എട്ടുമണിക്കൂര്‍ ചോദ്യം ചെയ്തു; രാജ്കുമാറിന്റെ കസ്റ്റഡി കൊലപാതകത്തില്‍ രണ്ട് പൊലീസുകാര്‍ കൂടി അറസ്റ്റില്‍

ഡ്രൈവര്‍ നിയാസ്, എഎസ്‌ഐ റെജിമോന്‍ എന്നിവരാണ് അറസ്റ്റിലായത്
എട്ടുമണിക്കൂര്‍ ചോദ്യം ചെയ്തു; രാജ്കുമാറിന്റെ കസ്റ്റഡി കൊലപാതകത്തില്‍ രണ്ട് പൊലീസുകാര്‍ കൂടി അറസ്റ്റില്‍

തൊടുപുഴ: രാജ്കുമാറിന്റെ കസ്റ്റഡി കൊലപാതകക്കേസില്‍ പ്രതികളായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി. ഡ്രൈവര്‍ നിയാസ്, എഎസ്‌ഐ റെജിമോന്‍ എന്നിവരാണ് അറസ്റ്റിലായത്. എട്ട് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇരുവരും രാജ്കുമാറിനെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു.

നിയാസ്, എഎസ്‌ഐ റെജിമോന്‍ എന്നിവര്‍ നേരത്തേ ഒളിവില്‍ പോയിരുന്നു. ആരോപണവിധേയനായ ഇടുക്കി എസ്പി കെ.ബി.വേണുഗോപാലിനെ സ്ഥലം മാറ്റിയിട്ടുണ്ട്. ഭീകരവിരുദ്ധ സ്‌ക്വാഡ് എസ്പിയായാണ് സ്ഥലം മാറ്റം. പകരം മലപ്പുറം എസ്പിയായ ടി.നാരായണനെ ഇടുക്കി എസ്പിയായി നിയമിച്ചു.

കൊലപാതകത്തില്‍ നെടുങ്കണ്ടം എസ്‌ഐ കെ.എ.സാബു, സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സജീവ് ആന്റണി എന്നിവരാണ് ഇതുവരെ റിമാന്‍ഡിലായത്. രാജ്കുമാറിന്റെ കസ്റ്റഡി കൊലപാതകത്തില്‍ ഗുരുതരമായ വീഴ്ചയുണ്ടായി എന്ന െ്രെകംബ്രാഞ്ചിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് ഇടുക്കി എസ്പി കെ.ബി.വേണുഗോപാലിനെ ഭീകരവിരുദ്ധ സേനയിലേക്ക് സ്ഥലം മാറ്റിയത്. എന്നാല്‍ വേണുഗോപാലിനെതിരെ കൊലക്കുറ്റം ചുമത്തണമെന്നും വകുപ്പ് തല നടപടി വേണമെന്നുമാണ് സിപിഐയുടെ നിലപാട്. സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമന്‍ ഇതു സംബന്ധിച്ച് ഇന്നലെ അതൃപ്തി തുറന്നു പ്രകടിപ്പിച്ചിരുന്നു.

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ എസ്പിയുടെ ഇടപെടല്‍ ഉണ്ടായെന്നും എസ്പി എല്ലാ സംഭവങ്ങളും അറിഞ്ഞിരുന്നതായും െ്രെകംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ മന്ത്രിസഭാ യോഗത്തിലാണ് ജുഡീഷ്യല്‍ അന്വേഷണം സംബന്ധിച്ച തീരുമാനമായത്. അന്വേഷണത്തിനായി സിറ്റിങ് ജഡ്ജിയെ വിട്ടുനല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കസ്റ്റഡി കൊലപാതകവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഏറെ പ്രതിരോധത്തിലായ സാഹചര്യത്തിലാണ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com