സ്വകാര്യഭാ​ഗങ്ങളിൽ കാന്താരി മുളക് തേച്ചു; എസ്ഐ സാബു ക്രൂരമായി മർദ്ദിച്ചു; വെളിപ്പെടുത്തലുമായി ശാലിനി

സ്വകാര്യ ഭാഗങ്ങളില്‍ കാന്താരി മുളക് തേച്ചതടക്കം നെടുങ്കണ്ടം പൊലീസ് ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയമാക്കിയെന്ന് ഹരിത ചിട്ടിതട്ടിപ്പ് കേസിലെ രണ്ടാംപ്രതി ശാലിനി
സ്വകാര്യഭാ​ഗങ്ങളിൽ കാന്താരി മുളക് തേച്ചു; എസ്ഐ സാബു ക്രൂരമായി മർദ്ദിച്ചു; വെളിപ്പെടുത്തലുമായി ശാലിനി

ഇടുക്കി: സ്വകാര്യ ഭാഗങ്ങളില്‍ കാന്താരി മുളക് തേച്ചതടക്കം നെടുങ്കണ്ടം പൊലീസ് ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയമാക്കിയെന്ന് ഹരിത ചിട്ടിതട്ടിപ്പ് കേസിലെ രണ്ടാംപ്രതി ശാലിനി. വനിതാ പൊലീസുകാര്‍ക്ക് പുറമെ എസ്.ഐയും എ.എസ്.ഐയും ഡ്രൈവറും അസഭ്യം പറയുകയും കാല്‍വെള്ളയില്‍ മര്‍ദിക്കുകയും ചെയ്തു. രാജ്കുമാറിനെ അതിക്രൂരമായാണ് മര്‍ദിച്ചത്. താന്‍ അതിന് ദൃക്‌സാക്ഷിയാണ്. എസ്‌ഐ സാബുവാണ് കടുത്ത മര്‍ദനത്തിന് നിര്‍ദേശം നല്‍കിയതെന്നും ചിട്ടി തട്ടിപ്പുകേസില്‍ രണ്ടാംപ്രതിയായ ശാലിനി മാധ്യമങ്ങളോട് പറഞ്ഞു. 

ഗീതു എന്ന പൊലീസുകാരിയാണ് ക്രൂരമായി ഉപദ്രവിച്ചത്. അവളെ ഇങ്ങോട്ടുകൊണ്ടുവരാന്‍ പറഞ്ഞ എസ്‌ഐ സാബു, മുളകുപ്രയോഗം നടത്താന്‍ പൊലീസുകാരി ഗീതുവിനോട് പറഞ്ഞു. നിനക്ക് വയ്യെങ്കില്‍ ഞാന്‍ ചെയ്യാമെന്നും എസ്‌ഐ പറഞ്ഞു. ഗീതു, റസിയ, കമ്പംമേട്ട് സ്‌റ്റേഷനിലെ ബിന്ദു എന്നീ പൊലീസുകാരികള്‍ മര്‍ദിച്ചു. രാജ്കുമാറിനെ മുട്ടുകുത്തി നിര്‍ത്തി കാല്‍വെള്ളയില്‍ ക്രൂരമായി മര്‍ദിച്ചു. എസ്‌ഐ സാബു രാജ്കുമാറിന്റെ കണ്ണില്‍ മുളകുതേച്ചുവെന്നും ശാലിനി പറഞ്ഞു. 

തട്ടിപ്പുകേസില്‍ പിടിയിലായപ്പോള്‍ രാജ്കുമാറിനെ മര്‍ദിച്ചിരുന്നു. സാധാരണ ഒരു തട്ടിപ്പുകേസ് പ്രതിയെ പിടിക്കുമ്പോളുണ്ടാകുന്ന മര്‍ദനം മാത്രമാണ് ഉണ്ടായിട്ടുള്ളൂ. അല്ലാതെ മരണത്തിലേക്ക് നയിക്കുന്ന തരത്തിലുള്ള ഉപദ്രവമൊന്നും നാട്ടുകാര്‍ ചെയ്തിട്ടില്ല. പൊലീസുകാരാണ് രാജ്കുമാറിനെ അതിക്രൂരമായി തല്ലിച്ചതച്ചത്. എസ്‌ഐ സാബു, വെളുത്ത കഷണ്ടിക്കാരനായ പൊലീസുകാരന്‍ തുടങ്ങിയവരാണ് മര്‍ദനത്തിന് നേതൃത്വം നല്‍കിയത്. 

ഇടപാടുകാരില്‍ നിന്നും പിരിച്ചെടുത്ത പണം നല്‍കാനാണെങ്കില്‍ തനിക്ക് 24 മണിക്കൂര്‍ സമയം തരണമെന്ന് രാജ്കുമാര്‍ പൊലീസുകാരോട് കൈകൂപ്പി അപേക്ഷിച്ചു. അതല്ല വായ്പ അനുവദിക്കാനാണെങ്കില്‍ രണ്ടു ദിവസത്തെ സാവകാശം തരാനും രാജ്കുമാര്‍ കരഞ്ഞുപറഞ്ഞുവെന്ന് ശാലിനി പറയുന്നു. എന്നാല്‍ പൊലീസുകാര്‍ മര്‍ദനം തുടരുകയായിരുന്നു. ഒമ്പതോളം പൊലീസുകാരാണ് മര്‍ദിച്ചത്. വരുന്നവരും പോകുന്നവരുമെല്ലാം മര്‍ദിക്കുകയായിരുന്നു. ജോലിക്കെത്തിയ ഒരു പൊലീസുകാരന്‍ യൂണിഫോം പോലും ധരിക്കാതെ മര്‍ദിച്ചു. മൃഗത്തെ വേട്ടപ്പട്ടി ആക്രമിക്കുന്നതുപോലെയാണ് പൊലീസുകാര്‍ ഉപദ്രവിച്ചതെന്നും ശാലിനി പറഞ്ഞു. 

ഷെരീഫ് എന്ന പൊലീസുകാരന്‍ രാജ്കുമാറിന്റെ കയ്യില്‍ നിന്ന് 5000 രൂപ വാങ്ങിച്ചുവെന്ന് ശാലിനി പറഞ്ഞു. ഷുക്കൂര്‍ എന്ന പൊലീസുകാരന്‍ രാജ്കുമാറിന് സഹായം വാഗ്ദാനം ചെയ്തു. എസ്‌ഐയും കൈക്കൂലി ചോദിച്ചിരുന്നു. അത് നല്‍കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് തങ്ങളെ കസ്റ്റഡിയില്‍ എടുത്തത്. എസ്‌ഐ സാബു മുമ്പ് 50,000 രൂപ കൈക്കൂലി ചോദിച്ചിരുന്നു. എന്നാല്‍ അന്ന് അത് നല്‍കാന്‍ സാധിച്ചിരുന്നില്ല. തന്റെ ബാഗില്‍ നിന്നും പൊലീസുകാര്‍ രണ്ടുലക്ഷത്തി മുപ്പതിനായിരം രൂപ പിടിച്ചുവാങ്ങി. പൊലീസുകാരായ നിയാസും മറ്റൊരാളും മോശമായ രീതിയില്‍ സംസാരിച്ചുവെന്നും ശാലിനി പറഞ്ഞു.

വായ്പയുമായി ബന്ധപ്പെട്ടാണ് രാജ്കുമാറിനെ പരിചയപ്പെടുന്നതെന്നും ശാലിനി പറഞ്ഞു. അപ്പോഴാണ് തങ്ങള്‍ നടത്തുന്ന ചിട്ടി സ്ഥാപനത്തില്‍ ജോലി ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. ഇതിന് വേണ്ടി ഓടി നടന്നത് പരിഗണിച്ച്, തന്നെ ചുമതല ഏല്‍പ്പിക്കുകയായിരുന്നു. കോടികളുടെ പണമിടപാടൊന്നും നടന്നിട്ടില്ല. 15 ലക്ഷം രൂപയാണ് ഇടപാടുകാരില്‍ നിന്നും പിരിച്ചത്. രാജ്കുമാര്‍ കൂടുതല്‍ പണം പിരിച്ചിട്ടുണ്ടോയെന്ന് അറിയില്ല. പിരിച്ച പണമെല്ലാം മലപ്പുറത്തേക്ക് അയക്കുന്നുവെന്നാണ് അറിയിച്ചത്. മലപ്പുറത്തുള്ള ഇടനിലക്കാരന്‍ നാസര്‍ എന്നയാളെ നേരിട്ട് അറിയില്ല. നാസറാണ് പണം മുടക്കുന്നതെന്ന് രാജ്കുമാര്‍ പറഞ്ഞിരുന്നതായും ശാലിനി വെളിപ്പെടുത്തി. താൻ ഇപ്പോൾ അപകടഭീതിയിലാണ്. തന്നെ അപായപ്പെടുത്തുമോയെന്ന് ഭയമുണ്ടെന്നും ശാലിനി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com