്നാട്ടിലെ സാധാരണക്കാരെ ലക്ഷ്യമിട്ടാണ് ഓൺലൈൻ ലോട്ടറി ഗെയിം.

കേരള ലോട്ടറി ടിക്കറ്റുകളുടെ വിൽപന ഉടൻ ഇതര സംസ്ഥാനങ്ങളിൽ ആരംഭിക്കുമെന്നും ഇക്കാര്യം കേരളം രഹസ്യമായി വച്ചിരിക്കുകയാണെന്നും ഇവർ അവകാശപ്പെടുന്നു. കേരള ലോട്ടറി ആസ്ഥാനത്തു നിന്നെന്നു പറഞ്ഞാണ് ഇടപാടുകാരെ ക്ഷണിക്കുന്ന വീഡിയോ ആരംഭിക്കുന്നത്. ലോട്ടറിയുടെ അവസാനത്തെ മൂന്ന് അക്കം ഇടപാടുകാർക്കു നൽകിയാണു തട്ടിപ്പ് നടത്തുന്നത്. 1500 രൂപയാണ് ഓൺലൈൻ ഗെയിമിനുള്ള രജിസ്ട്രേഷൻ ഫീസ്. ഓരോ അക്കത്തിനും നിരക്ക് നിശ്ചയിച്ചിട്ടുണ്ട്.

ഒരാൾക്ക് എത്ര ടിക്കറ്റ് വേണമെങ്കിലും എടുക്കാം. കേരള ലോട്ടറിയുടെ ഒന്നാം സമ്മാനത്തിന് അർഹമായ നമ്പരിന്റെയും ഓൺലൈനിൽ ലഭിച്ച നമ്പരിന്റെയും അവസാന മൂന്നക്കം ഒരു പോലെ വന്നാൽ പണം നൽകുമെന്നാണു വാഗ്ദാനം. തമിഴ്നാട്ടിൽ ഒരുപാടു പേർ കബളിപ്പിക്കപ്പെട്ടിട്ടുണ്ട്. അവിടെ ലോട്ടറി ഇടപാട് നിയമ വിരുദ്ധമായതിനാൽ പരാതിപ്പെടാനും കഴിയില്ല. വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ടു പൊലീസിനു പരാതി നൽകിയിട്ടുണ്ടെന്നും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com