തിരുവനന്തപുരത്തും കൊല്ലത്തും പുഴുവരിച്ച നിലയിൽ പഴകിയ മത്സ്യങ്ങൾ പിടിച്ചെടുത്തു; സംഘർഷം 

പാളയം കണ്ണിമാറ മാർക്കറ്റിൽ നിന്നും കൊല്ലം കരുനാ​ഗപ്പള്ളി, പുതിയകാവ് എന്നിവിടങ്ങളിൽ നിന്നും പുഴുവരിച്ചതടക്കമുള്ള പഴകിയ മത്സ്യം പിടിച്ചെടുത്തു
തിരുവനന്തപുരത്തും കൊല്ലത്തും പുഴുവരിച്ച നിലയിൽ പഴകിയ മത്സ്യങ്ങൾ പിടിച്ചെടുത്തു; സംഘർഷം 

തിരുവനന്തപുരം: പാളയം കണ്ണിമാറ മാർക്കറ്റിൽ നിന്നും കൊല്ലം കരുനാ​ഗപ്പള്ളി, പുതിയകാവ് എന്നിവിടങ്ങളിൽ നിന്നും പുഴുവരിച്ചതടക്കമുള്ള പഴകിയ മത്സ്യം പിടിച്ചെടുത്തു. ഭക്ഷ്യ, ആരോഗ്യ, ഫിഷറീസ് വകുപ്പുകളുടെ സംയുക്ത പരിശോധനയിലാണ് ആഴ്ചകളോളം പഴക്കമുള്ള മത്സ്യം പിടികൂടിയത്.

കണ്ണിമാറ മാർക്കറ്റിൽ ഐസ് ബോക്സിൽ സൂക്ഷിച്ച രീതിയിലായിരുന്നു മീനുകൾ. പിടിച്ചെടുത്തതിൽ ഭൂരിഭാഗവും ചൂര മീനുകളാണ്. മീനുകൾ എത്തിക്കുന്ന ഇടനില കേന്ദ്രങ്ങളിലാണ് പരിശോധന നടത്തേണ്ടത് എന്ന ആവശ്യമായി വിൽപനക്കാർ രംഗത്തെത്തിയത് ഇവിടെ നേരിയ സംഘർഷത്തിനും ഇടയാക്കി. പരിശോധനയക്ക് എത്തിയ ഉദ്യോഗസ്ഥരെ മീൻ മാര്‍ക്കറ്റിലുള്ളവര്‍ തടഞ്ഞതോടെയാണ് വാക്കേറ്റവും സംഘര്‍ഷവുമായത്. 

അമോണിയ ഉപയോഗിച്ചതും പഴകിയതും പുഴുവരിച്ചതുമായ 70 കിലോയിലേറെ മീനാണ് പിടിച്ചെടുത്തത്. ചൂരയിലും നെയ്മീനിലുമായിരുന്നു ഏറ്റവുമധികം പ്രശ്നം. ഒരു മാസത്തിലേറെ പഴക്കമുളള മീനുകളായിരുന്നു ഇവയിൽ മിക്കതും.  മത്തി, നത്തോലി, അയല തുടങ്ങിയ മീനുകളിലൊന്നും കാര്യമായ കുഴപ്പങ്ങൾ കണ്ടെത്തിയില്ല. 

കൊല്ലത്ത് കരുനാ​ഗപ്പള്ളി കന്നേറ്റി പാലത്തിന് സമീപം പ്രവർത്തിക്കുന്ന കടയിൽ നിന്നാണ് പുഴുവരിച്ച മത്സ്യം പിടിച്ചെടുത്തത്. ഇവിടെ നിന്ന് ചൂരയാണ് പിടിച്ചത്. പുതിയകാവിൽ നിന്ന് കരിമീനാണ് പിടിച്ചെടുത്തത്. സാംപിളുകൾ കൂടുൽ രാസ പരിശോധനയ്ക്കായി അയച്ചു. 

അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിക്കുന്ന മീനുകളിലാണ് കൂടുതൽ പ്രശ്നം കണ്ടെത്തിയത്. ട്രോളിങ് നിരോധനത്തെ തുടർന്ന് മീൻ ലഭ്യത കുറയുകയും വില കൂടുകയും ചെയ്തതോടെയാണ് വിപണിയിൽ പഴകിയ മീൻ വ്യാപകമായതെന്ന് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com